
മലയാള സിനിമയില്‍ എണ്ണം പറഞ്ഞ കലാസംവിധായകരില്‍ ഒരാളാണ് ജോതിഷ് ശങ്കര്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ അടക്കം നേടിയിട്ടുള്ള ഇദ്ദേഹത്തിന്‍റെ ആദ്യ സംവിധാന സംരംഭമാണ് 'പൊൻമാൻ'. പുതുമയുള്ള കഥാ പാശ്ചത്തലത്തില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രമാണ് പൊന്‍മാന്‍.
ജി ആർ ഇന്ദുഗോപന്‍റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം, നോവല്‍ വായിച്ചവരെ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല. അതേ സമയം ചലച്ചിത്ര രൂപമായി മാത്രം ചിത്രത്തെ സമീപിക്കുന്നവര്‍ക്ക് തീര്‍ത്തും സര്‍പ്രൈസായ ഒരു അനുഭവം 'പൊൻമാൻ' നല്‍കുന്നു. വളരെ അപൂര്‍വ്വമായി മാത്രം മലയാള സിനിമ പരിവേഷണം ചെയ്തിട്ടുള്ള ഒരു ഭൂമികയും ജനവിഭാഗവുമാണ് 'ലൈഫ് ത്രില്ലര്‍' എന്ന് വിശേഷണം നല്‍കാവുന്ന പൊന്‍മാന്‍റെ വിജയഘടകം.
കൊല്ലം നഗരത്തിന്‍റെ വിശേഷണത്തില്‍ തുടങ്ങുന്ന ചിത്രം പിന്നീട് എത്തിച്ചേരുന്നത് കൊല്ലത്തിന്‍റെ കടലോരത്തിലേക്കാണ്, അവിടെ നിന്ന് കൊല്ലത്തിന്‍റെ കായലോരത്തിലേക്ക് ഈ ഭൂമിക സഞ്ചാരം പുരോഗമിക്കുകയാണ്. നമ്മുടെ പരിസരത്ത് ജീവിക്കുന്ന നമ്മുക്ക് പരിചിതരായ വ്യക്തികളായി അജേഷ് പിപിയും, ബ്രൂണോയും, സ്റ്റെഫിയും, മരിയോയും, മമ്മയും, ശര്‍മ്മയും തുടങ്ങിയ എല്ലാ കഥാപാത്രങ്ങളും മാറുന്നു.
മലയാളിയുടെ കുടുംബ പാശ്ചത്തലത്തില്‍ മഞ്ഞലോഹം എങ്ങനെ സ്വാദീനം ചെലുത്തുന്നു എന്നത് പല സിനിമ സാഹിത്യ രൂപങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട കാര്യമാണ്. എന്നാല്‍ അതിലേക്ക് വളരെ സിനിമാറ്റിക്കായ ഒരു യാത്രമാണ്, ഒരു കൂട്ടം കഥാപാത്രങ്ങളും പിരിമുറുക്കവും ട്വിസ്റ്റും ഒപ്പം സ്ക്രീന്‍ നിറയ്ക്കുന്ന പ്രകടനങ്ങളുമായി പൊന്‍മാനില്‍ കാണാന്‍ സാധിക്കുന്നത്.
നോവലിന്‍റെ വലിയ ഫ്രൈമിനെ ചലച്ചിത്ര കാഴ്ചയിലേക്ക് മാറ്റുന്ന ഗംഭീരമായ തിരക്കഥയാണ് ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യുവും ചേര്‍ന്ന് രൂപപ്പെടുത്തിയിരിക്കുന്നത്. നോവലില്‍ നിന്ന് തെന്നിമാറിയുള്ള ചില ആഖ്യാന കൗശലങ്ങളും ശരിക്കും നോവല്‍ വായിച്ച് സിനിമ കാണുന്നവര്‍ക്ക് അനുഭവമായി മാറുന്നുണ്ട്.
'അഴിഞ്ഞാടുക' എന്ന പ്രയോഗം പുതിയ കാല സോഷ്യല്‍ മീഡിയ പദാവലിയാണ്, അതിനോട് ചേര്‍ത്ത് വയ്ക്കാവുന്ന രീതിയിലുള്ള പ്രകടനമാണ് ബേസില്‍ ജോസഫ് അജേഷ് എന്ന റോളിലൂടെ കാഴ്ച വയ്ക്കുന്നത്. ഹീറോയിക്കായി, ജീവിതം ആഘോഷമാക്കുന്ന സാധാരണക്കാരനായി ചിത്രം മുഴുവന്‍ 'അജേഷ്' നിറഞ്ഞു നില്‍ക്കുന്നു. ആവേശത്തിലെ അമ്പാനിലൂടെ മലയാളികള്‍ക്കിടയില്‍ സ്ഥാനം നേടിയ സജിൻ ഗോപു മരിയൻ എന്ന് റോളില്‍ പെര്‍ഫെക്ടായ കാസ്റ്റിംഗാണ്. സജിന്‍റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇതെന്ന് പറയാം. ബ്രൂണോ ആയി എത്തുന്ന ആനന്ദ് മന്മാഥനും മികച്ചൊരു പ്രകടനമാണ് നടത്തുന്നത്. സ്റ്റെഫി എന്ന നായികയായി ലിജോമോൾ, വളരെ ഒതുങ്ങിയ രീതിയില്‍ തുടങ്ങി പിന്നീട് കഥയുടെ ഗ്രാഫ് ഉയരുന്നതിന് അനുസരിച്ച് തന്‍റെ പ്രകടനം വലുതാക്കുന്ന കഥാപാത്രമായി ഗംഭീര പ്രകടനം നടത്തുന്നുണ്ട്.
ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
25-ഓളം മലയാള ചിത്രങ്ങളുടെ കലാസംവിധായകനായി ജോലി ചെയ്തിട്ടുള്ള ജോതിഷ് ശങ്കര്‍ തന്‍റെ അനുഭവ പരിചയത്തെക്കൂടിയാണ് മികച്ചൊരു സിനിമയായി 'പൊൻമാൻ' ലൂടെ പ്രേക്ഷകന് സമ്മാനിക്കുന്നത്. കൊല്ലം കടപ്പുറത്തോട് ചേര്‍ന്ന ഒരു വീടും, കൊല്ലത്തെ ഒരു തുരുത്തിലെ വീടും അതിലെ ബ്രില്ല്യന്‍സിലും ഒരു പ്രൊഡക്ഷന്‍ ഡിസൈനറുടെ ചാരുതയും സംവിധായകനിലൂടെ കാണാം.
ഈ വര്‍ഷത്തെ തുടക്കത്തിലെ മലയാള സിനിമയിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായി ചേര്‍ത്ത് വയ്ക്കാവുന്ന സൃഷ്ടിയാണ് പൊന്‍മാന്‍. സാങ്കേതികമായും രചനപരമായും മികച്ചൊരു അനുഭവം തന്നെ ചിത്രം നല്‍കുന്നു.
എങ്ങനെയുണ്ട് 'പൊന്‍മാന്‍'? ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ
ഷെര്‍ലക് ഹോംസ് ഇന്‍ ലോക്കല്‍ വൈബ്; 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്' റിവ്യൂ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ