
കോട്ടയം: സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച്. ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കായിരുന്നു മാർച്ച്. പൊൻകുന്നത്തെ പ്രവർത്തകർ നടത്തിയ മാർച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ തടഞ്ഞു. ഇതോടെ ഇരു വിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
കാഞ്ഞിരപള്ളി കുന്നുംഭാഗത്ത് റോഡിൽ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരണം നടത്തുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത്. പ്രതിക്ഷേധ മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എംകെ ഷമീർ, കെഎസ് യു ജില്ലാ സെക്രട്ടറി അടക്കം അടക്കമുള്ള നേതൃത്വം തടസപ്പെടുത്തിയതോടെ ഇവർ തമ്മിൽ ഉന്തും തള്ളുമായി. തുടർന്ന് പൊലീസ് ഇടപെട്ട് പ്രശ്നം നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സിനിമ താരം ജോജു ജോർജിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ ഷുട്ടിങ് സ്ഥലത്തെക്ക് മാർച്ച് നടത്തിയത്.
വൈറ്റില ഹൈവേ ഉപരോധത്തെ തുടർന്നുള്ള ജോജു ജോർജ്ജ് കോൺഗ്രസ്സ് തർക്കത്തിൽ സമവായ ശ്രമങ്ങളെല്ലാം പാളിയിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പടെ ജോജുവിനെതിരെ നിലപാട് ആവർത്തിച്ചതോടെ കൂടുതൽ സമരപരിപാടികളിലേക്ക് കടക്കാൻ എറണാകുളം ഡിസിസി തീരുമാനിക്കുകയും ചെയ്തു. .
പരസ്പര വിട്ടു വീഴ്ചയിൽ ഖേദം അറിയിച്ച് കേസിൽ നിന്ന് പിൻമാറുക എന്നതിനായിരുന്നു നീക്കം നടത്തിയത്. എറണാകുളത്തെ കോൺഗ്രസ് നേതാക്കളും ജോജു ജോർജ്ജിന്‍റെ സുഹൃത്തുക്കളും ഇക്കാര്യത്തിൽ ധാരണയായെങ്കിലും കെ സുധാകരൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ജോജുവിനെതിരെ വിമർശനം കടുപ്പിച്ചതാണ് തിരിച്ചടിയായത്.
സംഭവം പിന്നിട്ട് ഒരാഴ്ചയാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ നിന്നടക്കം അക്കൗണ്ടുകൾ താത്കാലികമായി റദ്ദാക്കി പരസ്യപ്രസ്താവനകൾ നിന്ന് വിട്ട് നിൽക്കുകയാണ് ജോജു. താരസംഘടനയായ അമ്മയുടെ ഭാരവാഹികളോ മുതിർന്ന താരങ്ങളോ ഇടപെടുമെന്ന സൂചന ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും അത്തരം നീക്കങ്ങളും നിലവിൽ ഇല്ല.
സിപിഎം ഗൂഡാലോചനയാണ് സമവായ നീക്കങ്ങൾക്ക് തിരിച്ചടിയായെന്ന ആരോപണം ആവർത്തിക്കുകയാണ് കോൺഗ്രസ്. ജോജുവിനെതിരെ കേസ് എടുക്കാത്തതിൽ മഹിള കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ സമരപരിപാടികൾക്ക് തുടക്കമിടും. ബുധനാഴ്ചയാണ് മരട് പൊലീസ് സ്റ്റേഷൻ മാർച്ച്. നാളെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ചക്രസ്തംഭന സമരത്തിന് ശേഷം തുടർന്നുള്ള നിയമനടപടികൾ ആലോചിക്കും. ഇതിനിടെയാണ് ജോജുവിനെതിരായ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ സമരവുമായി രംഗത്തെത്തിയത്. എന്നാൽ ജില്ലാ നേതാക്കളെത്തി ഇത് തടയുകയായിരുന്നു.
"
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ