കൊച്ചു പ്രേമനെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം, വേദനയിൽ പങ്കുചേർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ

Published : Dec 03, 2022, 07:01 PM IST
കൊച്ചു പ്രേമനെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം, വേദനയിൽ പങ്കുചേർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ

Synopsis

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും അടക്കമുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം കൊച്ചു പ്രേമന്‍റെ കുടുംബത്തിനും മലയാള ചലച്ചിത്ര ലോകത്തിനുമൊപ്പം ദുഃഖം പങ്കുവച്ചു

കൊച്ചി: അന്തരിച്ച പ്രമുഖ നടൻ കൊച്ചു പ്രേമന്‍റെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രീയ രംഗത്തെ പ്രമുഖർ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും അടക്കമുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം കൊച്ചു പ്രേമന്‍റെ കുടുംബത്തിനും മലയാള ചലച്ചിത്ര ലോകത്തിനുമൊപ്പം ദുഃഖം പങ്കുവച്ചു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്‍റേതെന്നും നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നാടകത്തിലൂടെ സിനിമയിലെത്തുകയും അവിടെയും തന്‍റേതായ ഇടം നേടിയെടുക്കുകയും ചെയ്ത നടനായിരുന്നു കൊച്ചുപ്രേമനെന്നാണ് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചത്.

മുഖ്യമന്ത്രിയുടെ അനുസ്മരണം

ചലച്ചിത്രതാരം കൊച്ചു പ്രേമന്‍റെ നിര്യാണത്തിൽ അനുശോചിക്കുന്നു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സന്തപ്ത കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.

എട്ടിൽ വിസ്മയിപ്പിച്ച് തുടങ്ങി, നാടകത്തിലൂടെ വളർന്നു, 79 ൽ വെള്ളിത്തിരയിൽ; 'ഇരട്ടക്കുട്ടികളുടെ അച്ഛൻ' തുണയായി

പ്രതിപക്ഷ നേതാവിന്‍റെ അനുസ്മരണം

നാടകത്തിലൂടെ സിനിമയിലെത്തുകയും അവിടെയും തന്റേതായ ഇടം നേടിയെടുക്കുകയും ചെയ്ത നടനായിരുന്നു കൊച്ചുപ്രേമന്‍. ആ ചിരിയും നോട്ടവും മുഖത്തെ പ്രത്യേകതരം ഭാവവും ഭാഷാശൈലിയും ശരീരം ഇളക്കിയുള്ള സംഭാഷണവുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസില്‍ കൊച്ചുപ്രേമനെന്ന നടനെ കുടിയിരുത്തി. ഏത് അപ്രധാന കഥാപാത്രത്തെയും കൊച്ചുപ്രേമന്‍ തന്റേതായ ശൈലിയില്‍ പ്രേക്ഷകരിലേക്ക് ഉറപ്പിച്ചു നിര്‍ത്തി. ഇനി ആ ചിരിയും നിഷ്‌ക്കളങ്ക സംഭാഷണങ്ങളും ഇല്ലെന്ന യാഥാര്‍ത്ഥ്യം വേദനയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു.

സി പി എം സംസ്ഥാന സെക്രട്ടറിയുടെ അനുസ്മരണം

പ്രശസ്ത സിനിമ- സീരിയൽ താരം കൊച്ചുപ്രേമന് ആദരാഞ്ജലികൾ. മലയാള സിനിമയിൽ എന്നെന്നും ഓർത്തു വെക്കാവുന്ന ഒരു പിടി ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് അദ്ദേഹം വിട പറയുന്നത്. വിദ്യാർത്ഥിയായിരിക്കെ തന്നെ നാടക രംഗത്തേക്ക് കടന്നു വന്ന കൊച്ചുപ്രേമൻ കേരളത്തിലെ ഒട്ടുമിക്ക നാടക സമിതികളിലേയും സജീവ സാന്നിധ്യമായിരുന്നു. നാടക രചനയിലും കഴിവ് തെളിയിച്ച ഇദ്ദേഹത്തിന്റെ വിയോഗം കലാ കേരളത്തിന്റെ തീരാനഷ്ടമാണ്. കൊച്ചുപ്രേമന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും കലാപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കെ പി സി സി അധ്യക്ഷന്‍റെ അനുസ്മരണം

നോട്ടം, ശബ്ദ സവിശേഷത, അഭിനയമികവ് എന്നിവ കൊണ്ട് മടുപ്പ് തോന്നിപ്പിക്കാതെ പ്രേക്ഷകരെ രസിപ്പിച്ച കലാകാരന്‍. ഹാസ്യരംഗത്ത് തന്റെതായ ശൈലി കൊണ്ടുവന്ന് തന്‍മയത്തോടെ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അഭിനയിച്ച് പ്രതിഫലിപ്പിച്ച അതുല്യപ്രതിഭ. സൗമ്യതയോടുള്ള പെരുമാറ്റം അദ്ദേഹത്തെ വലിയ  സൗഹൃദ ബന്ധത്തിന് ഉടമയാക്കി.നാടകരംഗത്തും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചു.  മലയാള സിനിമ ഏക്കാലവും ഓര്‍മ്മിക്കുന്ന കലാകാരനായിരിക്കും കൊച്ചുപ്രേമന്‍. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് കനത്ത നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ അനുസ്മരണം

നാടകത്തിലും ഒട്ടേറെ സിനിമകളിൽ അഭിനയിച്ച കൊച്ചു പ്രേമന്‍റെ നിര്യാണത്തിൽ അനുശോചിക്കുന്നു. തന്റെ വ്യത്യസ്തമായ ഹാസ്യ അഭിനയശൈലിയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയിരുന്നു. സിനിമാരംഗത്തും നാടക രംഗത്തും ഒരു പോലെ വ്യക്തിമുദ്ര പതിപ്പിച്ചു. കുടുംബാംഗങ്ങളുടെ വേദനയിൽ പങ്ക് ചേരുന്നതായും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ ജോസിന്
ദുൽഖറിന്റെ 'ഐ ആം ഗെയിം' എങ്ങനെയുണ്ടാകും?, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഛായാഗ്രഹകൻ