
1998 ൽ പുറത്തിറങ്ങിയ 'മംഗല്യപല്ലക്ക്' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് രാജശ്രീ. രാവണപ്രഭു, മേഘസന്ദേശം, ഗ്രാന്‍ഡ് മാസ്റ്റര്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം തുടങ്ങീ ചിത്രങ്ങളിലും രാജശ്രീയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേളയെടുത്ത രാജശ്രീ വീണ്ടും സജീവമാവുന്നുണ്ട്. പൃഥ്വിരാജ് നായകനായി എത്തി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത 'വിലായത്ത് ബുദ്ധ'യാണ് രാജശ്രീയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിയാതെ പോയതിലെ വിഷമം പങ്കുവെക്കുകയാണ് രാജശ്രീ.
"ലാലേട്ടനൊപ്പം ഒരുപാട് സിനിമകൾ അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂക്കയ്ക്കൊപ്പം ചെയ്യാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. സത്യത്തില്‍ മമ്മൂക്കക്കൊപ്പം സിനിമ ചെയ്യാനായി എനിക്ക് അവസരം ലഭിച്ചിരുന്നു. പക്ഷേ എന്റെ കല്ല്യണം ആ സമയത്തായതുകൊണ്ടും മറ്റു പല കാരണങ്ങള്‍ കൊണ്ടും എനിക്ക് ആ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. ഏതാണ് സിനിമ എന്ന് ഞാന്‍ പറയുന്നില്ല. കാരണം എന്നെ സംബന്ധിച്ച് വലിയൊരു നഷ്ടമാണത്. എല്ലാവരുടെയും ആഗ്രഹമാണ് മമ്മൂട്ടിയെപ്പോലെ ഒരു നടന്റെ കൂടെ അഭിനയിക്കണം എന്നത്. മമ്മൂക്കയുടെ അടുത്തിറങ്ങിയ ഭ്രമയുഗം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു പോയി." രാജശ്രീ പറയുന്നു.
"അത്തരത്തിലൊരു കഥാപാത്രം മമ്മൂക്കയില്‍ നിന്നും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത്രക്ക് അടിപൊളി ലുക്കും പൊര്‍ഫോമന്‍സുമായിരുന്നു ചിത്രത്തില്‍ മമ്മൂക്കയുടേത്. ഈയടുത്തകാലത്തിറങ്ങുന്ന മമ്മൂക്കയുടെ ചിത്രങ്ങളെല്ലാം വ്യത്യസ്തമാണ്. അത്രയധികം പരീക്ഷണങ്ങളാണ് ഓരോ ചിത്രത്തിലൂടെയും മമ്മൂക്ക നടത്തുന്നത്. വളരെ ബ്രില്ല്യന്റായ ഒരു അഭിനേതാവിന് മാത്രമേ ഇത്തരത്തിലുള്ള വ്യത്യസ്തമായ റോളുകള്‍ ചെയ്യാന്‍ സാധിക്കൂ." സ്പോട്ട് ലൈറ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രാജശ്രീയുടെ പ്രതികരണം.
അതേസമയം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് വിലായത്ത് ബുദ്ധയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നന്നത്. പ്രിയംവദ കൃഷ്‍ണയാണ് ചിത്രത്തിലെ നായിക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ