ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്.
94-ാമത് ഓസ്കർ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്(Will Smith). ഓസ്കർ വേദിയിൽ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു താരം. ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്കാർ സമ്മാനിക്കുന്നതിനിടെയാണ് സംഭവം. അതേസമയം, ഇത് മുൻകൂട്ടി തീരുമാനിച്ച സ്ക്രിപ്റ്റഡ് സ്കിറ്റ് ആയിരിക്കുമെന്ന തരത്തിലാണ് സംഭവത്തില്‍ ആരാധകർ പ്രതികരിച്ചിരുന്നത്. വിഷയത്തിൽ ഓസ്കർ അധികൃതരും വിശദീകരണം നൽകിയിട്ടില്ല. ശേഷം മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ചു കൊണ്ട് സ്മിത്ത് മാപ്പും പറഞ്ഞിരുന്നു.
മികച്ച നടനായി വില്‍ സ്മിത്തിനെയാണ് തെരഞ്ഞെടുത്തത്. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്ത് പുരസ്കാരത്തിന് അർഹനായത്. ജെസീക്ക ചസ്റ്റൈൻ ആണ് മികച്ച നടി. ദ ഐയ്‌സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അംഗീകാരം. ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായിക/ സംവിധായകന്‍ ആയി ജെയ്ൻ കാംപിയോൺ.
അതേസമയം, ഓസ്കറില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന റൈറ്റിങ് വിത്ത് ഫയറിന് പുരസ്കാരമില്ല.സഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ മാത്രമായിരുന്നു ഇന്ത്യൻ ചിത്രം മത്സരിച്ചിരുന്നത്. 'സമ്മര്‍ ഓഫ് സോൾ' ആണ് മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‍കര്‍ സ്വന്തമാക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ അഹ്മിർ തോംസൺ, ജോസഫ് പട്ടേൽ, റോബർട്ട് ഫൈവോലന്റ്, ഡേവിഡ് ഡൈനർസ്റ്റീൻ എന്നിവർ അവാർഡ് സ്വീകരിക്കും.
റൈറ്റിംഗ് വിത്ത് ഫയറിന്റെ അണിയറയിലുള്ളത് ദില്ലി മലയാളിയായ റിന്റു തോമസും ഭർത്താവ് സുസ്മിത് ഘോഷുമാണ്. ദളിത് വനിതകൾ നടത്തുന്ന ഖബർ ലഹാരിയ എന്ന ഹിന്ദി പത്രത്തെ കുറിച്ചാണ് ഈ ഡോക്യുമെന്ററി. ഇതിനകം നിരവധി അന്താരാഷ്ട്ര ബഹുമതികൾ നേടിയിട്ടുള്ള റൈറ്റിംഗ് വിത്ത് ഫയർ വഴി ഒരിക്കൽ കൂടി ഓസ്കർ ഇന്ത്യയിലേക്ക് എത്തുമെന്ന പ്രതീക്ഷയായിരുന്നു ഏവർക്കും.
കോഡയാണ് മികച്ച ചിത്രത്തിനുള്ള ഒസ്കര്‍ സ്വന്തമാക്കിയത്. മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള അവാർഡും കോഡയ്ക്ക് തന്നെയാണ്. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം ട്രോയ് കോട്‍സറും നേടി. ബധിര കുടുംബത്തിന്റെ ഹൃദയ സ്പർശിയായ കഥ പറയുന്ന കോഡ പ്രേക്ഷകർക്ക് മുന്നിലെത്തിയത് ആപ്പിളിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ. മികച്ച സഹനടി അരിയാനോ ഡബോസ് ആണ്. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് നടിയെ തേടി പുരസ്കാരം എത്തിയത്. ഓസ്കര്‍ ലഭിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍റര്‍ വ്യക്തികൂടിയാണ് അരിയാന.
