'തെളിവുകൾ നശിപ്പിക്കുന്നതിനടക്കം സാധ്യത', ആര്യൻ ഖാന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എൻസിബി

By Web TeamFirst Published Oct 26, 2021, 3:45 PM IST
Highlights

ആര്യൻ ഖാൻ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുന്നതിന് അടക്കം സാധ്യതയുണ്ടെന്ന് എൻസിബി.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യൻ ഖാന്റെ (Aryan Khan) ജാമ്യാപേക്ഷയെ എതിര്‍ത്ത് എൻസിബി. മുംബൈ ഹൈക്കോടതിയില്‍ ആണ് ആര്യൻ ഖാൻ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മുംബൈയിലെ പ്രത്യക എൻഡിപിഎസ് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ആര്യൻഖാൻ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുന്നതിന് അടക്കം സാധ്യതയുണ്ട് എന്നാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് എൻസിബി ഹൈക്കോടതിയില്‍ വാദിച്ചത്.

ആര്യൻ ഖാൻ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുന്നതിന് അടക്കം സാധ്യതയുണ്ട്. സാക്ഷിയെ ഷാറൂഖിന്റെ  മാനേജർ സ്വാധീനിച്ചു.  കേസ് അന്വേഷണത്തിൽ രാജ്യാന്തര ലഹരിമാഫിയയുമായുള്ള ബന്ധം വരെ തെളിഞ്ഞുവെന്നും എൻസിബി വാദിച്ചു. മയക്കുമരുന്ന് കേസില്‍ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ആര്യൻ ഖാൻ ഹൈക്കോടതിയില്‍ സത്യവാങ്‍മൂലം നല്‍കിയിരുന്നു.

എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചിരുന്നു.

 ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി ഷാരൂഖിന്‍റെ മാനേജറെ അറസ്റ്റിന് പിറ്റേന്ന് കണ്ടു. കിരൺ  ഗോസാവിയെന്ന മറ്റൊരു  സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻ ഖാനെ കൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്തുവിട്ടു. കിരൺ ഗോസാവിയെന്ന ആര്യൻഖാൻ കേസിൽ എൻസിബി സാക്ഷിയാക്കിയ ആളുടെ അംഗരക്ഷകനാണ് വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ലെന്നും എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രഭാകർ സെയ്‍ലിന്‍റെ വെളിപ്പെടുത്തൽ.  അറസ്റ്റിന് പിറ്റേന്ന് പുലർച്ചെ തന്നെ കിരൺ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജറെ കാണാൻ പോയി. പോവുന്നതിനിടയ്ക്ക് കാറിൽ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാൻ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് പ്രഭാകർ പറയുന്നു. 25 കോടി ചോദിക്കാം. 18 കിട്ടും. അതിൽ 8 സമീർ വാങ്കഡെയ്ക്ക് നൽകാം ഇതായിരുന്നു വാക്കുകൾ. പിന്നീടൊരു ദിവസം സാം ഡിസൂസയ്ക്ക് ഗോസാവി തന്ന 38 ലക്ഷം കൊടുത്തുവെന്നും പ്രഭാകർ വെളിപ്പെടുത്തിയിരുന്നു. 
 

click me!