
അനുവാദമില്ലാതെ അപകീർത്തികരമാം വിധം അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ച സിനിമാ പ്രവർത്തകർക്കെതിരെ നഷ്ടപരിഹാരം നൽകാൻ മുന്‍സിഫ് കോടതിയുടെ വിധി. ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന സിനിമയിലാണ് അധ്യാപികയുടെ ഫോട്ടോ വന്നത്. കൊടുങ്ങല്ലൂർ അസ്മാബി കോളെജ് അധ്യാപിക പ്രിൻസി ഫ്രാൻസിസ് ആണ് അഡ്വ. പി നാരായണൻകുട്ടി മുഖേന പരാതി നൽകിയത്. പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1.68 ലക്ഷം രൂപ നൽകാനുമാണ് ചാലക്കുടി മുൻസിഫ് എം എസ് ഷൈനിയുടെ വിധി.
മോഹൻലാൽ നായകനായി അഭിനയിച്ച ഒപ്പം സിനിമയിലെ 29-ാം മിനിറ്റിൽ പൊലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിൻസി ഫ്രാൻസിസിൻ്റെ ഫോട്ടോ ഉള്‍പ്പെടുത്തിയത്. ഫോട്ടോ അനുവാദമില്ലാതെ തന്‍റെ ബ്ളോഗിൽ നിന്ന് എടുക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഇത് മാനസിക വിഷമത്തിന് കാരണമായി. ഇതേത്തുടര്‍ന്ന് 2017 ൽ ആണ് കോടതിയെ സമീപിച്ചത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂർ, സംവിധായകന്‍ പ്രിയദർശൻ എന്നിവർക്ക് പുറമേ അസിസ്റ്റന്‍റ് ഡയറക്ടർ മോഹൻദാസിനെയും കക്ഷി ചേര്‍ത്തിരുന്നു.
ഫോട്ടോ അധ്യാപികയുടേത് അല്ലെന്നാണ് എതിര്‍ ലക്ഷികള്‍ വാദിച്ചത്. സിനിമയില്‍ നിന്ന് പ്രസ്തുത ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അണിയറക്കാര്‍ ഇതിന് തയ്യാറായില്ല. ചിത്രത്തില്‍ നിന്ന് ഫോട്ടോ ഇപ്പോഴും നീക്കിയിട്ടില്ല. എട്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിലാണ് നീതി ലഭിച്ചതെന്നും സാധാരണക്കാരായ സ്ത്രീകള്‍ക്കുവേണ്ടിയാണ് നിയമ നടപടിക്ക് മുന്നിട്ടിറങ്ങിയതെന്നും പ്രിന്‍സി ഫ്രാന്‍സിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ALSO READ : വിജയത്തുടര്‍ച്ചയ്ക്ക് ബേസില്‍; 'മരണമാസ്സ്' ട്രെയ്‍ലര്‍ എത്തി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ