
റിലീസ് ദിനത്തിലെയും ആദ്യ വാരാന്ത്യത്തിലെയും കളക്ഷന് വലിയ പ്രാധാന്യമാണ് നിര്‍മ്മാതാക്കള്‍ ഇന്ന് നല്‍കുന്നത്. വിചാരിക്കുന്നതുപോലെ പോസിറ്റീവ് അഭിപ്രായം ചിത്രം നേടിയില്ലെങ്കില്‍ ആ സമയം കൊണ്ട് പരമാവധി കളക്റ്റ് ചെയ്യുക എന്നതാണ് അതിന്‍റെ ലക്ഷ്യം. ബിഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച് ഇത് കൂടുതല്‍ പ്രധാനവുമാണ്. വാരാന്ത്യ കളക്ഷനില്‍ പരമാവധി മുന്നേറ്റമുണ്ടാക്കാന്‍ നിര്‍മ്മാതാക്കള്‍ ചെയ്യുന്ന ഒരു കാര്യം സിനിമ വ്യാഴാഴ്ച റിലീസ് ചെയ്യുക എന്നതാണ്. ഞായറാഴ്ച വരെ നാല് ദിവസത്തെ ഫസ്റ്റ് വീക്കെന്‍ഡ് ലഭിക്കും എന്നതാണ് ഇതിലെ നേട്ടം. എന്നാല്‍ ചിലര്‍ പരമ്പരാഗത രീതിയില്‍ വെള്ളിയാഴ്ച തന്നെ ചിത്രം പുറത്തിറക്കാറുണ്ട്. വെള്ളിയാഴ്ച വരാനിരിക്കുന്ന വലിയ ചിത്രങ്ങളിലൊന്ന് പേട്രിയറ്റ് ആണ്.
ഏപ്രില്‍ 23 എന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി വ്യാഴാഴ്ച ആയിരുന്നു. എന്നാല്‍ അത് മെയ് 1 ലേക്ക് നീട്ടിയപ്പോള്‍ വെള്ളിയാഴ്ചയായി മാറി. മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ഹൈപ്പ് ഉള്ള ചിത്രമാണ് പേട്രിയറ്റ്. വ്യാഴാഴ്ച വേണ്ടെന്ന് തീരുമാനിച്ച് വെള്ളിയാഴ്ച റിലീസ് ഉറപ്പിച്ചത് ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവിനുള്ള കോണ്‍ഫിഡന്‍സ് ആണ് കാണിക്കുന്നതെന്ന് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. സമീപകാലത്ത് വെള്ളിയാഴ്ച റിലീസ് ആയി എത്തിയ രണ്ട് ചിത്രങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. തുടരും, കളങ്കാവല്‍ എന്നീ ചിത്രങ്ങളാണ് അത്. തുടരും കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25 നും കളങ്കാവല്‍ ഡിസംബര്‍ 5 നും ആയിരുന്നു റിലീസ് ആയത്. രണ്ടും വെള്ളിയാഴ്ച.
മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ