
പുറത്തിറങ്ങിയാൽ പലരും തന്നെ 'അനി' എന്നാണ് വിളിക്കുന്നതെന്ന് സിനിമാ-സീരിയൽ നടൻ വിഷ്‍ണു ബാലകൃഷ്‍ണൻ. ഏഷ്യാനെറ്റിൽ മികച്ച പ്രേക്ഷകസ്വീകാര്യത നേടി മുന്നേറുന്ന സീരിയലായ 'പത്തരമാറ്റി'ലെ 'അനിരുദ്ധ്' എന്ന കഥാപാത്രത്തെയാണ് വിഷ്‍ണു അവതരിപ്പിക്കുന്നത്. സീരിയലിൽ അഭിനയിക്കുന്ന എല്ലാവരോടും അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നതെന്നും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് അവരെന്നും വിഷ്‍ണു ബാലകൃഷ്‍ണൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു വിഷ്‍ണു.
സീരിയൽ ആയാലും സിനിമ ആയാലും പ്രോസസ് എല്ലാം ഒന്നാണെന്നും സീരിയലിലെ അഭിനയം ഭയങ്കര ഓവർ ആണ് എന്നത് ചിലരുടെ തെറ്റിദ്ധാരണയാണെന്നും വിഷ്‍ണു പറഞ്ഞു. ''ഇത് മിനിസ്ക്രീനും അത് ബിഗ് സ്ക്രീനും ആണ്. മിനി സ്ക്രീനിലെ അഭിനയം ആളുകൾക്ക് മനസിലാകണമെങ്കിൽ അത്തരത്തിൽ ചെയ്യണം. മാത്രമല്ല, സീരിയലിന്റെ പ്രേക്ഷകർ കൂടുതലും മുതിർന്നവരാണ്. അവർക്കു മനസിലാകണമെങ്കിൽ കാര്യങ്ങൾ കൂടുതൽ ഡീറ്റെയിൽഡ് ആയി പറഞ്ഞുകൊടുക്കേണ്ടി വരും'', വിഷ്‍ണു പറഞ്ഞു.
സീരിയലിലെയും സിനിമയിലെയും താരങ്ങളെ ചിലരെങ്കിലും രണ്ടു തട്ടിൽ കാണാറുണ്ടെന്നും വിഷ്‍ണു ബാലകൃഷ്‍ണൻ പറഞ്ഞു. ''അങ്ങനെ വേർതിരിച്ചു കാണേണ്ട ആവശ്യമില്ല. സീരിയലിൽ അഭിനയിക്കുന്ന പലരും സിനിമയിലും അഭിനയിക്കുന്നുണ്ട്. സിനിമയിലെ പ്രമുഖ അഭിനേതാക്കളിൽ ചിലർ സീരിയലിലും എത്താറുണ്ട്. ഉണ്ണി മുകുന്ദൻ, ആസിഫ് അലി, അജു വർഗീസ് തുടങ്ങിയ സിനിമാ താരങ്ങൾ സീരിയലിൽ അതിഥി വേഷത്തിലും എത്തിയിരുന്നു'', വിഷ്‍ണു പറഞ്ഞു.
മാസ്‍കിട്ട് പുറത്തിറങ്ങിയാൽ പോലും പത്തരമാറ്റിന്റെ പ്രേക്ഷകർ തന്നെ തിരിച്ചറിയാറുണ്ടെന്നും വിഷ്‍ണു പറഞ്ഞു. ''ചിലർ കണ്ണൊക്കെ കണ്ടിട്ടാണ് മനസിലാക്കുന്നത്. സീരിയലുകളിൽ ക്ലോസ് ഷോട്ടുകൾ കൂടുതലായും ഉള്ളതിനാലാകാം ഇങ്ങനെ കണ്ണൊക്കെ കണ്ട് തിരിച്ചറിയുന്നത്'', വിഷ്‍ണു കൂട്ടിച്ചേർത്തു.
ഒറ്റപ്പാലം സ്വദേശിയായ വിഷ്‍ണു ഷോർട് ഫിലിമുകളിലൂടെയാണ് കലാരംഗത്തേയ്ക്ക് എത്തുന്നത്. തട്ടീം മുട്ടീം എന്ന ടെലിവിഷൻ പരമ്പരയിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു. അജഗജാന്തരം, ഒരു അഡാർ ലൗവ്, തുടങ്ങി ചില സിനിമകളിലും വിഷ്‍ണു അഭിനയിച്ചിട്ടുണ്ട്.
Read More: വമ്പൻമാര്‍ ഞെട്ടി, വേണ്ടത് രണ്ട് കോടി മാത്രം, സീനീയേഴ്‍സിനെ അമ്പരപ്പിച്ച് തണ്ടേല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക