'ഈ സസ്പെന്‍സ് പൊളിക്കാതിരിക്കാന്‍ ഞാന്‍ ഏറെ കഷ്ടപ്പെട്ടു'; ഇനി അത് പറയാമെന്ന് നീരജ് മാധവ്

By Web TeamFirst Published Sep 17, 2022, 7:48 AM IST
Highlights

രണ്ട് ഭാഗങ്ങളായി പ്ലാന്‍ ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്

നടന്‍, നര്‍ത്തകന്‍, ഗായകന്‍ എന്നിങ്ങനെ പല മേഖലകളിലായി ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ കലാകാരനാണ് നീരജ മാധവ്. കൊവിഡ് കാലത്ത് നീരജ് പുറത്തിറക്കിയ മ്യൂസിക് വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ഒരു വലിയ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നീരജ്. എ ആര്‍ റഹ്‍മാനുവേണ്ടി ഒരു ഗാനം എഴുതി ആലപിക്കാന്‍ അവസരം ലഭിച്ചു ഈയിടെ നീരജിന്.

ചിലമ്പരശനെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച വെന്തു തനിന്തതു കാട് എന്ന ചിത്രം നീരജിനെ സംബന്ധിച്ച് രണ്ട് തരത്തില്‍ പ്രത്യേകതയുള്ളതാണ്. ഒരു നടന്‍ എന്ന നിലയില്‍ മലയാളികളുടെ പ്രിയ താരത്തിന്‍റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റമാണ് അത്. ഒപ്പം എ ആര്‍ റഹ്‍മാന്‍റെ സംഗീതത്തില്‍ ഒരു റാപ്പ് സോംഗിന് വരികള്‍ എഴുതി, ആലപിക്കാനും കഴിഞ്ഞു. തന്‍റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഇതെന്ന് നീരജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. റഹ്‍മാനും ഗൌതം മേനോനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് നീരജിന്‍റെ കുറിപ്പ്.

ALSO READ : 'അതിമനോഹരം, വ്യത്യസ്‍തം'; 'കിംഗ് ഫിഷ്' കണ്ട മോഹന്‍ലാല്‍ പറയുന്നു

"അതെ, എ ആര്‍ റഹ്‍മാനു വേണ്ടി ഞാന്‍ ഒരു ഗാനം വരികള്‍ എഴുതി, പാടിയിരിക്കുന്നു!!! സ്വപ്‍നങ്ങള്‍ക്കായി പരിശ്രമിക്കുക, അപ്പോഴത് യാഥാര്‍ഥ്യമാവും. ഇത് ആരോടും പറയാതിരിക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി. വെന്തു തനിന്തതു കാട് ഇതിനകം കണ്ടവര്‍ക്ക് ഇത് മനസിലായിട്ടുണ്ടാവും. ഇപ്പോള്‍ എനിക്കിത് ലോകത്തോട് വിളിച്ചുപറയാനാവും. ഈ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് വേദിയില്‍ എ ആര്‍ റഹ്‍മാനുവേണ്ടി ചില വരികള്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ ആലപിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിന്‍റെ സ്റ്റുഡിയോയില്‍ ഇരുന്ന് ഈ ട്രാക്ക് ഉണ്ടാക്കിയത് തൊട്ടുപിന്നാലെയാണ്. ശരിക്കുമൊരു ഫാന്‍ബോയ് നിമിഷമായിപ്പോയി അത്. വെന്തു തനിന്തതു കാട് ഇപ്പോള്‍ തിയറ്ററുകളില്‍ ഉണ്ട്. ഒരു നടന്‍, റാപ്പര്‍ എന്നീ നിലകളില്‍ എന്‍റെ തമിഴ് സിനിമാ അരങ്ങേറ്റം", നീരജ് മാധവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

തമിഴില്‍ മികച്ച റൊമാന്‍റിക് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഗൌതം മേനോന്‍ ആ ട്രാക്ക് മാറ്റി ഒരുക്കിയിട്ടുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് വെന്തു തനിന്തതു കാട്. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടുന്നുണ്ട്. ചിമ്പു നായകനായ ചിത്രത്തില്‍ നീരജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ശ്രീധരന്‍ എന്നാണ്. ഭാരതിയാറുടെ 'അഗ്നികുഞ്ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി പ്ലാന്‍ ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ദ് കിന്‍ഡ്‍ലിംഗ് എന്നാണ് ആദ്യ ഭാഗത്തിന് പേരിട്ടിരിക്കുന്നത്. തമിഴ്, മലയാളം എഴുത്തുകാരന്‍ ജയമോഹന്‍റേതാണ് രചന. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, ആക്ഷന്‍ ഡയറക്ടര്‍ ലീ വിറ്റാക്കര്‍.

click me!