എണ്‍പതുകളുടെ തുടക്കത്തിലെ നായകന്‍, 'യവനിക'യില്‍ മമ്മൂട്ടിയേക്കാള്‍ പ്രതിഫലം

By Web TeamFirst Published Oct 11, 2021, 4:36 PM IST
Highlights

കാറ്റിനൊത്ത് സഞ്ചരിച്ച ഒരു പായ്‍വഞ്ചി പോലെയായിരുന്നു മലയാളസിനിമയില്‍ നെടുമുടി വേണുവെന്ന നടന്‍. ജൈവികമായ താളം ഭേദിക്കാന്‍ യഥാര്‍ഥ ജീവിതത്തില്‍ താല്‍പര്യമില്ലാതിരുന്നതുപോലെ സിനിമയിലും അദ്ദേഹം കാര്‍ക്കശ്യത്തോടെയുള്ള തെരഞ്ഞെടുപ്പുകളൊന്നും നടത്തിയില്ല. പക്ഷേ..

ക്യാമറയ്ക്കു പിന്നില്‍ സര്‍ഗാത്മകതയ്ക്ക് ഒരു പഞ്ഞവുമില്ലാതിരുന്ന ഒരു കാലത്ത് സിനിമയിലേക്ക് എത്തിയ നടനായിരുന്നു നെടുമുടി വേണു (Nedumudi Venu). അരവിന്ദന്‍, ഭരത് ഗോപി, പത്മരാജന്‍, ഫാസില്‍ തുടങ്ങി സൗഹൃദങ്ങളുടെ ഒരു തുടര്‍ച്ചയായിരുന്നു അദ്ദേഹത്തിന് സിനിമയെങ്കിലും വേണുവിലെ നടനെ മലയാളസിനിമ വളരെവേഗം തിരിച്ചറിഞ്ഞു. അരവിന്ദന്‍, ഭരതന്‍, ജോണ്‍ എബ്രഹാം എന്നീ സംവിധായകരുടേതായിരുന്നു അദ്ദേഹത്തിന്‍റെ കരിയറിലെ ആദ്യ നാല് ചിത്രങ്ങള്‍. തമ്പ്, ആരവം, തകര, ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. എണ്‍പതുകളുടെ ആരംഭത്തോടെ നടന്‍ എന്ന നിലയില്‍ നെടുമുടി വേണുവിന്‍റെ തിരക്കും ആരംഭിച്ചു.

 

സിനിമകളില്‍ ഒന്നിനൊന്ന് വൈവിധ്യമാര്‍ന്ന ലോകങ്ങള്‍ സൃഷ്‍ടിക്കുന്ന സംവിധായകരായിരുന്നു മലയാളത്തില്‍ അക്കാലത്ത് ഉണ്ടായിരുന്നത്. ഭരതനുവേണ്ടിയും, പിന്നീട് സ്വന്തം സംവിധാനത്തിലും പത്മരാജന്‍ സൃഷ്‍ടിച്ച 'മരുതും' (ആരവം) 'ചെല്ലപ്പനാശാരി'യും (തകര) 'പവിത്രനു'മൊക്കെ (കള്ളന്‍ പവിത്രന്‍) ഒരു ഭാഗത്ത്, കെ ജി ജോര്‍ജ്ജിന്‍റെ 'ശിഖണ്ഡി പിള്ള'യായും (പഞ്ചവടിപ്പാലം) 'അസിസ്റ്റന്‍റ് ഡയറക്ടറാ'യും (ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്) നാടക നടന്‍ 'ബാലഗോപാലനാ'യും (യവനിക) മറ്റൊരു ഭാഗത്ത്. ഒപ്പം മോഹനും ലെനിന്‍ രാജേന്ദ്രനും ഐ വി ശശിയും സത്യന്‍ അന്തിക്കാടും. മലയാളത്തിലെ സമാന്തര ധാരക്കാര്‍ക്കൊപ്പം അരങ്ങേറിയതിനാല്‍ നെടുമുടിയുടെ ആദ്യകാല നായകന്മാരും സാധാരണ നായക സങ്കല്‍പ്പങ്ങള്‍ക്കും ചട്ടക്കൂടുകള്‍ക്കും പുറത്തുനില്‍ക്കുന്നവരായിരുന്നു. പക്ഷേ അതില്‍ പലതിനും പ്രേക്ഷകര്‍ ഉണ്ടായതോടെ നെടുമുടി വേണു മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറാന്‍ തുടങ്ങി. 

 

എണ്‍പതുകളുടെ തുടക്കം നെടുമുടിയുടെ കരിയറില്‍ ഒരു കുതിപ്പ് കണ്ട കാലയളവാണ്. 1980ല്‍ ആറ് സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചതെങ്കില്‍ 1981ല്‍ 15 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. 1982ല്‍ 22 സിനിമകളിലും 1983ല്‍ 18 സിനിമകളിലും അദ്ദേഹം അഭിനയിച്ചു. എണ്ണത്തില്‍ മാത്രമല്ല, കാമ്പുള്ളവയായിരുന്നു അവയില്‍ ബഹുഭൂരിഭാഗവും എന്നതായിരുന്നു സവിശേഷത. ലെനിന്‍ രാജേന്ദ്രന്‍റെ വേനലും പത്മരാജന്‍റെ ഒരിടത്തൊരു ഫയല്‍വാനും മോഹന്‍റെ വിട പറയും മുന്‍പെയും ഫാസിലിന്‍റെ ധന്യയും ഭരതന്‍റെ പാളങ്ങളുമൊക്കെയായി കാമ്പും വൈവിധ്യവുമുള്ള ഒരു നിര ചിത്രങ്ങള്‍. മലയാളത്തിലെ മുഖ്യധാരാ സിനിമയില്‍ സമാന്തര ധാര ശക്തമായ സ്വാധീനമായിരുന്ന അക്കാലത്ത് നെടുമുടി അതിന്‍റെ പ്രധാന പതാകാവാഹകനായിരുന്നു. വിട പറയും മുന്‍പെയും മര്‍മ്മരവും പാളങ്ങളുമൊക്കെ സാമ്പത്തിക വിജയങ്ങളായതോടെ തിരക്കുള്ള നായക നടനുമായി അദ്ദേഹം. 

 

സുകുമാരന്‍ ആയിരുന്നു നെടുമുടിക്കൊപ്പം അക്കാലത്ത് നായകവേഷങ്ങളില്‍ തിളങ്ങിനിന്ന സമകാലികന്‍. സത്യന്‍ അന്തിക്കാടിന്‍റെ 'കിന്നാരം' പോലെ ഇരുവരും ഒരുമിച്ചഭിനയിച്ച നിരവധി ചിത്രങ്ങളും അക്കാലത്ത് പ്രേക്ഷകരിലേക്ക് എത്തി. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായും നെടുമുടി വളര്‍ന്നു. മലയാളത്തിലെ പ്രധാന അഭിനേതാക്കളില്‍ മിക്കവരുമെത്തിയ തന്‍റെ ചിത്രം 'യവനിക'യില്‍ ഏറ്റവുമധികം പ്രതിഫലം നെടുമുടിക്കായിരുന്നുവെന്ന് കെ ജി ജോര്‍ജ് പറഞ്ഞിട്ടുണ്ട്. ഭരത് ഗോപിയും തിലകനും മമ്മൂട്ടിയും ജഗതി ശ്രീകുമാറുമൊക്കെ മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ അവരെക്കാളൊക്കെ പ്രതിഫലം വാങ്ങിയത് നെടുമുടി വേണു ആയിരുന്നു.

പില്‍ക്കാലത്ത് മോഹന്‍ലാല്‍-മമ്മൂട്ടി ദ്വന്ദ്വം നായക സങ്കല്‍പങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കി രംഗത്തെത്തിയതോടെയാണ് നെടുമുടി വേണു നായകസ്ഥാനത്തുനിന്ന് മാറുന്നത്. സ്വഭാവ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എല്ലായ്പ്പോഴും തല്‍പ്പരനായിരുന്ന അദ്ദേഹം പിന്നീടെത്തിയ അത്തരം കഥാപാത്രങ്ങളെയും പ്രായഭേദമന്യെ സന്തോഷപൂര്‍വ്വം ഏറ്റെടുത്തു. കാറ്റിനൊപ്പിച്ച് സഞ്ചരിച്ച ഒരു പായ്‍വഞ്ചി പോലെയായിരുന്നു മലയാളസിനിമയില്‍ നെടുമുടി വേണുവെന്ന നടന്‍. ജൈവികമായ താളം ഭേദിക്കാന്‍ യഥാര്‍ഥ ജീവിതത്തില്‍ താല്‍പര്യമില്ലാതിരുന്നതുപോലെ സിനിമയിലും അദ്ദേഹം കാര്‍ക്കശ്യത്തോടെയുള്ള തെരഞ്ഞെടുപ്പുകളൊന്നും നടത്തിയില്ല. പക്ഷേ തേടിയെത്തിയ കഥാപാത്രങ്ങളുടെ സങ്കീര്‍ണ്ണ ഭാവങ്ങളെപ്രതിഭ കൊണ്ട് അനായാസം പകര്‍ന്നാടി അദ്ദേഹം.

click me!