'നിരൂപകരല്ല, നിങ്ങള്‍ വരൂ'; സ്പെഷല്‍ പ്രിവ്യൂവിന് സാധാരണ പ്രേക്ഷകരെ ക്ഷണിച്ച് 'ഛുപ്' അണിയറക്കാര്‍

By Web TeamFirst Published Sep 17, 2022, 5:14 PM IST
Highlights

ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നത് സണ്ണി ഡിയോള്‍ ആണ്. 

ദുല്‍ഖര്‍ സല്‍മാന്‍റേതായി അടുത്ത് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം ഹിന്ദിയില്‍ ആണ്. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഛുപ്: റിവെഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന ചിത്രമാണ് അത്. സെപ്റ്റംബര്‍ 23 നാണ് ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. കഴിഞ്ഞ വാരം ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കുകളിലായിരുന്നു അണിയറക്കാരും താരങ്ങളും. ഇപ്പോഴിതാ റിലീസിന് മുന്‍പുള്ള പ്രിവ്യൂവില്‍ വ്യത്യസ്തത സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് അണിയറക്കാര്‍. നിരൂപകര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പകരം സാധാരണ പ്രേക്ഷകര്‍ക്കാണ് ഛുപിന്‍റെ പ്രിവ്യൂ കാണാനുള്ള അവസരം. നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ വീഡിയോയില്‍ സംവിധായകന്‍ ആര്‍ ബല്‍കിയാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

ഹായ്, ഞാന്‍ ആര്‍ ബാല്‍കി. ഛുപ് എന്ന ചിത്രത്തിന്റെ രചയിതാവും സംവിധായകനുമാണ്. സെപ്റ്റംബര്‍ 23 നാണ് ഞങ്ങളുടെ ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഒരു സ്പെഷല്‍ പ്രിവ്യൂവിന് നിങ്ങളെ ക്ഷണിക്കാനാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. അത് ഒരു സൌജന്യ പ്രദര്‍ശനവുമായിരിക്കും. ചിത്രം റിലീസ് ചെയ്യുന്നതിന് മൂന്ന് ദിവസം മുന്‍പ്, അതായത് 20-ാം തീയതി തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാവും ഈ പ്രിവ്യൂ. പരമ്പരാഗതമായി ഒരു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസിനു മുന്‍പ് നടത്തുന്ന പ്രിവ്യൂവിനായുള്ള ക്ഷണം നിരൂപകര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും. ഇതാദ്യമായാണ് മറ്റാരെക്കാളും മുന്‍പേ പ്രേക്ഷകര്‍ക്ക് ചിത്രം കാണാനുള്ള അവസരം ലഭിക്കുന്നത്. ചിത്രം കണ്ട് പ്രേക്ഷകര്‍ അവരുടെ അഭിപ്രായം അറിയിക്കും. അതിനാല്‍ ദയവായി ബുക്ക് മൈ ഷോയിലേക്ക് പോയി നിങ്ങളുടെ സീറ്റ് ഉറപ്പാക്കുക. എന്നിട്ട് ഞങ്ങളുടെ ഛുപ് എങ്ങനെയുണ്ടെന്ന് പറയുക, ബല്‍കി പറയുന്നു.

ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നത് സണ്ണി ഡിയോള്‍ ആണ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത്. ഒരു ത്രില്ലര്‍ ചിത്രം ബല്‍കി ആദ്യമായാണ് സംവിധാനം ചെയ്യുന്നത്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ ബല്‍കി.  പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ഗുരു ദത്തിന്‍റെ ചരമ വാര്‍ഷികത്തിലായിരുന്നു ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

ALSO READ : ഓസ്‍കറില്‍ ഇന്ത്യയുടെ ചരിത്രം തിരുത്തുമോ രാജമൗലി? വിദേശ മാധ്യമങ്ങളുടെ സാധ്യതാ പട്ടികയില്‍ 'ആര്‍ആര്‍ആര്‍'

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി.  

click me!