'സിനിമാ കൊട്ടക'യില്‍ തടി ബഞ്ചിലിരുന്ന് മാറ്റിനി കാണാന്‍ ആഗ്രഹമുണ്ടോ? വരൂ, 'സന്തോഷ് തിയറ്ററി'ലേക്ക്...

Published : Oct 11, 2022, 01:12 PM IST
'സിനിമാ കൊട്ടക'യില്‍ തടി ബഞ്ചിലിരുന്ന് മാറ്റിനി കാണാന്‍ ആഗ്രഹമുണ്ടോ? വരൂ, 'സന്തോഷ് തിയറ്ററി'ലേക്ക്...

Synopsis

തടി ബഞ്ചും ഇരുമ്പ് കസേരകളുമൊക്കെയാകും ഇരിപ്പിടങ്ങൾ. ഈ മാസം 25 മുതൽ 10 ദിവസങ്ങളിലായി പഴയ 10 സിനിമകൾ മാറ്റിനിയിലും ഫസ്റ്റ് ഷോയിലും പ്രദർശിപ്പിക്കും.

ചെങ്ങന്നൂർ: പത്തിരുപത് വര്‍ഷം മുമ്പ് മള്‍ട്ടിപ്ലെക്സ് തീയ്യറ്ററുകള്‍ നഗരം കീഴടക്കുന്നതിനും മുമ്പ് കേരളത്തിന്‍റെ ഗ്രാമങ്ങളില്‍ സജീവമായിരുന്നത് സിനിമാ കൊട്ടകകളാണ്. ഓല മേഞ്ഞ സിനിമാ കൊട്ടകളില്‍ തടി ബഞ്ചിലിരുന്ന് സിനിമ കണ്ട ആ പഴയകാലത്തിലേക്ക് തിരിച്ച് പോകാന്‍ നിങ്ങള്‍ വല്ലപ്പോഴുമെങ്കിലും ഒന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതിന് ഒരവരസം ഒരുങ്ങുന്നു. ചെങ്ങന്നൂർ മുണ്ടൻകാവിൽ 'സന്തോഷ് തിയറ്ററാ'ണ് നിങ്ങള്‍ക്കായി ആ അസുലഭ അവസരമൊരുക്കുന്നത്.  

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാംമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തിന് മുന്നോടിയായി നടക്കുന്ന 'ചെങ്ങന്നൂർ പെരുമ'യിലാണ് ഇതിനുള്ള സുവര്‍ണ്ണാവസരം ഒരുങ്ങുന്നത്. കേരള ചലച്ചിത്ര അക്കാദമിയും, ഫിലിം ഡവലപ്മെന്‍റ് കോർപറേഷനും ചേർന്നാണ് 'സിനിമാ കൊട്ടക' നടത്തുക. മുൻ സിനിമാ വകുപ്പ് മന്ത്രി കൂടിയായിരുന്ന സജി ചെറിയാൻ എംഎൽഎയുടെ ആശയമാണ് കൊട്ടകയ്ക്ക് പിന്നിൽ. മുണ്ടൻകാവിൽ പണ്ട് സന്തോഷ് തിയറ്റർ പ്രവർത്തിച്ചിരുന്ന അതേ സ്ഥലത്താണ് ഓലമേഞ്ഞ സിനിമാ കൊട്ടക നിർമിക്കുന്നത്. 

തടി ബഞ്ചും ഇരുമ്പ് കസേരകളുമൊക്കെയാകും ഇരിപ്പിടങ്ങൾ. ഈ മാസം 25 മുതൽ 10 ദിവസങ്ങളിലായി പഴയ 10 സിനിമകൾ മാറ്റിനിയിലും ഫസ്റ്റ് ഷോയിലും പ്രദർശിപ്പിക്കും. നാടൻ ചായക്കടയും മുറുക്കാൻ പീടികയും പുസ്തകക്കടയും പഴയ കാല സിനിമാ ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടാകും. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയുടെ നേതൃത്വത്തിൽ ചലച്ചിത്രമേള ഉൾപ്പെടെ വിവിധ പരിപാടികളുടെ ഡിസൈനറായ ഹൈലേഷും സംഘവും സിനിമാ കൊട്ടകയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. മുണ്ടൻകാവിലെ സന്തോഷ് തിയറ്റർ തൊണ്ണൂറുകളിലാണ് പ്രവർത്തനം അവസാനിപ്പിച്ചത്. പിന്നീട് സാഗരിക തിയറ്ററും ഇവിടെ കുറെക്കാലം പ്രവർത്തിച്ചിരുന്നു. വീണ്ടുമൊരു കൊട്ടക കാലം ആഗ്രഹിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും ആ പഴയ സിനിമാ കാഴ്ചകള്‍ കാണാനായെത്താം. 

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും