
കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് പത്തരമാറ്റ്. പരമ്പരയില്‍ പ്രതിനായക കഥാപാത്രമായ അഭി എന്ന റോൾ ചെയ്യുന്ന താരമാണ് ആകാശ്. മലയാളത്തിലാണ് കൂടുതല്‍ സീരിയലുകളിൽ അഭിനയിച്ചതെങ്കിലും ആകാശ് പാതി മലയാളിയും പാതി തമിഴും ആണ്. ആകാശിന്റെ അച്ഛന്‍ മലയാളിയും അമ്മ തമിഴുമാണ്. പത്തു വർഷത്തോളമായി കേരളത്തിലാണ് ആകാശിന്റെ താമസം. ആകാശും സീരിയലിലെ സഹതാരമായ സ്മിത സാമുവലും ഒന്നിച്ചെത്തിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
ഒരു നർത്തകൻ കൂടിയാണ് ആകാശ്. ഛത്തീസ്‍ഗഢ് യൂണിവേഴ്‌സിറ്റില്‍ നിന്നും ഭരതനാട്യവും കുച്ചിപ്പുടിയും പഠിച്ചിട്ടുള്ളയാളാണ് താനെന്നും ആകാശ് പറയുന്നു. വീഡിയോകൾക്കു താഴെ ചാന്ത്പൊട്ട് എന്ന് വിളിച്ച് ആളുകൾ കമന്റ് ചെയ്‍തതിനെക്കുറിച്ചും ആകാശ് അഭിമുഖത്തിൽ സംസാരിച്ചു. ''ആളുകൾ എന്തു വേണമെങ്കിലും കമന്റ് ചെയ്തോട്ടെ. എനിക്ക് അതിലൊരു പ്രശ്നവുമില്ല. അതൊന്നും എന്റെ കരിയറിനെ ഒരു തരത്തിലും ബാധിക്കില്ല. എന്നെ സ്നേഹിക്കുന്ന എന്റെ നൃത്തം ഇഷ്ടപ്പെടുന്ന ആയിരക്കണക്കിന് ജനങ്ങളുണ്ട്. അവരുടെ സ്നേഹം മതി എനിക്ക്'', ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആകാശ് പറഞ്ഞു.
ആകാശിന്റെ അമ്മൂമ്മ സാവിത്രി അമ്മാള്‍ എവിഎമ്മിലെ പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു. താൻ അഭിനയരംഗത്തേക്ക് എത്തണമെന്നത് അമ്മൂമ്മയുടെ ആഗ്രഹമായിരുന്നെന്നും ആകാശ് പറയുന്നു. ''വീട്ടില്‍ വേറെ ആര്‍ക്കും കലയായിട്ട് യാതൊരു ബന്ധവും ഇല്ല. അതുകൊണ്ട് തന്നെ അമ്മൂമ്മയുടെ നിര്‍ബന്ധമായിരുന്നു ഈ മേഖലയില്‍ ഞാൻ അറിയപ്പെടണം എന്നുള്ളത്. അമ്മൂമ്മയുടെ നടക്കാനാകാത്ത ആഗ്രഹങ്ങള്‍ എല്ലം എന്നിലൂടെ സാധിച്ചു.
ഇപ്പോള്‍ അമ്മൂമ്മ ജീവിച്ചിരിപ്പില്ല. രണ്ട് വര്‍ഷമായി മരിച്ചിട്ട്. പത്തരമാറ്റ് സീരിയലിന്റെ ആദ്യ ടെലിക്കാസ്റ്റിന്റെ അന്നാണ് അമ്മൂമ്മ മരിക്കുന്നത്. എനിക്കൊരിക്കലും മറക്കാൻ പറ്റില്ല ആ ദിവസം. സ്വന്തം കരിയർ പോലും മാറ്റിവെച്ച് ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് എനിക്കൊപ്പം വന്നയാളാണ് എന്റെ അമ്മൂമ്മ'', ആകാശ് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക