Latest Videos

മോഹന്‍ലാലിനെതിരെ കേസെന്ന വാര്‍ത്ത തെറ്റ്: മനുഷ്യാവകാശ കമ്മീഷന്‍

By Web TeamFirst Published Mar 25, 2020, 5:49 PM IST
Highlights

'സ്വാഭാവിക നടപടിക്രമം എന്ന നിലയിൽ പരാതിക്ക് നമ്പറിട്ടു. എന്നാൽ  പ്രസ്തുത പരാതി കമ്മീഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല'

ജനതാ കര്‍ഫ്യൂ ദിനത്തില്‍ കൊറോണ വൈറസ് പ്രതിരോധത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ നടന്‍ മോഹന്‍ലാലിനെതിരേ കേസ് എടുത്തുവെന്ന വാര്‍ത്ത തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കമ്മിഷന്‍ പിആര്‍ഒ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രസ്തുത വാര്‍ത്ത തെറ്റാണെന്ന് പറയുന്നത്.

'ചില ഓൺലൈൻ മാധ്യമങ്ങൾ നടൻ മോഹൻലാലിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതായി ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്‍റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു. സ്വാഭാവിക നടപടിക്രമം എന്ന നിലയിൽ പരാതിക്ക് നമ്പറിട്ടു. എന്നാൽ  പ്രസ്തുത പരാതി കമ്മീഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല', മനുഷ്യാവകാശ കമ്മിഷന്‍ പിആര്‍ഒയുടെ വാര്‍ത്താക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു.

ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകിട്ട് അഞ്ചിന് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ കയ്യടിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയെക്കുറിച്ചുള്ള മോഹന്‍ലാലിന്‍റെ വിലയിരുത്തല്‍ ചില കോണുകളില്‍ നിന്ന് വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. എല്ലാവരും ഒരുമിച്ച് കൈയ്യടിക്കുമ്പോഴുള്ള ശബ്ദം ഒരു മന്ത്രം പോലെയാണെന്നും അതില്‍ വൈറസ് നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു മോഹന്‍ലാലിന്‍റെ പരാമര്‍ശം.

click me!