കളക്ഷനില്‍ മാത്രമല്ല, പ്രീ സെയില്‍സിലും വലിയ നേട്ടമുണ്ടാക്കിയ ചിത്രം

സിനിമകളുടെ കളക്ഷന്‍ ഇന്ന് സിനിമാമേഖലയിലുള്ളവര്‍ക്ക് മാത്രം താല്‍പര്യമുണ്ടാക്കുന്ന കാര്യമല്ല, മറിച്ച് സാധാരണ പ്രേക്ഷകര്‍ക്കും ആ കണക്കുകളില്‍ താല്‍പര്യമുണ്ട്. മുന്‍പ് ചിത്രങ്ങളുടെ കലാപരമായ ഔന്നത്യമോ വിനോദമൂല്യമോ ഓടിയ ദിവസങ്ങളോ ഒക്കെയാണ് പ്രേക്ഷക ചര്‍ച്ചകളില്‍ സ്ഥിരമായി ഇടംപിടിച്ചിരുന്നതെങ്കില്‍ ഇന്ന് ബോക്സ് ഓഫീസ് കണക്കുകളും അവരുടെ തല്‍പ്പര വിഷയങ്ങളുടെ കൂട്ടത്തില്‍ ഉണ്ട്. ബോക്സ് ഓഫീസ് കണക്കുകള്‍‌ കൊണ്ട് ഏറ്റവുമൊടുവില്‍ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്ന ചിത്രം വിജയ് നായകനാവുന്ന ലിയോ ആണ്. തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപണിം​ഗ് നേടിയ ചിത്രം ആദ്യ അഞ്ച് ദിവസം കൊണ്ട് 419 കോടി നേടിയതായാണ് വിവരം. എന്നാല്‍ ചിത്രം നിര്‍മ്മാതാവിനെ സംബന്ധിച്ച് ലാഭത്തില്‍ ആയോ?

കളക്ഷനില്‍ മാത്രമല്ല, പ്രീ സെയില്‍സിലും വലിയ നേട്ടമുണ്ടാക്കിയ ചിത്രമാണിത്. ആ ​ഗണത്തില്‍ ചിത്രം 430 കോടി നേടിയതായാണ് റിപ്പോര്‍‌ട്ടുകള്‍. തിയട്രിക്കല്‍ റൈറ്റ്സ് വഴി തന്നെ 240 കോടിയാണ് ചിത്രം നേടിയത്. ഇതില്‍ തമിഴ്നാട്ടിലേത് മാത്രം 101 കോടി വരും. അതിനാല്‍ത്തന്നെ കളക്ഷന്‍റെ ഒരു വലിയ ശതമാനവും വിതരണക്കാര്‍ക്കാണ് പോകുന്നത്. തുടക്കത്തില്‍ ഇത് 60 മുതല്‍ 80 ശതമാനം വരെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാവിനെ സംബന്ധിച്ച് ചിത്രം ലാഭത്തിലാവാന്‍ 325 കോടി കളക്ഷന്‍ വേണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതനുസരിച്ച് ചിത്രം ഇതിനകം ലാഭത്തിലാണ്.

ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം എന്നതായിരുന്നു ലിയോയുടെ യുഎസ്‍പി. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് ചെയ്യുന്ന ചിത്രം എന്നതും ഇത് എല്‍സിയുവിന്‍റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാ​ഗമായിരിക്കുമോ എന്ന ആകാംക്ഷയും ലിയോയ്ക്ക് ​ഗുണകരമായി പ്രവര്‍ത്തിച്ച ഘടകങ്ങളാണ്. കേരളത്തിലും വമ്പന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചത്. 

ALSO READ : ബി​ഗ് ബോസ് താരം റിനോഷ് ജോര്‍ജ് വീണ്ടും സിനിമയില്‍; സംവിധാനം ജോജു ജോര്‍ജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം