
ദിലീപ് നായകനായെത്തുന്ന ചിത്രം ‘തങ്കമണി’യുടെ റിലീസിംഗിന് സ്റ്റേ ഇല്ല. ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഇടുക്കി തങ്കമണിയിൽ 1986 ല്‍ ഉണ്ടായ സംഭവം പ്രമേയമാക്കി എത്തുന്ന സിനിമയാണ് ഇത്. ചിത്രം നാളെ ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളിൽ റിലീസിനെത്തും.
തങ്കമണിയിൽ 38 വർഷങ്ങൾക്ക് മുമ്പ് നടന്നൊരു ബസ് തടയലും തുടർന്ന് നടന്ന പോലീസ് നരനായാട്ടും ആധാരമാക്കിയെത്തുന്ന ചിത്രത്തിലെ ബലാത്സംഗ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തങ്കമണി സ്വദേശിയായ വി ആർ ബിജുവാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. സിനിമയുടെ ടീസറിൽ കാണിച്ചിരിക്കുന്നതു പോലെ പൊലീസുകാർ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഹർജിയിലെ വാദം. പൊലീസിനെ പേടിച്ച് പുരുഷന്മാർ കൃഷിയിടങ്ങളിൽ ഒളിച്ചെന്നും തുടർന്ന് പൊലീസുകാർ സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നും സിനിമയിൽ കാണിക്കുന്നുണ്ടെന്നും ഇത് വാസ്തവവിരുദ്ധവും സംഭവത്തെ മോശം രീതിയിൽ ചിത്രീകരിക്കുന്നതുമാണ് എന്നും ബിജു ഹർജിയിൽ പറയുന്നു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറയുന്ന ഹർജിക്കാരൻ, ഇത്തരമൊരു കുറ്റകൃത്യമുണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും സാങ്കൽപ്പിക സൃഷ്ടിയാണെന്നും സൂചിപ്പിച്ചിരുന്നു.
സംസ്ഥാന ചരിത്രത്തിലെ തന്നെ തീരാനോവായി മാറിയ തങ്കമണി സംഭവത്തെ അടിസ്ഥാനമാക്കി ഒപ്പം ഫിക്ഷനും ചേർത്ത് ഒരുക്കിയ ചിത്രമാണ് തങ്കമണി. ഉടൽ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലേയും തമിഴിലേയും ഒരു വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്. അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റുകളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സിഎംഎസ് കോളേജ് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മാർക്കറ്റിംഗ്, ഡിസ്ട്രിബ്യൂഷൻ ഡ്രീം ബിഗ് ഫിലിംസ്.
ALSO READ : 'ഖുറേഷി അബ്രാം' സ്പോട്ടഡ്? സസ്‍പെന്‍സ് ഒളിപ്പിച്ച് മോഹന്‍ലാല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ