Asianet News MalayalamAsianet News Malayalam

എട്ടിൽ വിസ്മയിപ്പിച്ച് തുടങ്ങി, നാടകത്തിലൂടെ വളർന്നു, 79 ൽ വെള്ളിത്തിരയിൽ; 'ഇരട്ടക്കുട്ടികളുടെ അച്ഛൻ' തുണയായി

നാടക സമിതിയിൽ സജീവമായ കാലത്ത് അതേ പേരുള്ള സുഹൃത്തും സമിതിയിലുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കൊച്ചുപ്രേമൻ എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്.

kochu preman passed away special story
Author
First Published Dec 3, 2022, 6:19 PM IST

കൊച്ചി: മലയാള ചലച്ചിത്ര മേഖലക്ക് വേദന സമ്മാനിച്ച് നടൻ കൊച്ചു പ്രേമൻ വിടപറഞ്ഞകലുമ്പോൾ അത്രമേൽ സംഭവ ബഹുലമായൊരു കലാ ജീവിതം കൂടിയാണ് യാത്രയാകുന്നത്. മലയാള സിനിമയിൽ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചു പ്രേമൻ നാടക മേഖലയിലൂടെയാണ് കലാരംഗത്ത് സജീവമായത്. തിരുവനന്തപുരം ജില്ലയിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്‍റെയും മകനായി 1955 ൽ ജനിച്ച കെ എസ് പ്രേം കുമാർ ആണ് കൊച്ചു പ്രേമനായി മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങിയത്. പേയാട് സർക്കാർ സ്കൂളിലെ പഠന കാലത്ത് തന്നെ നാടക മേഖലയിൽ കണ്ണുവച്ചായിരുന്നു പ്രേമൻ തുടങ്ങിയത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്വയം നാടകമെഴുതി സംവിധാനം ചെയ്താണ് കൊച്ചു പ്രേമൻ ആദ്യം വിസ്മയിപ്പിച്ചത്. ആദ്യ നാടകം ഏവരുടെയും ശ്രദ്ധ കവർന്നു. അധ്യാപകരും സഹപാഠികളുമെല്ലാം പ്രോത്സാഹിപ്പിച്ചതോടെ രണ്ടാമത്തെ നാടകവും പിറന്നു. ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും ശ്രദ്ധ നേടിയിരുന്നു.

ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. സ്കൂൾ പഠനത്തിനു ശേഷമാണ് പ്രേമൻ നാടകത്തെ ഗൗരവമായി കാണാൻ തുടങ്ങിയത്. തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ കെ ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെ കലാ രംഗത്തെ ഉറച്ച കാൽവെയ്പ്പായി അത് മാറി. ശേഷം ഗായത്രി തീയേറ്റേഴ്സിന്‍റെ അനാമിക എന്ന നാടകത്തിലും പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രേമൻ പ്രവർത്തിച്ചു.

നാടകത്തിലൂടെ അഭിനയരം​ഗത്തേക്ക്, 250ലേറെ ചിത്രങ്ങള്‍, കൊച്ചു പ്രേമന്‍ അനശ്വരമാക്കിയ സിനിമകള്‍

കേരള തീയേറ്റേഴ്സിന്‍റെ അമൃതം ഗമയ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ പി ദേവിന്‍റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ കൊച്ചു പ്രേമന് ധാരാളം ആരാധകരെ സമ്മാനിച്ചു. പ്രശസ്ത സംവിധായകൻ ജെ സി കുറ്റിക്കാടാണ് നാടകത്തിൽ നിന്ന് സിനിമയുടെ ലോകത്തിലേക്ക് കൊച്ചു പ്രേമനെ കൈപിടിച്ച് കയറ്റിയത്. കൊച്ചു പ്രേമൻ എഴുതി സംവിധാനം ചെയ്ത നാടകം കണ്ടതായിരുന്നു കുറ്റിക്കാടിന്‍റെ ശ്രദ്ധകവർന്നത്. 1979 ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയിലൂടെ പ്രേമൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. രാജസേനൻ ചിത്രങ്ങളിലൂടെയാണ് കൊച്ചു പ്രേമൻ സിനാമാലോകത്തിന്‍റെ ശ്രദ്ധ കവർന്നു. 1997 ൽ രാജസേനന്‍റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചു പ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകളാണ് ചെയ്തത്. ഇതിനിടയിൽ സംവിധായകൻ സത്യൻ അന്തിക്കാട് കൊച്ചു പ്രേമൻ അഭിനയിച്ച നാടകം കണ്ടത് വഴിത്തിരിവായി. നാടകത്തിലെ മികച്ച പ്രകടനത്തെ തുടർന്ന് ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിലേക്ക് സത്യൻ അന്തികാട് അദ്ദേഹത്തെ ക്ഷണിച്ചു. കഥാപാത്രം മികച്ചതാക്കിയതോടെ പിന്നീട് നിരവധി അവസരങ്ങളാണ് കൊച്ചുപ്രേമനെ തേടിയെത്തിയത്. സിനിമ നടൻ എന്ന ലേബൽ തന്ന ചിത്രമാണ് ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്നാണ് കൊച്ചു പ്രേമൻ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളത്.

ഗുരു എന്ന ചിത്രത്തിലെ അഭിനയവും കയ്യടി നേടി. ജയരാജ് സംവിധാനം ചെയ്ത തിളക്കം എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചു പ്രേമൻ മാറി. രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ൽ റിലീസായ ലീല എന്ന ചിത്രത്തിൽ കൊച്ചു പ്രേമൻ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമർശനങ്ങൾക്കിടയാക്കി. പക്ഷേ ആ വിമർശനങ്ങളെ കൊച്ചു പ്രേമൻ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകർ നൽകിയ അംഗീകാരമായിട്ടാണ്. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു.

നാടക സമിതിയിൽ സജീവമായ കാലത്ത് അതേ പേരുള്ള സുഹൃത്തും സമിതിയിലുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കൊച്ചുപ്രേമൻ എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. 68 ാം വയസിലാണ് കൊച്ചു പ്രേമൻ ജീവിതത്തിൽ നിന്ന് വിട വാങ്ങിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സിനിമാ സീരിയൽ താരം ഗിരിജയാണ് കൊച്ചു പ്രേമന്‍റെ ഭാര്യ. ഹരികൃഷ്ണൻ എന്നാണ് ഏക മകന്‍റെ പേര്.

Follow Us:
Download App:
  • android
  • ios