മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും; 'പതിനെട്ടാം പടി' പൂര്‍ത്തിയായി

By Web TeamFirst Published Apr 19, 2019, 11:27 PM IST
Highlights

മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവരും അതിഥി താരങ്ങളായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. 15 തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖ അഭിനേതാക്കളുമുണ്ട് പതിനെട്ടാം പടിയില്‍.
 

'ജോണ്‍ എബ്രഹാം പാലയ്ക്കല്‍' എന്ന സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി പൃഥ്വിരാജും. ബുധനാഴ്ച പാക്കപ്പ് ആയ ചിത്രത്തിന്റെ അവസാന ഷെഡ്യൂളിലെ രണ്ട് ദിവസങ്ങളിലാണ് പൃഥ്വിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. മമ്മൂട്ടിയും അതിഥിതാരമാണ് ചിത്രത്തില്‍. പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. 

മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവരും അതിഥി താരങ്ങളായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. 15 തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖ അഭിനേതാക്കളുണ്ട് പതിനെട്ടാം പടിയില്‍. അപേക്ഷ അയച്ച 18,000 പേരില്‍ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്പും വഴിയാണ് 65 പേരെ തെരഞ്ഞെടുത്തത്. ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്,  പ്രിയാമണി, ലാലു അലക്‌സ്, നന്ദു,  മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നുണ്ട്.

വിദ്യാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളിലല്ല, മറിച്ച് ഒരാള്‍ യഥാര്‍ഥത്തില്‍ വിദ്യ ആര്‍ജ്ജിക്കുന്നത് സമൂഹത്തില്‍ നിന്നാണെന്ന ആശയത്തിലൂന്നിയാണ് സിനിമ. ഇപ്പോഴത്തെ കാലഘട്ടത്തിനൊപ്പം 1995-96 കാലവും ചിത്രത്തില്‍ കടന്നുവരും. തിരുവനന്തപുരം, എറണാകുളം, വാഗമണ്‍, ആതിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലായി അഞ്ച് ഷെഡ്യൂളുകളിലായിരുന്നു ചിത്രീകരണം.

എ ആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫും നവാഗതനായ പ്രശാന്തും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസും സിത്താരയും പാടിയതടക്കം ഏഴ് പാട്ടുകളുണ്ട് ചിത്രത്തില്‍. കെച്ച കെംപക്‌ഡേ, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസ്. ജൂണ്‍ അവസാനം തീയേറ്ററുകളിലെത്തിയേക്കും.

click me!