
30ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഏഴാം ദിനത്തിൽ 'മലയാള സിനിമയുടെ നവ ഭാവുകത്വം' എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു.
ഈ വർഷത്തെ മേളയിൽ ശ്രദ്ധ നേടിയ മലയാളി സംവിധായകരായ ഉണ്ണികൃഷ്‍ണൻ ആവള, രാജേഷ് മാധവൻ, സഞ്ജു സുരേന്ദ്രൻ, ജിയോ ബേബി, ഷെറി ഗോവിന്ദൻ, നിപിൻ നാരായണൻ, ഗ്രിറ്റോ വിൻസെൻ്റ്, ശ്രീജിത്ത് എസ് കുമാർ എന്നിവർ പങ്കെടുത്തു.
സമകാലിക മലയാള സിനിമയുടെ വളർച്ചയെക്കുറിച്ച് സഞ്ജു സുരേന്ദ്രൻ സംസാരിച്ചു. കാൻ, ഷാങ്ഹായ് തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിളങ്ങിയ മലയാള ചിത്രങ്ങൾ ലോകത്തിൻ്റെ ശ്രദ്ധ മലയാള സിനിമയിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾ പൊളിച്ച്, ഭാഷാ-സംസ്‍കാരിക തടസങ്ങൾ മറികടന്ന്, ലോകസിനിമയിൽ തന്നെ മികച്ച സ്ഥാനം നേടാൻ മലയാള സിനിമക്ക് സാധിച്ചതായി 'കാത്തിരിപ്പ്' സിനിമയുടെ സംവിധായകൻ നിപിൻ നാരായൺ ചൂണ്ടിക്കാട്ടി.
ഒരു ചിത്രം നിർമിക്കുമ്പോൾ ആർട്ട്/ കൊമേഴ്സ്യൽ എന്ന് വേർതിരിച്ച് കാണുന്നില്ലെന്നും സിനിമ പ്രേക്ഷകരിലേക്ക് വ്യക്തമായി എത്തിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ’ശേഷിപ്പി’ൻ്റെ സംവിധായകൻ ഗ്രിറ്റോ വിൻസെന്റ് പറഞ്ഞു. ശേഷിപ്പ് പോലെ പ്രാദേശികമായ പശ്ചാത്തലത്തിൽ വേരൂന്നിയ ചിത്രം അന്താരാഷ്ട്ര ഡെലിഗേറ്റ്സിൻ്റെ പോലും പ്രശംസ ഏറ്റുവാങ്ങിയത് നല്ല സിനിമക്ക് ഭാഷ, സാംസ്കാരിക ഭേദങ്ങൾക്കപ്പുറം ജനങ്ങളിലേക്ക് എത്താനുള്ള കഴിവിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഇതേ ചിത്രത്തിൻ്റെ മറ്റൊരു സംവിധായകനായ ശ്രീജിത്ത് എസ് കുമാർ കൂട്ടിച്ചേർത്തു.
നല്ല കഥക്ക് എവിടെയും മൂല്യം ഉണ്ടെന്നും മലയാളം സിനിമയിൽ ആർട്ട് ചിത്രങ്ങൾ മുന്നോട്ട് കൊണ്ടുവരുന്ന പുതിയ മാറ്റങ്ങൾ മുഖ്യധാരാ സിനിമകൾ ഏറ്റെടുക്കുന്ന രീതിയുണ്ടെന്നും കെ ശ്രീകുമാർ നിരീക്ഷിച്ചു. അത്തരത്തിലുള്ള കൊടുക്കൽ വാങ്ങലുകളാണ് മലയാള സിനിമയുടെ കരുത്ത്. ഐഎഫ്എഫ്കെ പോലുള്ള ചലച്ചിത്ര മേളകൾ സ്വതന്ത്ര സിനിമകൾക്ക് നൽകുന്ന ഊർജം അത്തരം നിർമ്മാണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതായി സംവിധായകൻ ജിയോ ബേബി പറഞ്ഞു. മലയാളത്തിൽ സ്വതന്ത്ര സിനിമകളുടെ വളർച്ചയും വൈവിധ്യവും പ്രശംസനീയമാണെങ്കിലും മേളകൾക്കപ്പുറം ജനങ്ങളിലേക്ക് എത്താൻ അത്തരം ചിത്രങ്ങൾക്ക് കഴിയാത്തതിൽ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള ആശങ്ക പ്രകടിപ്പിച്ചു.
മലയാള സിനിമയിലെ നവഭാവുകത്വം സമൂഹം എങ്ങിനെ ഏറ്റെടുക്കുന്നു എന്ന ചോദ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ