
അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി എത്ര വേണമെങ്കിലും പ്രയത്നിക്കാന്‍ തയ്യാറുള്ള നടനാണ് നവാസുദ്ദീന്‍ സിദ്ദിഖി. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിലെ നിരവധി വേഷങ്ങളിലൂടെ അദ്ദേഹം നമ്മെ ഞെട്ടിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അഭിനയജീവിതത്തില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഒരു വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് അദ്ദേഹം. നവാഗതനായ അക്ഷത് അജയ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ഹഡ്ഡി എന്ന ചിത്രത്തിലാണ് നവാസുദ്ദീന്‍റെ ഇതുവരെ കാണാത്ത തരത്തിലുള്ള മേക്കോവര്‍ ഉള്ളത്.
ഒരു സ്ത്രീയുടെ ലുക്കിലാണ് നവാസുദ്ദീന്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. നവാസുദ്ദീന്‍ ആണെന്ന് അദ്ദേഹത്തിന്‍റെ കടുത്ത ആരാധകര്‍ക്കു പോലും തിരിച്ചറിയാനാവാത്ത തരത്തിലുള്ളതാണ് മേക്കോവര്‍. റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഹഡ്ഡി. മോഷന്‍ പോസ്റ്റര്‍ പുറത്തെത്തിയപ്പോള്‍ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും തനിക്കുള്ള പ്രതീക്ഷകളും നവാസുദ്ദീന്‍ പങ്കുവച്ചിരുന്നു- വ്യത്യസ്തവും രസകരവുമായ നിരവധി കഥാപാത്രങ്ങളെ ഞാന്‍ ഇന്നോളം അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഇത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ആയിരിക്കും ഞാന്‍ ഈ ചിത്രത്തില്‍ എത്തുക. ഒരു അഭിനേതാവ് എന്ന നിലയില്‍ സ്വന്തം പരിധികളെ ലംഘിക്കാന്‍ ഇത് എന്നെ സഹായിക്കും, നവാസുദ്ദീന്‍ പറഞ്ഞിരുന്നു.
സംവിധായകനൊപ്പം അദമ്യ ബല്ലയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബോളിവുഡില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി ഏറെ നാളത്തെ പ്രവര്‍ത്തന പരിചയമുള്ളയാളാണ് അക്ഷത് അജയ് ശര്‍മ്മ. സേക്രഡ് ഗെയിംസ് വെബ് സിരീസിന്‍റെയും എകെ VS എകെ എന്ന ചിത്രത്തിന്‍റെയും സെക്കന്‍ഡ് യൂണിറ്റ് ഡയറക്ടര്‍ ആയിരുന്നു അക്ഷത്. സീ സ്റ്റുഡിയോസ്, ആനന്ദിത സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. 2023 ല്‍ തിയറ്ററുകളില്‍ എത്തും.
ALSO READ : എങ്ങനെയുണ്ട് 'ലൈഗര്‍'? ആദ്യ പ്രതികരണങ്ങള്‍