അതിന് പിന്നിലെ സാഹചര്യത്തെക്കുറിച്ച് നടി

ഒരു സീരിയലിനു വേണ്ടി 200 സാരി വരെ വാങ്ങാറുണ്ടെന്ന് നടിയും നർത്തകിയുമായ ദേവി ചന്ദന. മറ്റൊരു സീരിയലിനു വേണ്ടി ഈ സാരികൾ ഉപയോഗിക്കാറില്ലെന്നും അത്രത്തോളം വിലയുള്ള ചില സാരികൾ മാത്രം അത്യാവശ്യമെങ്കിൽ മാത്രം വീണ്ടും റിപീറ്റ് ചെയ്ത് ധരിച്ചിട്ടുണ്ടെന്നും ദേവി ചന്ദന പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

തന്റെ മാത്രം ആഗ്രഹപ്രകാരമാണ് ഇങ്ങനെ ചെയ്യുന്നതെന്നും പുതിയൊരു സീരിയലിൽ ജോയിൻ ചെയ്യുമ്പോൾ പുതിയ സാരികൾ വാങ്ങുന്നത് തന്റെ ഇഷ്ടപ്രകാരമാണെന്നും ദേവി ചന്ദന പറഞ്ഞു. ''അഞ്ച് വർഷം മുൻപ് ഞാൻ ഉടുത്ത സാരിയാണോ പുതിയ സീരിയലിൽ ഉപയോഗിക്കുന്നതെന്ന് അതിന്റെ അണിയറപ്രവർത്തകർക്ക് അറിയില്ലല്ലോ. ചില സീരിയലുകാർ ചില പാറ്റേൺസ് പറയും. പ്ലെയിൻ സാരിയിൽ കലംകാരി ബ്ലൗസ് വരുന്ന സാരികൾ വേണമെന്നാണ് ഒരു സീരിയലുകാർ നിർദേശിച്ചത്. കടയിൽ ചെന്നാൽ എത്ര കളർ പ്ലെയിൻ സാരി കിട്ടും? പരമാവധി 25 എണ്ണം. ഒരു 50 സീനിലേക്ക് സാരി ആവശ്യമായി വരും, റിപീറ്റ് ചെയ്യാനും പറ്റില്ല. ബാക്കി സാരിക്ക് ഞാൻ എവിടെ പോകും. അങ്ങനെ ചില കളറുകൾ ഡൈ ചെയ്ത് മേടിച്ചു. പിന്നെ ചേച്ചിയുടെ ഇഷ്ടം പോലെ മറ്റു സാരികൾ ഉപയോഗിച്ചോളാൻ സീരിയലുകാർ പറഞ്ഞു'', ദേവി ചന്ദന കൂട്ടിച്ചേർത്തു. സീരിയലുകളിലേക്കുള്ള സാരികളും ആക്സസറീയും മാത്രം വാങ്ങാൻ ഒരുപാട് പണം ചെലവാകാറുണ്ടെന്നും താരം പറഞ്ഞു.

സീരിയലുകളെ കുറ്റം പറയുന്നവർ തങ്ങളുടെ ചെലവുകൾക്കുള്ള പണം നൽകുമോ എന്നും ദേവി ചന്ദന ചോദിച്ചു. ''ഞാൻ ചെയ്തില്ലെങ്കിൽ മറ്റാരെങ്കിലും ആ സീരിയൽ ചെയ്യും. പിന്നെ ഞാനെന്തിന് ഒഴിവാക്കണം. അത് എങ്ങനെ നന്നാക്കാം എന്നാണ് ചിന്തിക്കേണ്ടത്'', ദേവി ചന്ദന കൂട്ടിച്ചേർത്തു.

പ്രശസ്ത സിനിമ-സീരിയല്‍ താരമാണ് ദേവി ചന്ദന. കോമഡി സ്‌കിറ്റുകളിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ദേവിയെ പോലെ ഭര്‍ത്താവ് കിഷോറും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.

ALSO READ : തെലുങ്കിലെ തിരക്കുള്ള താരമായി സംയുക്ത; ഇനി ബാലയ്യയ്‍ക്കൊപ്പം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം