നടിയും നാടന്‍പാട്ട് കലാകാരിയുമായ പറവൈ മുനിയമ്മ അന്തരിച്ചു

By Web TeamFirst Published Mar 29, 2020, 12:31 PM IST
Highlights

നാടന്‍പാട്ട് കലാകാരി എന്ന നിലയില്‍ ക്ഷേത്രോത്സവങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് മുനിയമ്മ ശ്രദ്ധ നേടുന്നത്. ലക്ഷ്മണ്‍ ശ്രുതി എന്ന ട്രൂപ്പില്‍ അംഗമായതോടെ ഒട്ടേറെ വേദികള്‍ മുനിയമ്മയുടെ പാട്ട് കേട്ടു.

നടിയും നാടന്‍പാട്ട് കലാകാരിയുമായ പറവൈ മുനിയമ്മ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. മധുരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് മധുരയില്‍ നടക്കും. മധുരയിലെ ജനിച്ചുവളര്‍ന്ന ദേശത്തിന്‍റെ പേരാണ് പറവൈ.

നാടന്‍പാട്ട് കലാകാരി എന്ന നിലയില്‍ ക്ഷേത്രോത്സവങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് മുനിയമ്മ ശ്രദ്ധ നേടുന്നത്. ലക്ഷ്മണ്‍ ശ്രുതി എന്ന ട്രൂപ്പില്‍ അംഗമായതോടെ ഒട്ടേറെ വേദികള്‍ മുനിയമ്മയുടെ പാട്ട് കേട്ടു. മുനിയമ്മ 2003ല്‍ പുറത്തെത്തിയ, വിക്രം നായകനായ ധൂളിലൂടെയാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച വൈശാഖ് ചിത്രം പോക്കിരിരാജയിലൂടെ മലയാളത്തിലുമെത്തി. കോവില്‍, തമിഴ്‍പടം, വീരം, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങി മുപ്പത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. 

Latest Videos

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനാരോഗ്യത്തെത്തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല. വിശാല്‍, ധനുഷ്, ശിവകാര്‍ത്തികേയന്‍ എന്നിവരാണ് മുനിയമ്മയുടെ ചിലവുകള്‍ നോക്കിയിരുന്നത്. 2012ല്‍ തമിഴ്‍നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‍കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 

click me!