
സതീഷ് പോള്‍ സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം എസെക്കിയേലിന്റെ ഷൂട്ടിംഗ് കോതമംഗലത്തും പരിസരപ്രദേശങ്ങളിലുമായി പൂര്‍ത്തിയായി. ഓൾ സ്മൈൽസ് ഡ്രീം മൂവീസ്, പൈ മൂവീസ് എന്നീ ബാനറുകൾക്ക് വേണ്ടി ഡോ. ടൈറ്റസ് പീറ്റർ, ജി കെ പൈ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സതീഷ് പോൾ ആണ് നിർവ്വഹിക്കുന്നത്.
ഫിംഗർപ്രിന്റ്, കാറ്റ് വിതച്ചവർ, ഗാർഡിയൻ തുടങ്ങിയ വ്യത്യസ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സതീഷ് പോൾ. സാധാരണയിൽ നിന്നും വ്യത്യസ്തമായി, യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു അന്വേഷണ ദൗത്യത്തിന്റെ കഥയാണ് എസെക്കിയേലിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നതെന്ന് സതീഷ് പോൾ പറയുന്നു. പീറ്റർ ടൈറ്റസ്, ചൈതന്യ ഹേമന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടാവും എസെക്കിയേലിന്റെ നിർമ്മാണമെന്ന് നിർമ്മാതാവ് ടൈറ്റസ് പീറ്റർ വെളിപ്പെടുത്തി. യുവത്വത്തിന്റെ കഥ പറയുന്ന എസെക്കിയേലിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുക വഴി ചലച്ചിത്ര മേഖലയിലേയ്ക്ക് കടന്നു വരുന്ന പുതുതലമുറക്ക് ആവേശവും ആത്മവിശ്വാസവും നൽകാനാവുമെന്ന് കരുതുന്നതായി ഡോ. ടൈറ്റസ് പീറ്റർ പറഞ്ഞു. പീറ്റർ ടൈറ്റസ്, ചൈതന്യ ഹേമന്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഡോ. രജിത്ത്കുമാർ, ഡോ. ശോഭ, സെവൻ രാജ്, ലത ദാസ്, തുടങ്ങിയവരോടൊപ്പം മറ്റ് താരങ്ങളും അണിനിരക്കുന്നു.
ക്യാമറ ആദർശ് പ്രമോദ്, എഡിറ്റിംഗ് വിജി അബ്രഹാം, വി എഫ് എക്സ്, ഡിസൈൻ അനൂപ് ശാന്തകുമാർ, പ്രൊഡക്ഷൻ ഡിസൈൻ സുശാന്ത്, ഗാനരചന ഡോ. ഉണ്ണികൃഷ്ണൻ വർമ്മ, ഡോ. ജിമ്മി ജെ തോമസ്, സാബു ജോസഫ്, സംഗീതം, പശ്ചാത്തല സംഗീതം ഡോ. വിമൽ കുമാർ കാളിപുറയത്ത്, പിആർഒ അയ്മനം സാജൻ.
ALSO READ : 'ഒരു സീരിയലിനു വേണ്ടി 200 സാരി വരെ വാങ്ങാറുണ്ട്'; കാരണം വ്യക്തമാക്കി ദേവി ചന്ദന