
ഇത്തവണത്തെ പൊങ്കലിന് തമിഴ് സിനിമയില്‍ നിന്നുള്ള ഒരേയൊരു റിലീസ് ആണ് ശിവകാര്‍ത്തികേയന്‍ നായകനായ പരാശക്തി. സെന്‍സര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് വിജയ് ചിത്രം ജനനായകന്‍റെ റിലീസ് അനിശ്ചിതത്വത്തിലായതോടെയാണ് പൊങ്കലിന് ഒരു ചിത്രം മാത്രം ആയത്. ഓരോ ചിത്രം കഴിയുമ്പോഴും താരമൂല്യം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ശിവകാര്‍ത്തികേയനെ സംബന്ധിച്ച് ഈ പൊങ്കല്‍ പ്രധാനമാണ്. ഇന്നാണ് ചിത്രത്തിന്‍റെ റിലീസ്. ആദ്യ ഷോകള്‍ക്ക് ഇപ്പുറം ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങള്‍ ഇപ്പോള്‍ എത്തിയിട്ടുണ്ട്. അവ എങ്ങനെയെന്ന് നോക്കാം.
സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സുധ കൊങ്കരയാണ് ഹിസ്റ്റോറിക്കല്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ആദ്യ ദിനം ആദ്യ ഷോകള്‍ക്കിപ്പുറം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ നിരൂപകരില്‍ ഭൂരിഭാഗവും ചിത്രം മികച്ചതെന്ന് പറയുമ്പോള്‍ അങ്ങനെയല്ലെന്ന് പറയുന്നവരും ഉണ്ട്. പ്രേക്ഷകരിലും ചിത്രം സമ്മിശ്ര പ്രതികരണമാണ്. തിയറ്ററുകളില്‍ നിന്നുള്ള പ്രതികരണങ്ങളിലും ഇത് ദൃശ്യമാണ്. ചിത്രം മികച്ചതെന്ന് പറയുന്നവരും തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് എത്തിയില്ലെന്ന് പറയുന്നവരും ഉണ്ട്.
തമിഴ്നാട്ടില്‍ 1965 ല്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് പരാശക്തി. പഴയ കാലം വിശ്വസനീയതയോടെ സ്ക്രീനില്‍ എത്തിക്കുന്നതില്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗ് വിജയിച്ചപ്പോള്‍ ചിത്രത്തിന് വൈകാരികമായ ആഴം പകരാന്‍ സംവിധായികയ്ക്ക് സാധിച്ചില്ലെന്നാണ് ചിത്രത്തിന് നെഗറ്റീവ് അഭിപ്രായം പറയുന്ന കമന്‍റുകളിലെ ആവര്‍ത്തിക്കുന്ന പരാതി. ദൈര്‍ഘ്യം കൂടുതലുള്ള ചിത്രത്തിന്‍റെ വേഗം കുറച്ചുകൂടി വര്‍ധിപ്പിച്ചിരുന്നെങ്കില്‍ കാണികള്‍ക്ക് കുറച്ചുകൂടി രസകരമായി മാറുമായിരുന്നെന്നും അഭിപ്രായം ഉയരുന്നുണ്ട്. 2.42 മണിക്കൂര്‍ ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.
തമിഴിലെ ആരാധക പോരിന്‍റെ തുടര്‍ച്ചയെന്നോണം ആദ്യദിനം തന്നെ മറ്റ് താരങ്ങളുടെ ആരാധകരില്‍ നിന്നും വലിയ ആക്രമണവും ട്രോളുമൊക്കെ ചിത്രം നേരിടുന്നുണ്ട്. സൂര്യയെ നായകനാക്കി സുധ കൊങ്കര ആദ്യം ആലോചിച്ചിരുന്ന ചിത്രമായിരുന്നു ഇത്. അതില്‍ ദുല്‍ഖറും ഭാഗമാവുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും രക്ഷപെട്ടു എന്ന തരത്തിലാണ് ട്രോളുകള്‍. അതേസമയം ചിത്രം സാധാരണ പ്രേക്ഷകരില്‍ എത്രത്തോളം ഇംപാക്റ്റ് ഉണ്ടാക്കി എന്നത് അറിയാന്‍ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടിവരും. തമിഴ്നാട്ടുകാര്‍ കൂട്ടത്തോടെ തിയറ്ററുകളിലത്തുന്ന പൊങ്കലിന് ഇത്തവണ മറ്റ് ചിത്രങ്ങളൊന്നുമില്ല എന്നത് പരാശക്തിക്ക് എന്തായാലും വന്‍ പോസിറ്റീവ് ആണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ