രണ്ട് മണിക്കൂര്‍ 43 മിനിറ്റ്; ദൈര്‍ഘ്യത്തില്‍ റെക്കോര്‍ഡ് ഇടാന്‍ പുതിയ ജെയിംസ് ബോണ്ട്

By Web TeamFirst Published Sep 10, 2021, 11:05 PM IST
Highlights

2015 ചിത്രം സ്പെക്റ്റര്‍ ആയിരുന്നു ഇതിനു മുന്‍പ് ഏറ്റവും ദൈര്‍ഘ്യമേറിയ ജെയിംസ് ബോണ്ട് ചിത്രം

ജെയിസ് ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള ചിത്രമാവാനൊരുങ്ങി 'നോ ടൈം റ്റു ഡൈ'. നിലവിലെ ബോണ്ട് ആയ ഡാനിയല്‍ ക്രെയ്‍ഗിന്‍റെ അവസാന ചിത്രം ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിലെ 25-ാം ചിത്രം കൂടിയാണ്. 163 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യമെന്ന് ഇന്‍ഡിവയര്‍ ആണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. മുന്‍പ് പല കാലങ്ങളിലായി പുറത്തിറങ്ങിയ ഏത് ബോണ്ട് ചിത്രത്തെക്കാളും കൂടിയ ദൈര്‍ഘ്യമാണ് ഇത്.

2015 ചിത്രം സ്പെക്റ്റര്‍ ആയിരുന്നു ഇതിനു മുന്‍പ് ഏറ്റവും ദൈര്‍ഘ്യമേറിയ ജെയിംസ് ബോണ്ട് ചിത്രം. 148 മിനിറ്റ് ആയിരുന്നു ചിത്രത്തിന്‍റെ ദൈര്‍ഘ്യം. 2006ല്‍ എത്തിയ 'കാസിനോ റോയല്‍' (144 മിനിറ്റ്), 2012 ചിത്രം സ്കൈഫാള്‍ (143 മിനിറ്റ്) എന്നിവയാണ് ദൈര്‍ഘ്യത്തിന്‍റെ കാര്യത്തില്‍ തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍.

കാരി ജോജി ഫുക്കുനാഗയാണ് സംവിധാനം. ക്രിസ്റ്റോഫ് വാള്‍ട്ട്‌സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കൊവിഡ് സാഹചര്യത്തില്‍ റിലീസ് ഒരു വര്‍ഷത്തിലേറെ വൈകിയ ചിത്രമാണിത്. 2020 ഏപ്രിലിലായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. 250 ബില്യണ്‍ ഡോളര്‍ നിര്‍മ്മാണച്ചെലവുള്ള ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് അനിശ്ചിതമായി നീളുന്നത് നിര്‍മ്മാതാക്കളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണെന്നും അതിനാല്‍ ഡയറക്റ്റ് ഒടിടി സാധ്യതകള്‍ പരിഗണിക്കുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ തന്നെയാണ് എത്തുക. സെപ്റ്റംബര്‍ 30 ആണ് പുതിയ റിലീസ് തീയതി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!