പ്രകടനങ്ങളുടെ 'തങ്കം'; തിയറ്ററുകളില്‍ കൈയടി

By Web TeamFirst Published Jan 27, 2023, 7:49 PM IST
Highlights

മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സിലെ അഭിഭാഷക കഥാപാത്രത്തിനു ശേഷം വിനീതിലെ അഭിനേതാവിന്‍റെ റേഞ്ച് പ്രേക്ഷകര്‍ക്ക് മനസിലാക്കാനാവുന്ന ഒന്നാണ് തങ്കത്തിലെ കണ്ണന്‍

സംവിധായകര്‍ക്കോ തിരക്കഥാകൃത്തുക്കള്‍ക്കോ ഒപ്പമോ അതിലേറെയോ നിര്‍മ്മാണ കമ്പനികള്‍ വിലമതിക്കപ്പെട്ട ഒരു കാലം മലയാളത്തില്‍ ഉണ്ടായിരുന്നു. പ്രൊഡക്ഷന്‍ കമ്പനികളുടെ പേരെന്നത് മിനിമം ഗ്യാരന്റിയായി കാണികള്‍ കരുതിയിരുന്ന കാലം. അത്തരം ഗ്യാരന്‍റി കാണികള്‍ ഇപ്പോഴും കല്‍പ്പിച്ചുപോരുന്ന ചില ബാനറുകള്‍ ഇപ്പോഴുമുണ്ട്. അതിലൊന്നാണ് ഭാവന സ്റ്റുഡിയോസ്. അവരുടേതായി ഈ വാരം തിയറ്ററുകളിലെത്തിയ ചിത്രം, തങ്കം റിലീസ് ദിനത്തില്‍ നേടിയ കൈയടി ശ്യാം പുഷ്കരന്‍റെ തിരക്കഥയ്ക്കും സഹീറ് ആറാഫത്തിന്‍റെ സംവിധാനത്തിനുമൊപ്പം ചില മികവുറ്റ പ്രകടനങ്ങള്‍ക്കുകൂടിയാണ്.

നടന്‍ എന്ന നിലയില്‍ അരങ്ങേറിയിട്ട് ഒന്നര പതിറ്റാണ്ട് ആയെങ്കിലും മികവുറ്റ ചില വേഷങ്ങള്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ചത് അടുത്ത കാലത്താണ്. മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സിലെ ഞെട്ടിച്ച കഥാപാത്രത്തിനു ശേഷം വിനീതിലെ അഭിനേതാവിന്‍റെ റേഞ്ച് പ്രേക്ഷകര്‍ക്ക് മനസിലാക്കാനാവുന്ന ഒന്നാണ് തങ്കത്തിലെ കണ്ണന്‍. മുകുന്ദന്‍ ഉണ്ണിയെപ്പോലെ ഉള്ളിലുള്ളത് മുഴുവനും വെളിവാക്കാത്ത ഒരാളാണ് കണ്ണനും. എന്നാല്‍ തീര്‍ത്തും രണ്ട് ഷെയ്ഡുകളിലുള്ള കഥാപാത്രങ്ങളാണ് ഇവ. ഒരു മികച്ച നടനെ ആവശ്യപ്പെടുന്ന കഥാപാത്രത്തെ ഓരോ ഫ്രെയ്മിലും വിനീത് സൂക്ഷ്മമായി അവതരിപ്പിച്ചിട്ടുണ്ട്.

കണ്ണന്‍റെ സുഹൃത്തുക്കളായെത്തുന്ന ബിജു മേനോനും വിനീത് തട്ടിലുമാണ് ചിത്രത്തിലെ മറ്റു രണ്ട് മികച്ച പ്രകടനങ്ങള്‍. ഒരുകാലത്ത് റൊമാന്‍റിക് നായകനായും ഒപ്പം പൊലീസ് വേഷങ്ങളിലുമൊക്കെ തിളങ്ങിയ ബിജു മേനോന്‍റെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു അയ്യപ്പനും കോശിയിലെ ടൈറ്റില്‍ കഥാപാത്രം. അയ്യപ്പന്‍ കുറച്ച് ലൌഡ് ആയ കഥാപാത്രമായിരുന്നെങ്കില്‍ തങ്കത്തിലെ മുത്ത് ഒതുക്കമുള്ള ഒരാളാണ്. അതേസമയം നിരവധി അടരുകളുള്ള ഒന്നും. ബിജു മേനോനെപ്പോലെതന്നെ തൃശൂര്‍ക്കാരനാണ് കണ്ണന്‍. ആ ഭാഷാരീതിയുടെ മര്‍മ്മം അറിയാവുന്ന ഒരാളെ ഈ കഥാപാത്രമായി കാസ്റ്റ് ചെയ്തതില്‍ അണിയറക്കാരുടെ മികവ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫ്രെയ്‍മുകളിലൂടെ നമ്മള്‍ കണ്ടറിഞ്ഞിട്ടുള്ള വിനീത് തട്ടില്‍ എന്ന അഭിനേതാവിനെ മറ്റൊരു തലത്തിലേക്ക് വളരാന്‍ അനുവദിക്കുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. ബിജു മേനോനുമൊത്തുള്ള അദ്ദേഹത്തിന്‍റെ കോമ്പിനേഷന്‍ രംഗങ്ങള്‍ രസിപ്പിക്കുന്നതാണ്.

ALSO READ : 'ഒരു 57കാരന്‍റെ ഉപദേശമാണ് അത്'; പഠാന്‍ റിലീസിനു ശേഷം ഷാരൂഖ് ഖാന്‍റെ ആദ്യ പ്രതികരണം

കണ്ണന്‍റെ ഭാര്യയായി അപര്‍ണ ബാലമുരളിയും ചുരുക്കം സീനുകളിലേ ഉള്ളൂവെങ്കിലും കണ്ണന്‍റെ അച്ഛനായി കൊച്ചുപ്രേമനും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ കേന്ദ്ര സ്ഥാനത്ത് പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന മറ്റൊരാള്‍ ഉണ്ട്. മറാത്ത് നടന്‍ ഗിരീഷ് കുല്‍ക്കര്‍ണിയാണ് അത്. ചില ഹിന്ദി ചിത്രങ്ങളിലും സേക്രഡ് ഗെയിംസ് അടക്കമുള്ള വെബ് സിരീസുകളിലും പല മലയാളി പ്രേക്ഷകരും മുന്‍പ് കണ്ടിരിക്കാവുന്ന ഈ അതുല്യ നടനെ മുഴുവന്‍ മലയാളി ആസ്വാദകര്‍ക്കും മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് സഹീറദ് അറാഫത്തും സംഘവും. മലയാളികള്‍ ഉള്‍പ്പെട്ട ഒരു കേസ് തമിഴ്നാട്ടില്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന മഹാരാഷ്ട്ര പൊലീസിലെ ഒരു ഉദ്യേഗസ്ഥനാണ് അദ്ദേഹത്തിന്‍റെ കഥാപാത്രം. പ്രൊസിജ്യുറല്‍ ഡ്രാമ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രത്തെ ഒരു ഘട്ടം കഴിഞ്ഞാല്‍ കൊണ്ടുപോകുന്നതും ഈ നടന്‍ തന്നെ. 

click me!