
ത്രില്ലറുകള്‍ ഒരുക്കാന്‍ ഏറ്റവും മിടുക്കുള്ള മലയാളം ഡയറക്ടര്‍ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം സിനിമാപ്രേമികളും പറയുന്ന മറുപടി ജീത്തു ജോസഫ് എന്നാവും. ഫിലിമോഗ്രഫിയില്‍ വിവിധ ഭാഷകളിലായി 20 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനിരിക്കുന്ന അദ്ദേഹത്തിന്‍റെ ഒരൊറ്റ ചിത്രം നേടിയ അഭൂതപൂര്‍വ്വമായ സ്വീകാര്യതയാണ് അതിന് കാരണം. ദൃശ്യം തന്നെ ആ ചിത്രം. ദൃശ്യം കൂട്ടുകെട്ട് ഇപ്പോഴിതാ വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്.
ചിത്രീകരണം കൊവിഡ് മൂലം തടസ്സപ്പെട്ട റാം പൂര്‍ത്തിയാക്കും മുന്‍പ് ജീത്തുവും മോഹന്‍ലാലും മറ്റൊരു ചിത്രത്തിനുവേണ്ടി ഒരുമിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇന്നാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. നേര് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചന ജീത്തുവിനൊപ്പം ശാന്തി മായാദേവിയും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ദൃശ്യം 2 ല്‍ അഭിഭാഷക വേഷത്തില്‍ ശ്രദ്ധിക്കപ്പെട്ട ആളാണ് ശാന്തി. അതേസമയം ചിത്രത്തിന്‍റെ ടൈറ്റിലിനോടൊപ്പം എത്തിയ മോഷന്‍ പോസ്റ്ററില്‍ നിന്ന് എന്ത് തരം ചിത്രമായിരിക്കും ഇതെന്ന ചര്‍ച്ച സിനിമാപ്രേമികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ചിത്രം ഒരു കോര്‍ട്ട് റൂം ഡ്രാമ ആയിരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ ശരിവെക്കാവുന്ന തരത്തിലാണ് പുറത്തെത്തിയ പോസ്റ്റര്‍. നീതിദേവതയുടെ പ്രതിമയും കോടതി മുറിയെന്ന സൂചന നല്‍കുന്ന മറ്റ് ചില ഘടകങ്ങളുമൊക്കെ പോസ്റ്ററിലുണ്ട്. അതേസമയം അതിലുള്ള ഒരു പുസ്തകമാണ് ഏറെ ശ്രദ്ധേയം. കാഴ്ച പരിമിതി ഉള്ളവര്‍ക്ക് ആശയവിനിമയത്തിനായുള്ള ബ്രെയില്‍ ലിപിയില്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് മോഷന്‍ പോസ്റ്ററില്‍ ഉള്ളത്. ഏതെങ്കിലും പ്രധാന കഥാപാത്രം, ഒരുപക്ഷേ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ലാല്‍ തന്നെ ചിത്രത്തില്‍ കാഴ്ചാപരിമിതിയുള്ള ആളായാവും എത്തുക എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍. മോഹന്‍ലാല്‍ ഏറ്റവുമൊടുവില്‍ അന്ധ കഥാപാത്രമായെത്തിയത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പത്തില്‍ ആയിരുന്നു. മികച്ച പ്രേക്ഷകപ്രീതി നേടിക്കൊടുത്ത പ്രകടനമായിരുന്നു ചിത്രത്തിലേത്. അതേസമയം ഇത് സംബന്ധിച്ച ഔദ്യോഗിക ഭാഷ്യങ്ങളൊന്നും എത്തിയിട്ടില്ല.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ സേതു ശിവാനന്ദന്‍.
ALSO READ : 3 ദിവസം, നേടിയത് റെക്കോര്‍ഡ് കളക്ഷന്‍! 'ജയിലര്‍' കണക്കുകള്‍ പുറത്തുവിട്ട് ഏരീസ് പ്ലെക്സ്