മകന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ച് വിനയന്‍; 'പത്തൊമ്പതാം നൂറ്റാണ്ട്' പോസ്റ്റ് പ്രൊഡക്ഷന്‍ മുന്നോട്ട്

Published : Dec 17, 2021, 10:57 PM IST
മകന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ച് വിനയന്‍; 'പത്തൊമ്പതാം നൂറ്റാണ്ട്' പോസ്റ്റ് പ്രൊഡക്ഷന്‍ മുന്നോട്ട്

Synopsis

പതിനെട്ടാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അവതരിപ്പിച്ച് വിനയന്‍

പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി. 'കണ്ണന്‍ കുറുപ്പ്' എന്ന യുവ പൊലീസ് ഇന്‍സ്‍പെക്ടറുടെ കഥാപാത്രത്തെയാണ് വിനയന്‍ പരിചയപ്പെടുത്തുന്നത്. വിനയന്‍റെ മകന്‍ വിഷ്‍ണു വിനയ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മകനായതുകൊണ്ടല്ല ഈ വേഷം വിഷ്‍ണുവിനെ ഏല്‍പ്പിച്ചതെന്ന് വിനയന്‍ പറയുന്നു.

വിനയന്‍ പറയുന്നു

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പതിനെട്ടാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യുന്നു. തിരുവിതാംകൂറിന്‍റെ മുൻ പടനായകൻമാരിൽ ശ്രദ്ധേയനായിരുന്ന പപ്പുക്കുറുപ്പിന്‍റെ പുത്രൻ കണ്ണൻ കുറുപ്പ് എന്ന പൊലീസ് ഇൻസ്പെക്ടറെ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധിനിവേശത്തോടെ പുത്തൻ ഉണർവ്വ് നേടിയ തിരുവിതാംകൂർ പൊലീസിലെ വ്യത്യസ്ത വ്യക്തിത്വമായ ഈ ഇൻസ്പെക്ടറെ വിഷ്ണു വിനയ് എന്ന യുവ നടനാണ് അവതരിപ്പിക്കുന്നത്. അധസ്ഥിതർക്കു വേണ്ടി പൊരുതിയ ധീരനായ പോരാളി ആറാട്ടുപുഴ വേലായുധ പണിക്കർ ഒരു വശത്തും അയാളെ ഉൻമൂലനം ചെയ്യാൻ സർവ്വസന്നാഹത്തോടെ പടയൊരുക്കിയ നാടുവാഴികൾ മറു ഭാഗത്തും അണിനിരന്നപ്പോൾ കണ്ണൻ കുറുപ്പ് സ്വീകരിച്ച നിലപാട് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. വിഷ്ണു ആ കഥാപാത്രത്തോടു നീതി പുലർത്തിയിട്ടുണ്ട്. എന്‍റെ മകനായതുകൊണ്ട് വിഷ്ണുവിന് ആ വേഷം  കൊടുത്തതല്ല, മറിച്ച് അയാൾ ആ വേഷം ഭംഗിയാക്കും എന്ന് എനിക്കു തോന്നിയതു കൊണ്ടു മാത്രമാണ്. ഇനി ചിത്രം കണ്ടുകഴിഞ്ഞ് നിങ്ങൾ വിലയിരുത്തുക. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഷൂട്ടിംഗ് പൂർത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി ഇനിയും നാലുമാസമെങ്കിലും എടുക്കും. 2022 ഏപ്രിലിൽ ചിത്രം തിയറ്ററിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്.

നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കേന്ദ്ര കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് യുവതാരം സിജു വില്‍സണ്‍ ആണ്.  ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങി വലിയ താരനിരയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നത്. കയാദു ലോഹര്‍ ആണ് നായിക. 

PREV
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'