
തെലുങ്ക് സിനിമയെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ചിത്രം ബാഹുബലി ആയിരുന്നുവെങ്കില്‍ ആ വഴിയിലൂടെ ജനപ്രീതിയുടെ പുതിയ മാതൃക തന്നെ സൃഷ്ടിച്ച ചിത്രമായിരുന്നു പുഷ്പ. അല്ലു അര്‍ജുന്‍റെ കരിയര്‍ തന്നെ മാറ്റിമറിച്ചുകളഞ്ഞു ചിത്രം. ഉത്തരേന്ത്യന്‍ പ്രേക്ഷകരെ അദ്ദേഹത്തിന്‍റെ ആരാധകനായി മാറ്റി പുഷ്പ ഫ്രാഞ്ചൈസി. അല്ലുവിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ് പുഷ്പ 2. ഇന്ത്യന്‍ സിനിമയിലെതന്നെ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നും. ഇത്ര വലിയ വിജയത്തിന്‍റെ ഭാഗമായതിനാല്‍ത്തന്നെ അല്ലു അര്‍ജുന്‍റെ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി ഇനി വരിക. അതില്‍ ആദ്യത്തേത് സംവിധാനം ചെയ്യുന്നത് ആറ്റ്ലിയാണ്. അതിന്‍റെ ചിത്രീകരണം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ആറ്റ്ലി ചിത്രത്തിന് ശേഷം അല്ലുവിന്‍റേതായി വരാനിരിക്കുന്ന ചിത്രം സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തുകയാണ്.
ബാഹുബലി തെലുങ്ക് സിനിമയ്ക്ക് നല്‍കിയതുപോലെ കന്നഡ സിനിമയെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ കെജിഎഫിന്‍റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ആവും അടുത്ത അല്ലു അര്‍ജുന്‍ ചിത്രത്തിന്‍റെ സംവിധായകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലാത്ത ഈ ചിത്രത്തിന്‍റെ പേര് രാവണം എന്നായിരിക്കുമെന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമുഖ തെലുങ്ക് നിര്‍മ്മാതാവ് ദില്‍ രാജു ആയിരിക്കും ഈ ചിത്രം നിര്‍മ്മിക്കുകയെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. പ്രശാന്ത് നീല്‍ ഏറെ കാലമായി മനസില്‍ കൊണ്ടുനടക്കുന്ന ഡ്രീം പ്രോജക്റ്റ് ആണ് ഇതെന്നും അദ്ദേഹത്തിന്‍റെ മറ്റ് ചിത്രങ്ങള്‍ പോലെ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള, ഡ്രാമയും ആക്ഷനുമുള്ള ചിത്രമായിരിക്കും രാവണമെന്നും തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നു.
അതേസമയം ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലാണ് നിലവില്‍ പ്രശാന്ത് നീല്‍. ഡ്രാഗണ്‍ എന്നാണ് ഈ ചിത്രത്തിന്‍റെ പേര്. ടൊവിനോ തോമസും ബിജു മേനോനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നത് മലയാളി സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന ഘടകമാണ്.
അതേസമയം കെജിഎഫിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത സലാറും ബോക്സ് ഓഫീസില്‍ വിജയം നേടിയിരുന്നു. പ്രഭാസ് നായകനായ സലാറില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജ് സുകുമാരന്‍ ആണ്.