Oscars 2022 : ചരിത്രമെഴുതി 'കോഡ', ഓസ്‍കര്‍ വേദിയില്‍ ക്രിസ് റോക്കിനെ തല്ലി വില്‍ സ്‍മിത്ത്

Vandana PR   | Asianet News
Published : Mar 28, 2022, 06:07 PM ISTUpdated : Mar 28, 2022, 06:57 PM IST
Oscars 2022 : ചരിത്രമെഴുതി 'കോഡ', ഓസ്‍കര്‍ വേദിയില്‍ ക്രിസ് റോക്കിനെ തല്ലി വില്‍ സ്‍മിത്ത്

Synopsis

ഓസ്‍കറിലെ ചരിത്രം കുറിച്ച പ്രഖ്യാപനങ്ങളും വേറിട്ട കാഴ്‍ചകളും- പി ആര്‍ വന്ദന എഴുതുന്നു (Oscars 2022).

തൊണ്ണൂറ്റിനാലാമത് ഓസ്‍കർ പുരസ്‍കാരനിശയിൽ ചരിത്രമെഴുതിയത് 'കോഡ'. ബധിരകുടുംബത്തിന്റെ പ്രതീക്ഷകളും പോരാട്ടവും പറഞ്ഞ 'കോ‍ഡ'യാണ് മികച്ച ചിത്രം. സ്‍ട്രീമിംഗ് പ്ലാറ്റ്‍ഫോം വക ചിത്രം മികച്ച സിനിമയ്‍ക്കുള്ള ഓസ്‍കർ നേടുന്നത് ഇതാദ്യമായി. സംവിധായിക കൂടിയായ ഷോൺ ഹേഡറിന് അവലംബിത തിരക്കഥക്കുള്ള പുരസ്‍കാരം. ട്രോയ് കോട്‍സറിന് മികച്ച സഹനടനുള്ള പുരസ്‍കാരം. അഭിനയമികവിന് ഓസ്‍കർ നേടുന്ന ആദ്യ ബധിരനടൻ. നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരം. ആദ്യത്തെയാൾ 'ചില്‍ഡ്രൻ ഓഫ് എ ലെസര്‍ ഗോഡി'ലൂടെ 86ൽ മികച്ച നടിയായ മാ‌ർലി മാറ്റ് ലിൻ. 'കോഡ'യിൽ കോട്‍ലറിന്റെ ഭാര്യയായി അഭിനയിച്ചതും മാർലി (Oscars 2022). 

മികച്ച സിനിമക്കുള്ള മത്സരത്തിൽ ഏറ്റവും കടുത്ത മത്സരം കാഴ്‍ചവെച്ച 'ദ പവർ ഓഫ് ദ ഡോഗിചലൂടെ ജേയ്ൻ കാംപിയോണിനാണ് സംവിധാനമികവിനുള്ള പുരസ്‍കാരം. 1993ൽ 'ദ പിയോനോ'ക്ക് ശേഷം കിട്ടുന്ന നോമിനേഷനിൽ സ്വപ്‍നസാഫല്യം.  തുടർച്ചയായി രണ്ടാമതും അക്കാദമിയുടെ അംഗീകാരം വനിതാ സംവിധായികക്ക്. മുമ്പ് മുഹമ്മദാലിയായും ക്രിസ് ഗാർഡനർ ആയും നോമിനേഷൻ കിട്ടിയ വിൽ സ്‍മിത്തിന് ഓസ്‍കർ നേടിക്കൊടുത്തത് റിച്ചാർ‍ഡ് വില്യംസ് ആയുള്ള പ്രകടനം. വീനസ്, സെറീന സഹോദരിമാരുടെ ടെന്നീസ് വളർച്ചക്ക് അച്ഛൻ റിച്ചാർഡ് വില്യംസ് നടത്തിയ പോരാട്ടവും സഹനവും പ്രയത്‍നവും അഭ്രപാളിയിൽ പകർന്നാടിയതിനുള്ള അംഗീകാരം. മൂന്നാംഅവസരത്തിലാണ് ജെസ്സീക്ക ചാസ്റ്റെയ്നും ഓസ്‍കർ. 'ദ ഐസ് ഓഫ് ടാമി ഫേ' എന്ന ചിത്രത്തിലൂടെ. അമേരിക്കയിലെ പ്രമുഖ സുവിശേഷകയും ടിവി അവതാരകയും എഴുത്തുകാരിയുമൊക്കെയായ ടാമി ഫേ ആയി തകർപ്പൻ പ്രകടനമാണ് ജെസ്സീക്കയുടേത്.

മികച്ച സഹനടിയായത് അരിയാന ഡെബോസ്. 'വെസ്റ്റ് സൈ‍‍ഡ് സ്റ്റോറി'യിലെ അനീറ്റ അറുപതു വർഷത്തിന് ശേഷം വീണ്ടും  അക്കാദമിയുടെ ഇംഗീകാരം. ട്രാൻസ്‍ജെൻഡർ എന്ന് ഉറക്കെ പ്രഖ്യാപിച്ച കറുത്ത വംശജയായ നടി ഓസ്‍കർ പുരസ്‍കാരം നേടിന്നത് ഇതാദ്യം. മുമ്പ് ഇതേ വേഷത്തിന് ഓസ്‍കർ നേടിയത് റിത മൊറേനോ. തിരക്കഥക്കുള്ള പുരസ്‍കാരം കെന്നത്ത് ബ്രാനക്കാണ്. റെയ്‍സുകെ ഹമാഗുച്ചിയുടെ 'ഡ്രൈവ് മൈ കാർ' ആണ് മികച്ച വിദേശഭാഷാ ചിത്രം. ഡിസ്‍നിയുടെ 'എൻകാന്റോ' ആണ് മികച്ച അനിമേഷൻ ചിത്രം. ഛായാഗ്രഹണം, എഡിറ്റിങ്, സൗണ്ട്, പ്രൊഡക്ഷൻ ഡിസൈൻ, വിഷ്വൽ എഫക്ട്‍സ് തുടങ്ങി സാങ്കേതികവിഭാഗങ്ങളിലെ പുരസ്‍കാരങ്ങൾ 'ഡ്യൂൺ' തൂത്തുവാരി. മികച്ച പശ്ചാത്തലസംഗീതത്തിന് ഹൻസ് ഷിമ്മറിനും പുരസ്‍കാരം കിട്ടിയതോടെ 'ഡ്യൂണി'ന്റെ നേട്ടം ആറ് ഓസ്‍കറായി. 'നോ ടൈം ടു ഡൈ'യിലെ ടൈറ്റിൽ ഗാനത്തിന് ബില്ലി ഐലിഷ് ഫിയന്നസ് ഓ കോൺണൽ സഖ്യം ഓസ്‍കർ നേടി. 'ക്രൂവല്ല'യ്ക്കാണ് മികച്ച കോസ്റ്റൂം ഡിസൈൻ പുരസ്‍കാരം. മേക്കപ്പിനും കേശാലങ്കാരത്തിനുമുള്ള അവാർഡ് 'ദ ഐസ് ഓഫ് ടാമി ഫേക്കും'. ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്നത് ഡോക്യമെന്ററി ഫീച്ചർ വിഭാഗത്തിലായിരുന്നു.  

ദില്ലി മലയാളിയായ റിന്റു തോമസും ഭർത്താവ് സുസ്‍മിത് ഘോഷും ഒരുക്കിയ 'റൈറ്റിങ് വിത്ത് ഫയർ' നോമിനേഷൻ നേടിയിരുന്നെങ്കിലും പുരസ്‍കാരം നേടാനായില്ല, . 1969ലെ സാംസ്‍കാരികോത്സവത്തെ കുറിച്ചുള്ള 'സമ്മർ ഓഫ് സോളി'ന് ആണ് പുരസ്‍കാരം. മികച്ച ഡോക്യുമെന്റി (ഷോര്ട്ട്  സബ്‍ജക്ട്) 'ദ് ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍',  മികച്ച അനിമേറ്റഡ് ഹ്രസ്വ ചിത്രം  'ദ വിൻഡ്ഷീല്‍ഡ് വൈപര്‍' .

കുറേ നല്ല കാഴ്‍ചകളും ഓസ്‍കർ പ്രഖ്യാപനം കണ്ടു. അറുപതാം വാർഷികത്തിൽ 'ജെയിംസ് ബോണ്ടി'നും അൻപതാം വാർഷികത്തിൽ 'ഗോഡ് ഫാദറി'നും വേദിയിൽ ആദരം. കഴിഞ്ഞ തവണ മികച്ച നടനുള്ള പുരസ്‍കാരം ഏറ്റുവാങ്ങാൻ എത്താൻ കഴിയാതിരുന്ന ആന്റണി ഹോപ്‍കിൻസ് ഇക്കുറി മികച്ച നടിക്കുള്ള പുരസ്‍കാരം പ്രഖ്യാപിക്കാനെത്തിയപ്പോൾ എഴുന്നേറ്റ് നിന്ന് സദസ്സിന്റെ ആദരം. ട്രോയ് കോട്‍സറിനും 'കോഡ' ടീമിനും ആംഗ്യഭാഷയിലുള്ള കയ്യടി. അങ്ങനെ കുറേ നല്ല കാഴ്‍ചകൾ. ഒരിടവേളക്ക് ശേഷം ഓസ്‍കർ വേദിയിൽ മൂന്ന് അവതാരകർ. റെജീന ഹാളും ഏയ്‍മി സ്‍കൂമറും വാൻഡ സൈക്സും തിളങ്ങി. പുരസ്‍കാര നിശയെ സ്‍തബ്‍ധമാക്കിയ മറ്റൊന്നു കൂടിയുണ്ടായിരുന്നു. 

ഡോക്യമെന്ററി പുരസ്‍കാരം പ്രഖ്യാപിക്കാനെത്തിയ ക്രിസ് റോക്കിനെ വിൽസ്‍മിത്ത് തല്ലി. തമാശയാണെന്ന് ആദ്യം എല്ലാവരും കരുതി.  എന്നാല്‍ കാര്യമായിരുന്നു.
വിൽ സ്‍മിത്ത് ഇരിപ്പിടത്തിൽ തിരിച്ചെത്തിയിട്ട് പറഞ്ഞ അസഭ്യം ബീപ് ശബ്‍ദം ഇട്ടെങ്കിലും എല്ലാവർക്കും വ്യക്തമായിരുന്നു.  ഭാര്യ ജേ‍ഡയെ പറ്റി നടത്തിയ പരമാർശത്തിലാണ് വിൽ സ്‍മിത്ത് ക്ഷുഭിതനായത്.  പിന്നീട് പുരസ്‍കാരം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തിൽ വിൽ സ്‍മിത്ത് ക്രിസ് റോക്കിനോട് നിറകണ്ണുകളോടെ മാപ്പുപറഞ്ഞു. 

Read More : ഓസ്‍കര്‍ വേദിയിൽ അവതാരകന്റെ മുഖത്തടിച്ച് വിൽ സ്‍മിത്; പ്രകോപന കാരണം ഭാര്യയെക്കുറിച്ചുള്ള പരാമർശം

തികച്ചും പ്രചോദനമായ ചില നേട്ടങ്ങൾ,  പ്രതീക്ഷകൾ തെറ്റിക്കാത്ത ചില പുരസ്‍കാരപ്രഖ്യാപനങ്ങൾ, പ്രഖ്യാപനക്രമത്തിലെ ചില മാറ്റങ്ങളും പരിഷ്‍കാരങ്ങളും , തീരെ പ്രതീക്ഷിക്കാത്ത ചില കാഴ്‍ചകൾ, പതിവു ആഘോഷവേദി, ഡോൾബിയിലേക്കുള്ള മടക്കം 94ആമത് പുരസ്‍കാരനിശ ഓസ്‍കർ നിശക്ക് അങ്ങനെ തിരശ്ശീല വീണു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗംഭീര പ്രതികരണം നേടി രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' IFFK പ്രദർശനം
ശങ്കർ- ഇഹ്സാൻ- ലോയ് ടീമിൻ്റെ സംഗീതത്തിൽ 'ചത്ത പച്ച - റിങ് ഓഫ് റൗഡീസ്' ടൈറ്റിൽ ട്രാക്ക് പുറത്ത്