അശ്ലീല വീഡിയോക്കെതിരെ പ്രതികരിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്; വിമര്‍‌ശനവുമായി ഡബ്ല്യസിസി

By Web TeamFirst Published Sep 27, 2020, 9:57 PM IST
Highlights

'കുറ്റവാളികൾക്കെതിരെയാണ് ശക്തമായ നിയമ നടപടി ഉണ്ടാകേണ്ടത്. അല്ലാതെ കുറ്റത്തെ പ്രതിരോധിക്കാൻ ശ്രമിച്ചവർക്ക് എതിരെയല്ല'

കൊച്ചി: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി യൂട്യൂബില്‍ വീഡിയോ പ്രചരിപ്പിച്ചിരുന്ന ഡോ. വിജയ് പി നായര്‍ എന്നയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി ഡബ്ല്യുസിസി. കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ പ്രതികരണങ്ങളെയും ഒരേ തട്ടിൽ വച്ച് അളക്കാൻ ശ്രമിക്കുന്നത് നീതിയല്ല. നീതിരഹിത്യമാണ്. 

 യു ട്യൂബിൽ അശ്ലീല വീഡിയോ നിർമ്മിച്ച വ്യക്തിക്കെതിരെ ജാമ്യം കിട്ടാവുന്ന  ദുർബലമായ വകുപ്പുകൾ ചുമത്തുമ്പോൾ അതിനെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിക്കും  ദിയാ സനക്കും  ശ്രീലക്ഷ്മിക്കും എതിരെ   ജാമ്യം കിട്ടാത്ത വകുപ്പ് ചാർത്തി കേസെടുക്കുന്ന നയം നമുക്ക് സ്വീകാര്യമല്ലെന്ന് ഡബ്ല്യു സിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ദുർബലമായ സൈബർ നിയമങ്ങൾ നിലനിൽക്കുന്ന നാടാണ് നമ്മുടെത്.  ഇവിടെ സ്ത്രീകൾക്ക്  പൊതു ഇടത്ത് എന്ന പോലെ സൈബർ ഇടത്തിലും ലിംഗനീതി എന്നത് അസാധ്യമാണ്. വുമൺ ഇൻ സിനിമാ കലക്ടീവിലെ അംഗങ്ങൾ സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെട്ടപ്പോൾ ഞങ്ങളത്  അനുഭവിച്ചിട്ടുള്ളതുമാണ്‌. 

ഒന്നും സംഭവിച്ചിട്ടേയില്ല. ഒരു നീതിയും നടപ്പാക്കപ്പെട്ടില്ല.  സൈബർ കയ്യേറ്റക്കാർ തന്നെ ജയിക്കുന്ന ലോകമാണിത്.  ഭരണഘടന ഉറപ്പ് നൽകുന്ന ലിംഗസമത്വവും സാമൂഹ്യ ജീവിതത്തിൽ അസാധ്യമായിരിക്കുന്നത് തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിലെല്ലാം നിലകൊള്ളുന്നത് പുരുഷാധികാരവും അതിൻറെ പ്രത്യയശാസ്ത്രങ്ങളുമാണ് എന്നതിനാലാണ്. ഇതിനൊരു തിരുത്തുണ്ടാകാനും നയരൂപീകരണത്തിനും  സൈബർ വിദഗ്ദരുമായി ഡബ്ലു.സി.സി. നിരവധി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയുമാണ്. തൊഴിലിടത്തിലെ  ഐ.സി.സി. പോലെ പ്രധാനമാണ് പൊതു ഇടത്തെ സൈബർ നയവും. 

സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം അതുകൊണ്ട് തന്നെ വ്യക്തിപരമായി കാണാനാകില്ല . അത് എല്ലാ സ്ത്രീകൾക്കും എതിരായത് കൊണ്ട് തന്നെ  ഞങ്ങൾക്കെതിരെയുമാണ്. ബലാത്സംഗങ്ങൾക്ക് പ്രത്യയശാസ്ത്ര ന്യായീകരണം ചമയ്ക്കുന്ന സാമൂഹിക മാധ്യമങളിലെ യു-ട്യൂബ് സാഹിത്യം ആണധികാരത്തിൻ്റെ സാഹിത്യമാണ്. അതിനെതിരായ പോരാട്ടത്തിൽ അണിനിരക്കുന്ന എല്ലാ സ്ത്രീകൾക്കൊപ്പം ഡബ്ലു.സി.സി.യും പങ്കാളികളാകുന്നു. 

ഇവിടെ കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ പ്രതികരണങ്ങളെയും ഒരേ തട്ടിൽ വച്ച് അളക്കാൻ ശ്രമിക്കുന്നത് നീതിയല്ല. നീതിരഹിത്യമാണ്. അതു കൊണ്ട് തന്നെ  യു ട്യൂബിൽ അശ്ലീല വീഡിയോ നിർമ്മിച്ച വ്യക്തിക്കെതിരെ ജാമ്യം കിട്ടാവുന്ന  ദുർബലമായ വകുപ്പുകൾ ചുമത്തുമ്പോൾ അതിനെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിക്കും  ദിയാ സനക്കും  ശ്രീലക്ഷ്മിക്കും എതിരെ   ജാമ്യം കിട്ടാത്ത വകുപ്പ് ചാർത്തി കേസെടുക്കുന്ന നയം നമുക്ക് സ്വീകാര്യമല്ല. 

ഇക്കാര്യത്തിൽ വനിതാ കമ്മീഷനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും കൈക്കൊണ്ട നിലപാട് ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. കുറ്റവാളികൾക്കെതിരെയാണ് ശക്തമായ നിയമ നടപടി ഉണ്ടാകേണ്ടത് . അല്ലാതെ കുറ്റത്തെ പ്രതിരോധിക്കാൻ ശ്രമിച്ചവർക്ക് എതിരെയല്ല.
 

click me!