യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്
മലയാള സിനിമയില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമെന്ന് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായ, പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗം. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളില്‍ ചിത്രീകരണമുള്ള സിനിമയുടെ യുഎസ് ഷെഡ്യൂള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ച സൃഷ്ടിച്ചിരിക്കുകയാണ്.
എമ്പുരാനിലെ മോഹന്‍ലാല്‍ കഥാപാത്രമായ ഖുറേഷി അബ്രഹാമിന്‍റെ ഗെറ്റപ്പിലുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത് എന്ന തരത്തിലാണ് ആരാധകരുടെ പ്രതികരണം. പിന്തിരിഞ്ഞ് നടന്നുപോകുന്ന മട്ടിലുള്ള ചിത്രത്തില്‍ ഒരു ജാക്കറ്റും കാക്കി നിറത്തിലുള്ള പാന്‍റ്സും കാന്‍വാസ് ഷൂസുമാണ് മോഹന്‍ലാലിന്‍റെ വേഷം. ഇടത് കൈയില്‍ ഒരു ലെതര്‍ ബാഗുമുണ്ട്. പശ്ചാത്തലത്തിലെ സ്ക്രീനുകളില്‍ വിവിധതരം തോക്കുകളുടെ ചിത്രങ്ങളും കാണാം. എന്നാല്‍ ഒരു വാക്ക് പോലും ഒപ്പം കുറിക്കാതെയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.
യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. വലിയ മുതല്‍മുടക്കില്‍ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ്. നിരവധി വിദേശ താരങ്ങളും ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ALSO READ : ആരാധകരുടെ ആവശ്യം പരിഗണിച്ച് 'വാലിബന്‍' ടീം; കേള്‍ക്കാം ഇനി ഒറിജിനല്‍
