പാര്‍വ്വതി നായികയായ 'വര്‍ത്തമാന'ത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു; 'ദേശവിരുദ്ധ'മെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം

By Web TeamFirst Published Dec 27, 2020, 5:43 PM IST
Highlights

അനുമതി നിഷേധിക്കാനുള്ള കാരണം സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി എസ് സി മോർച്ചാ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ അഡ്വ. വി സന്ദീപ് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയതും വിവാദമായിട്ടുണ്ട്.

തിരുവനന്തപുരം: പാര്‍വതി തിരുവോത്ത് നായികയായ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ആര്യാടന്‍ ഷൗക്കത്തിന്‍റെ തിരക്കഥയില്‍ സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്‍ത 'വര്‍ത്തമാനം' എന്ന സിനിമയ്ക്കാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്. അനുമതി നിഷേധിക്കാനുള്ള കാരണം സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി എസ് സി മോർച്ചാ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ അഡ്വ. വി സന്ദീപ് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയതും വിവാദമായിട്ടുണ്ട്.

ജെഎന്‍യു സമരം പ്രമേയമാക്കിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതിക്കെത്തിയത് 24നാണ്. എന്നാല്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കാതെ മുംബൈയിലെ റിവിഷന്‍ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. ഇതേദിവസം തന്നെ അഡ്വ. വി സന്ദീപ് കുമാര്‍ ഇട്ട ട്വീറ്റ് ആണ് വിവാദത്തിലായത്. ചിത്രം താന്‍ കണ്ടെന്നും ജെഎന്‍യു സമരത്തിലെ ദളിത്, മുസ്‍ലിം പീഡനമാണ് വിഷയമെന്നും സന്ദീപ് കുമാര്‍ കുറിച്ചു. ചിത്രത്തിന്‍റെ തിരക്കഥയും നിര്‍മ്മാണവും ആര്യാടന്‍ ഷൗക്കത്ത് ആയതുകൊണ്ടാണ് താന്‍ എതിര്‍ത്തതെന്നും 'രാജ്യവിരുദ്ധ'മാണ് സിനിമയുടെ പ്രമേയമെന്നും. രഹസ്യസ്വഭാവമുള്ള സെൻസറിംഗ് വിവരങ്ങൾ അംഗങ്ങൾ പരസ്യമാക്കരുതെന്നാണ് ചട്ടം. ഇതിനൊപ്പം എതിര്‍പ്പറിയിച്ചതിനു നിരത്തിയ കാരണങ്ങളും ചർച്ചയായതോടെ സന്ദീപ് ട്വീറ്റ് പിൻവലിച്ചു. എന്നാല്‍ ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തീർത്തും അപകടരമായ സ്ഥിതിയാണിതെന്ന് വിഷയത്തില്‍ ആര്യാടൻ ഷൗക്കത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. റിവിഷന്‍ കമ്മിറ്റിയെ സമീപിക്കുമെന്നും ഷൗക്കത്ത് അറിയിച്ചു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കും വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല.

കേരളത്തില്‍ നിന്ന് ദില്ലിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ദിഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ 'സഖാവി'ന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് 'വര്‍ത്തമാനം'.

click me!