ഷൂട്ടിംഗ് തുടങ്ങാത്ത 'പവര്‍ സ്റ്റാറും' ടെലിഗ്രാമില്‍! പൈറസി എന്ന വെല്ലുവിളിയെക്കുറിച്ച് ഒമര്‍ ലുലു

By Web TeamFirst Published Feb 1, 2021, 12:45 PM IST
Highlights

പൈറസി എന്നത് മലയാള സിനിമയുടെ ഒടിടി ബിസിനസിന് അടക്കം ഭീഷണി സൃഷ്ടിക്കുകയാണെന്നും ഒമര്‍

പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ ടെലിഗ്രാം വഴി പ്രചരിക്കുന്നത് സിനിമാമേഖലയില്‍ സൃഷ്ടിക്കുന്ന വെല്ലുവിളിയെക്കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ഇനിയും ചിത്രീകരണം പോലും ആരംഭിക്കാത്ത തന്‍റെ പുതിയ ചിത്രം 'പവര്‍ സ്റ്റാറി'ന്‍റെ ലിങ്ക് പോലും ടെലിഗ്രാമില്‍ കാണുന്നുണ്ടെന്നും പൈറസി എന്നത് മലയാള സിനിമയുടെ ഒടിടി ബിസിനസിന് അടക്കം ഭീഷണി സൃഷ്ടിക്കുകയാണെന്നും ഒമര്‍ പറയുന്നു.

"ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവർസ്റ്റാർ ടെലിഗ്രാമിൽ! സംഭവം ഫേക് ആണെങ്കിലും ഇന്ന് സിനിമാ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ടെലിഗ്രാം പൈറസി. ഒടിടിക്കുവേണ്ടി ചിത്രീകരിച്ച മലയാള സിനിമകൾ പോലും ഒടിടി പ്ലാറ്റ്ഫോമുകള്‍ വാങ്ങുന്നില്ല. കാരണം മലയാളികൾ ഒടിടിയിൽ റിലീസ് കഴിഞ്ഞാൽ അപ്പോൾ തന്നെ ടെലിഗ്രാമിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത്‌ പൈറേറ്റഡ് കോപ്പി കാണുന്നത് മൂലം അവര്‍ക്ക് നഷ്ടമുണ്ടാവുന്നു.അതുകൊണ്ട് വർഷത്തിൽ പത്ത് മലയാള സിനിമ മതി എന്ന തീരുമാനത്തിൽ എത്തിരിക്കുന്നു പ്രമുഖ ഒടിടി കമ്പനികൾ. ചങ്ക്സ് സിനിമ ഇറങ്ങി മൂന്നാം നാൾ ടെലിഗ്രാമിലൂടെയാണ് തിയറ്റർ കോപ്പി വ്യാപകമായി പ്രചരിച്ചത്. അവരെ അറസ്റ്റ് ചെയ്തു. ഇപ്പോൾ കേസിന്‍റെ അവസാന ഘട്ടത്തിലാണ്. അത് ചെയ്‌ത യുവാക്കൾ കേസ് അവസാനിപ്പിക്കണം, അവരുടെ വിദേശ യാത്ര അടക്കം പലതും നഷ്ടപ്പെട്ടു എന്നും അന്നത്തെ എടുത്തുചാട്ടത്തിൽ സംഭവിച്ച തെറ്റാണ് എന്നെല്ലാം പറഞ്ഞു. പൈറസി നിയമത്തിനു ഫാസ്റ്റ് സെൽ വേണം. സാധാരണ കേസ് പോലെ ഒന്നല്ല പൈറസി കേസുകൾ. ടെലിഗ്രാമിൽ അപ്‍ലോഡ് ചെയ്‌തിട്ട് നിങ്ങൾക്ക്‌ ഒന്നും കിട്ടുന്നില്ലെനറിയാം. പിന്നെ എന്തിനാ ഈ പണിക്ക് നിൽക്കുന്നത്?", ഒമര്‍ ലുലു ചോദിക്കുന്നു.

ഏറെക്കാലത്തിനു ശേഷം പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രവുമാണ് ഇത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്. 

click me!