
നവാഗതനായ സൂരജ് സൂര്യ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം പാനിക് ഭവാനി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. 4കെപ്ലസ് മൂവീസ്. കോം (4kplusmovies.com) എന്ന സ്വന്തം ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് സൂരജ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് പ്രേക്ഷകശ്രദ്ധ ലഭിക്കുന്നുണ്ട്. ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തില്‍ നായകനായി അഭിനയിച്ചിരിക്കുന്നതും പാട്ടിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത് സൂരജ് സൂര്യ തന്നെയാണ്. ഗാനം ചിത്രത്തിന്‍റെ റിലീസിന് മുന്‍പ് തന്നെ ശ്രദ്ധ നേടിയിരുന്നു.
സംവിധായകൻ വിനയന്റെ വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്ന സിനിമയിലെ മാരാരുടെ വേഷത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ആളാണ് സൂരജ് സൂര്യ. തുടർന്ന് വെബ് സീരീസുകളും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തതിന് ശേഷമാണ് ആദ്യ ഫീച്ചര്‍ ഫിലിം സൂരജ് സംവിധാനം ചെയ്തിരിക്കുന്നത്.
കേരളത്തിൽ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ് കുടുംബത്തിന്‍റെ കഥയാണ് പാനിക് ഭവാനി എന്ന ചിത്രം പറയുന്നത്. ഇതിൽ തമിഴ്, മലയാളം ഭാഷകൾ സംഭാഷണങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു മലയാള ഗാനത്തിന് പുറമെ തമിഴ് ഗാനവും ഉണ്ട്. അപ്രതീഷിതമായ ഒരു ട്വിസ്റ്റ് ആണ് സിനിമയിൽ ഉള്ളതെന്ന് അണിയറക്കാര്‍ പറയുന്നു. രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച സിനിമയുടെ ഛായാഗ്രഹമം നൗഷാദ് ചെട്ടിപ്പടിയാണ്. എഡിറ്റിംഗ് അരുൺ കൃഷ്ണ, കളറിംഗ് അർജുൻ അജിത്ത്, കലാസംവിധാനം അർജുൻ രാവണ, പശ്ചാത്തല സംഗീതം രാകേഷ് കേശവ്, സൗണ്ട് എഞ്ചിനീയർ, ആർ ആർ മിക്സ് ഷാജി അരവിന്ദ് സാഗർ, പി ആർ ഒ- എംകെ ഷെജിൻ.