1500 കോടി ബജറ്റില്‍ നെറ്റ്ഫ്ളിക്സിന്‍റെ ത്രില്ലര്‍ വരുന്നു; 'ദി ഗ്രേ മാന്‍' സംവിധാനം റൂസോ സഹോദരന്മാര്‍

By Web TeamFirst Published Jul 17, 2020, 11:44 PM IST
Highlights

മാര്‍ക് ഗ്രിയാനെയുടെ 2009ല്‍ പുറത്തിറങ്ങിയ നോവലിനെ അധികരിച്ചുള്ളതാണ് സിനിമ. റ്യാന്‍ ഗോസ്ലിംഗും ക്രിസ് ഇവാന്‍സുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഇതുവരെ എത്തിയവയില്‍ ഏറ്റവും ചെലവേറിയ സിനിമ നിര്‍മ്മിക്കാനൊരുങ്ങി പ്രമുഖ ഒടിടി കമ്പനിയായ നെറ്റ്ഫ്ളിക്സ്. 'ദി ഗ്രേ മാന്‍' എന്നു പേരിട്ടിരിക്കുന്ന ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് റൂസോ സഹോദരന്മാരാണ് (ജോ റൂസോ, ആന്തണി റൂസോ). മാര്‍വെലിന്‍റെ 'ക്യാപ്റ്റന്‍ അമേരിക്ക', 'അവഞ്ചേഴ്‍സ്' എന്നീ ഫ്രാഞ്ചൈസികളിലെ ഈരണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത അതേ സംവിധായകര്‍. ആഗോള ബോക്സ് ഓഫീസ് ചരിത്രത്തില്‍ നിലവിലെ എക്കാലത്തെയും ഹിറ്റും ഇവര്‍ ചേര്‍ന്ന് സംവിധാനം ചെയ്‍ത 'അവഞ്ചേഴ്‍സ്: എന്‍ഡ്‍ഗെയിം' ആണ്. 200 മില്യണ്‍ ഡോളറിന് മുകളിലാണ് (1500 കോടിയോളം ഇന്ത്യന്‍ രൂപ) പുതിയ സിനിമയുടെ നിര്‍മ്മാണച്ചെലവായി കണക്കാക്കപ്പെട്ടിരിക്കുന്നത്. അന്തര്‍ദേശീയ എന്‍റര്‍ടെയ്‍ന്‍മെന്‍റ് വെബ്‍സൈറ്റായ ഡെഡ്‍ലൈന്‍ ആണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

മാര്‍ക് ഗ്രിയാനെയുടെ 2009ല്‍ പുറത്തിറങ്ങിയ നോവലിനെ അധികരിച്ചുള്ളതാണ് സിനിമ. ജോ റൂസോ, ക്രിസ്റ്റഫര്‍ മാര്‍കസ്, സ്റ്റീഫന്‍ മക്‍ഫീലി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. റൂസോ സഹോദരന്മാര്‍ ഒരുക്കിയ ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്‍സ് സിനിമകളുടെ തിരക്കഥയും ക്രിസ്റ്റഫറും സ്റ്റീഫനും ചേര്‍ന്നായിരുന്നു. മുന്‍പ് സിഐഎയില്‍ പ്രവര്‍ത്തിച്ചിരുന്നു, നിലവില്‍ പ്രൊഫഷണല്‍ കില്ലറായി പ്രവര്‍ത്തിക്കുന്ന കോര്‍ട്ട് ഗെന്‍ട്രി എന്ന കഥാപാത്രമാണ് നോവലിലും സിനിമയിലും 'ഗ്രേ മാന്‍'. 

റ്യാന്‍ ഗോസ്ലിംഗും ക്രിസ് ഇവാന്‍സുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്തര്‍ദേശീയ ലൊക്കേഷനുകളുള്ള ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ജനുവരിയില്‍ ലോസ് ഏഞ്ചലസില്‍ ആരംഭിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. വായനക്കാരില്‍ ചലനം സൃഷ്‍ടിച്ച പുസ്‍തക സിരീസ് ആയിരുന്നു ഗ്രേ മാന്‍. വിജയം കാണുന്നപക്ഷം സിനിമയ്ക്കും തുടര്‍ഭാഗങ്ങള്‍ ഉണ്ടായേക്കും. മുന്‍പ് ബ്രാഡ് പിറ്റ്, ജെയിംസ് ഗ്രേ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ന്യൂ റിജന്‍സി എന്ന ഹോളിവുഡ് നിര്‍മ്മാണക്കമ്പനി ആലോചിച്ച പ്രോജക്ട് ആയിരുന്നു ഗ്രേ മാന്‍. പക്ഷേ അത് നടക്കാതെപോയി. 

click me!