ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും, പുതിയ അന്വേഷണ സംഘം സമന്‍സ് അയച്ചു

By Web TeamFirst Published Nov 7, 2021, 5:27 PM IST
Highlights

കേസിൽ ജാമ്യ കിട്ടിയ ആര്യൻഖാൻ ഒക്ടോബര്‍ 30 നാണ് ജയിൽ മോചിതനായത്. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകൾ നൽകിയാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാനെ (Aryan Khan) വീണ്ടും ചോദ്യം ചെയ്യും. ദില്ലിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം ആര്യൻ ഖാന് സമൻസയച്ചു. കൂട്ടുപ്രതികളായ അബ്ബാസ് മെർച്ചന്‍റ്, അച്ചിത് കുമാർ എന്നിവരെയും എസ്‍ഐടി ചോദ്യംചെയ്യും. കേസിൽ ജാമ്യ കിട്ടിയ ആര്യൻ ഖാൻ ഒക്ടോബര്‍ 30 നാണ് ജയിൽ മോചിതനായത്. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകൾ നൽകിയാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 

അതേസമയം ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷികൂടി രംഗത്തെത്തി. കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പദ്ധതിയിട്ടതെന്നാണ് വിജയ് പഗാരെയുടെ വെളിപ്പെടുത്തല്‍. ആറുമാസമായി സുനിൽ പാട്ടീലിനൊപ്പം ജോലി ചെയ്യുകയാണ് വിജയ് പഗാരെ. ആര്യൻ അറസ്റ്റിലാവുന്നതിന് ദിവസങ്ങൾക്ക് മുൻപ് കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ മുംബൈയിൽ ഹോട്ടലിൽ തങ്ങിയാണ് പദ്ധതി തയ്യാറാക്കിയത്.

വലിയൊരു ഡീൽ നടക്കാൻ പോവുന്നെന്ന് മാത്രമാണ് തന്നോട് പറഞ്ഞിരുന്നത്. എൻസിബി ഓഫീസിലെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകരെ കാണുന്നത്. അന്വേഷിച്ചപ്പോഴാണ് കുടുങ്ങിയത് ആര്യൻ ഖാനാണെന്ന് മനസിലായത് . ആര്യന്‍റെ അഭിഭാഷകനെ വിവരെ അറിയിക്കാൻ ശ്രമിച്ചിരുന്നെന്നും വിജയ് പറഞ്ഞിരുന്നു. 25 കോടിയെക്കുറിച്ചും ഷാരൂഖിന്‍റെ മാനേജർ പൂജാ ദദ്‍ലാനിയെക്കുറിച്ചും ബനുശാലി പറയുന്നത് കേട്ടെന്നും പഗാരെ ഒരു മറാത്തി ചാനലിനോട് പറഞ്ഞു. ആര്യൻ ഖാൻ കേസിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന വാദവുമായി ബിജെപി നേതാവും രംഗത്ത് വന്നു. കിരൺഗോസാവിയെക്കൊണ്ട് പണം തട്ടാനുള്ള പദ്ധതി നടപ്പാക്കിയത് സുനിൽ പാട്ടീൽ ആണെന്നും ഇയാൾ ഉന്നത എൻസിപി നേതാക്കളുടെ അടുപ്പക്കാരനാണെന്നും മോഹിത് കാംമ്പോജ് ആരോപിച്ചു. 

click me!