
വിവാഹം നടത്തിയതിനെ കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ചും കുറിപ്പുമായി നടൻ നിര്‍മ്മല്‍ പാലഴി. ഒരു ലക്ഷ്യവും ഇല്ലാതെ നടക്കുന്ന ഒരുത്തനെ എന്ത് കണ്ടിട്ട് ആണ് തന്റെ പെണ്ണ് സ്നേഹിച്ചത് എന്നാണ് ആള്‍ക്കാര്‍ ചോദിച്ചത്. അടുത്ത് ബന്ധം ഉണ്ടെന്ന് അഭിനയിച്ച രണ്ട് മൂന്ന് പേർ, മോളെ മാറിക്കോ അതാ നിനക്ക് നല്ലത് എന്ന് പറഞ്ഞു. ഏട്ടൻ ചോദിച്ചു എന്താടാ പ്രശ്‍നം നീ വിളിച്ചാൽ അവൾ വരുമോ. ഞാൻ പ്രതീക്ഷിക്കാത്ത ചോദ്യം. വരുമായിരിക്കും എന്ന് പറഞ്ഞ തന്നോട് അവളെ വിളിച്ചിറക്കിക്കൊണ്ടുവരാനും ഏട്ടൻ പറഞ്ഞെന്ന് നിര്‍മ്മല്‍ പാലാഴി കുറിപ്പില്‍ വ്യക്തമാക്കുന്നു.
നിർമ്മൽ പാലാഴിയുടെ കുറിപ്പ്
ആ ചെക്കന്റെ കൂടെ ആ കുട്ടി എങ്ങനെ ജീവിക്കാൻ ?ഒരു പ്രോഗ്രാം ചെയ്താൽ 500 രൂപ. വൈകുന്നേരം ആയാൽ ഓനും സിൽബന്ധികളും ഗായത്രി ബാറിൽ (പൂട്ടി പോയി) ആണ്. അങ്ങനെ ഒരു ലക്ഷ്യവും ഇല്ലാതെ നടക്കുന്ന ഒരുത്തനെ എന്ത് കണ്ടിട്ട് ആണ് ഈ പെണ്ണ് സ്നേഹിച്ചത്. പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ ഹരീഷിനോട് പറഞ്ഞു: ‘ടാ എനിക്ക് തരൂല ന്നാ പറയുന്നത്’. ടാ സമാധാനപ്പെടു വഴിയുണ്ടാക്കാം എന്ന് അവൻ. ടീമിൽഅവനോടയിരുന്നു കാര്യങ്ങൾ മൊത്തം പറയാറ്.
അടുത്ത് ബന്ധം ഉണ്ടെന്ന് അഭിനയിച്ച രണ്ട് മൂന്ന് പേർ, മോളെ മാറിക്കോ അതാ നിനക്ക് നല്ലത് എന്ന് പറഞ്ഞു. പ്രശ്‍നം രൂക്ഷമായി നിൽക്കുന്ന രാത്രി ഞാൻ തകർന്ന് ഇരിക്കുമ്പോൾ അടുത്ത് സന്തോഷ് ഏട്ടനും ശേഖരേട്ടനും ഉണ്ട്. എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ലാതെ ഇരിക്കുകയാണ്. അങ്ങനെ വീട്ടിൽ പോയപ്പോൾ കൊലയിൽ ഏട്ടൻ ചോദിച്ചു 'എന്താടാ പ്രശ്‍നം? നീ വിളിച്ചാൽ അവൾ വരുമോ.
ഞാൻ പ്രതീക്ഷിക്കാത്ത ചോദ്യം. വരുമായിരിക്കുംഎന്ന് ഞാൻ. എന്നാൽ ഇങ്ങോട്ട് വിളിച്ച് പോരെടാ ബാക്കി ഉള്ളതെല്ലാം നമുക്ക് വരുമ്പോൾ നോക്കാം. അങ്ങനെ നട്ട പാതിരായ്ക്ക് വിളിച്ചു പറഞ്ഞു: സ്‍കൂൾ സർട്ടിഫിക്കറ്റുകൾ മാത്രം എടുത്ത് നാളെ ഇറങ്ങിക്കോ. സുദീപ് പോയി കൂട്ടി വന്നു. ബസ്സിൽ ആദ്യ ട്രിപ്പിൾ കയറിയ സന്തോഷേട്ടൻ ഇറങ്ങി എകരത്തിൽ കയറി, പടവ് തുടങ്ങിയ ശേഖരേട്ടൻ ഇറങ്ങി, ഹരീഷ് സന്ധ്യയുമായി എത്തി, മനോജ് ഏട്ടൻ വന്നു, കുട്ടേട്ടൻ (മാമന്റെ മോൻ), ഇത്രയും ആളുകൾ വീട്ടിൽ എത്തി. അവളെ രജിതയും സന്ധ്യയും കൂടെ സുദീപിന്റെ വീട്ടിൽനിന്ന് മാറ്റിച്ചു.
ഏട്ടൻ താലി വാങ്ങാൻ ഉള്ള പൈസ ഫ്രണ്ട്സിന്റെ കയ്യിൽ ഏൽപ്പിച്ചു ( ന്റെ കയ്യിലെ കാര്യം അറിയാലോ). മുട്ടായി തെരുവിൽ രണ്ടാം ഗെയിറ്റിന്റെ അടുത്തേക്ക് പോവുമ്പോൾ ഒരു അമ്പലം ഉണ്ട്, അവിടെ ഏട്ടനും സെൽവേട്ടനും സുനി ഏട്ടനും കുട്ടേട്ടനും എത്തി. പെണ്ണ് സാരിയോക്കെ ഉടുത്തിട്ട്, ഞാൻ ആണേൽ പഴയ നടൻ വിൻസെന്റ് ഇടുന്നപോലെ പൂക്കൾ ഉള്ള ഷർട്ടും ഇറുകിയ പാന്റും. അതു കണ്ടപ്പോൾ ഏട്ടന്റേന്ന് പുളിച്ചത് കേട്ടു പോയി. വേറെ വാങ്ങി വാടാ, അതിന്റെ പൈസയും ഏട്ടൻ തന്നു. അങ്ങനെ ഒരു വെള്ള ഷർട്ടും മുണ്ടും വാങ്ങി ഏട്ടന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി അങ്ങോട്ട് കെട്ടി.
കെട്ടി കഴിഞ്ഞ് സലീഷ് ഏട്ടനെ വിളിച്ചു പറഞ്ഞു സലീഷ് ഏട്ടാ കല്യാണം കഴിഞ്ഞു ട്ടോ സലീഷ് എട്ടനിലൂടെ എല്ലാരും അറിഞ്ഞു. ഫോട്ടോയിലെ ഞങ്ങളുടെ മുഖം കണ്ടാൽ മനസിലാവും അടുത്ത നിമിഷം ഒരു യുദ്ധം പൊട്ടും എന്നത്. വിവാഹ വാർഷികം ആണ് എന്നറിഞ്ഞപ്പോൾ പ്രിയപ്പെട്ട ബൽരാജ് ഡോക്ടർ ഒരു സർപ്രൈസ് ആയി വന്നു ഞങ്ങളുടെ പേര് എഴുതിയ മനോഹരമായൊരു കേക്ക്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ