'ലിയോ'യിലെ ട്രാക്ക് മോഷണം? അനിരുദ്ധിനെതിരെ ആരോപണം; പ്രതികരണവുമായി 'പീക്കി ബ്ലൈന്‍ഡേഴ്സ്' സംഗീത സംവിധായകന്‍

Published : Oct 25, 2023, 11:55 AM IST
'ലിയോ'യിലെ ട്രാക്ക് മോഷണം? അനിരുദ്ധിനെതിരെ ആരോപണം; പ്രതികരണവുമായി 'പീക്കി ബ്ലൈന്‍ഡേഴ്സ്' സംഗീത സംവിധായകന്‍

Synopsis

ലിയോയിലെ 'ഓര്‍ഡിനറി പേഴ്സണ്‍' എന്ന ട്രാക്ക് ആണ് ആരോപണത്തിന് അടിസ്ഥാനം

തമിഴ് സിനിമയില്‍ നിലവില്‍ ഏറ്റവും വിപണിമൂല്യമുള്ള സംഗീത സംവിധായകരില്‍ ഒരാളാണ് അനിരുദ്ധ് രവിചന്ദര്‍. കോളിവുഡില്‍ നിന്ന് അടുത്തിടെ വലിയ ഹിറ്റ് ആയ സിനിമകളിലെല്ലാം അനിരുദ്ധിന്‍റെ സംഗീതം സാന്നിധ്യമുണ്ടായിരുന്നു. പാട്ടുകള്‍ക്കൊപ്പം പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ് ഒരുക്കുന്ന പശ്ചാത്തലസംഗീതവും അനിരുദ്ധിനെ സംവിധായകരുടെ പ്രിയ മ്യൂസിക് ഡയറക്ടര്‍ ആക്കുന്നു. വിക്രത്തിനും ജയിലറിനും പിന്നാലെ തമിഴ് സിനിമയിലെ ഏറ്റവും ഒടുവിലത്തെ വിജയം ലിയോയുടെയും സം​ഗീതം അനിരുദ്ധ് ആണ്. പതിവുപോലെ സിനിമാപ്രേമികള്‍ കൊണ്ടായുന്നുണ്ട് ഈ ചിത്രത്തിലെ ട്രാക്കുകളും. എന്നാല്‍ ചിത്രത്തിലെ അനിരുദ്ധിന്‍റെ ഒരു ട്രാക്ക് കോപ്പിയടി ആരോപണം ഉയര്‍ത്തിയിരിക്കുകയാണ്.

ലിയോയിലെ പശ്ചാത്തല സം​ഗീതത്തിന്‍റെ ഭാ​ഗമായി ഇം​ഗ്ലീഷ് വരികളുള്ള ചില ട്രാക്കുകള്‍ കടന്നുവരുന്നുണ്ട്. അതിലൊന്നായ ഓര്‍ഡിനറി പേഴ്സണ്‍ എന്ന ട്രാക്ക് ആണ് ആരോപണവിധേയം ആയിരിക്കുന്നത്. ഇത് പ്രശസ്ത ബ്രിട്ടീഷ് ടെലിവിഷന്‍ സിരീസ് ആയ പീക്കി ബ്ലൈന്‍ഡേഴ്സിലെ ഒരു ട്രാക്കിന്‍റെ പകര്‍പ്പ് ആണെന്നാണ് ആരോപണം ഉയരുന്നത്. ബെലറൂസിയന്‍ സം​ഗീത സംവിധായകനായ ഓട്നിക്ക എന്ന് അറിയപ്പെടുന്ന അലക്സേ സ്റ്റാനുലേവിച്ചും ആര്‍ടെ മിഖായേന്‍കിന്നും ആണ് പീക്കി ബ്ലൈന്‍ഡേഴ്സിലെ പ്രസ്തുത ട്രാക്കിന്‍റെ സൃഷ്ടാക്കള്‍. ഓട്നിക്കയെ ടാ​ഗ് ചെയ്തുകൊണ്ടാണ് ഇത് സംബന്ധിച്ച നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇതേത്തുടര്‍ന്ന് ഓട്നിക്ക തന്നെ ഇന്‍സ്റ്റ​ഗ്രാമിലൂടെ ഈ വിഷയത്തില്‍‌ പ്രതികരണം അറിയിച്ചിട്ടുണ്ട്.

 

ലിയോയെക്കുറിച്ചുള്ള മെസേജുകള്‍ക്ക് നന്ദി. ഞാന്‍ എല്ലാം കാണുന്നുണ്ട്. പക്ഷേ എല്ലാവര്‍ക്കും മറുപടി തരിക സാധ്യമല്ല. ഇമെയിലും ഇന്‍സ്റ്റ​ഗ്രാമും ഇത് സംബന്ധിച്ച മെസേജുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതുപോലെ യുട്യൂബില്‍ വേര്‍ ആര്‍ യു എന്ന ട്രാക്കിന്‍റെ കമന്‍റ് ബോക്സും. കാര്യങ്ങള്‍ അവ്യക്തമാണ് ഇപ്പോള്‍. ഞങ്ങള്‍ ഇത് പരിശോധിക്കുന്നുണ്ട്. കുറച്ചുകഴിഞ്ഞ് കാര്യങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കാം എന്ന് കരുതുന്നു. പക്ഷേ ഇതുവരെ ഞാന്‍ ആര്‍ക്കെതിരെയും ആരോപണം ഉയര്‍ത്തിയിട്ടില്ല, ഓട്നിക്ക ഇന്‍സ്റ്റ​ഗ്രാമിലൂടെ അറിയിച്ചു. 

 

അതേസമയം സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ചകള്‍ക്ക് അനിരുദ്ധിന്‍റെയോ മറ്റാരുടെയെങ്കിലുമൊ ഭാ​ഗത്തുനിന്ന് ഔദ്യോ​ഗിക പ്രതികരണങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

ALSO READ : ഹിറ്റ് ആയോ 'ലിയോ'? ഹിറ്റ് ആവാന്‍ എത്ര രൂപ കളക്റ്റ് ചെയ്യണം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ