ഗൗതം വസുദേവ് മേനോന്‍റെ മലയാളത്തിലെ സംവിധാന അരങ്ങേറ്റ ചിത്രം
മലയാളികള്‍ക്ക് ഏറെ പരിചിതനായ തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍റെ മോളിവുഡ് ഡിറക്റ്റോറിയല്‍ അരങ്ങേറ്റം, അതും മമ്മൂട്ടിക്കൊപ്പം. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രം പേര് പോലെ കൗതുകം സൃഷ്ടിക്കാന്‍ ഏറ്റവും പ്രധാന കാരണം ഈ കോമ്പോ ആയിരുന്നു. ഷെര്‍ലക് ഹോംസിനുള്ള കലൂരിന്‍റെ ഉത്തരം എന്നതായിരുന്നു ചിത്രത്തിന്‍റെ ടാഗ് ലൈനുകളില്‍ ഒന്ന്. അതിനെ അന്വര്‍ഥമാക്കുന്ന രീതിയിലുള്ള, കോമഡിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കപ്പെടുന്ന ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം.
ചാള്‍സ് ഈനാശു ഡൊമിനിക് അഥവാ സി ഐ ഡൊമിനിക് ഒരു പഴയ പൊലീസുകാരനാണ്. സാമ്പ്രദായിക അര്‍ഥത്തില്‍ ജീവിതത്തില്‍ വിജയം കാണാത്ത ഡൊമിനിക് നിലവില്‍ കൊച്ചിയില്‍ ഒരു സ്വകാര്യ ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുകയാണ്. ഒരു അസിസ്റ്റന്‍റിനെ തേടി ഇറക്കിയ പരസ്യം കണ്ട് ഒരു ചെറുപ്പക്കാരന്‍ അഭിമുഖത്തിനായി വരുന്നതോടെ ആരംഭിക്കുന്ന ചിത്രം ഡൊമിനിക്കിന്‍റെ ജീവിതത്തെയും പരിസരങ്ങളെയും സ്വാഭാവികതയോടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുകയാണ്. നിലവില്‍ പൊലീസ് യൂണിഫോം അണിയുന്നില്ലെങ്കിലും ഉള്ളില്‍ സദാ ഉണര്‍ന്നിരിക്കുന്ന ഒരു പൊലീസുകാരനാണ് ഡൊമിനിക്. വിവാഹാലോചനകള്‍ക്ക് മുന്‍പായി വീട്ടുകാര്‍ ആവശ്യപ്പെടുന്ന അന്വേഷണവും പങ്കാളി തന്നില്‍നിന്ന് എന്തെങ്കിലും മറയ്ക്കുന്നുണ്ടോ എന്നറിയാനുള്ള അന്വേഷണവുമൊക്കെയായി രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഡിറ്റക്റ്റീവ് ആണ് ഡൊമിനിക്. സാമ്പത്തികമായി വലിയ നേട്ടമൊന്നും ഇല്ല എന്നതിനൊപ്പം അയാളിലെ അന്വേഷകനെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങളും അവയില്‍ പൊതുവെ ഉണ്ടാവാറില്ല. അങ്ങനെ പോകുന്ന ഡൊമിനിക്കിനെ തേടി ഉടമസ്ഥയില്ലാത്ത ഒരു ലേഡീസ് പഴ്സ് എത്തുന്നതോടെ അയാളുടെ ദിനങ്ങള്‍ മാറുകയാണ്. ആ പഴ്സിന്‍റെ ഉടമയെ തേടിയുള്ള യാത്ര പല നിഗൂഢതകളിലേക്കും നിരവധി ചോദ്യങ്ങളെയും അയാളെ എത്തിക്കുന്നു. ഡൊമിനിക്കിനും അയാളുടെ പുതുതായെത്തിയ അസിസ്റ്റന്‍റ് വിക്കിക്കുമൊപ്പം (ഗോകുല്‍ സുരേഷ്) നിഗൂഢ വഴികളിലൂടെയുള്ള സഞ്ചാരത്തിന് ക്ഷണിക്കുകയാണ് ഗൗതം വസുദേവ് മേനോന്‍.

മലയാളത്തിലെ അരങ്ങേറ്റ ചിത്രത്തിന് മമ്മൂട്ടിയെപ്പോലെ ഒരു താരത്തെ നായകനായി ലഭിച്ചിട്ടും അദ്ദേഹത്തിന്‍റെ താരപരിവേഷമല്ല ഗൗതം മേനോന്‍ ഉപയോഗിച്ചിരിക്കുന്നത്. മറിച്ച് അദ്ദേഹത്തിലെ നടനെയാണ്. യൂണിഫോമിലും അല്ലാതെയും അന്വേഷകന്മാരായ നിരവധി കഥാപാത്രങ്ങളെ ഇതിനകം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ മാറിയുള്ള സമീപനമാണ് ഡൊമിനിക്കിനോട് മമ്മൂട്ടി പുലര്‍ത്തിയിരിക്കുന്നത്. നമ്മുടെ അയല്‍പക്കത്ത് താമസിക്കുന്ന, വലിയ വിജയങ്ങളൊന്നും അക്കൗണ്ടില്‍ ഇല്ലാത്ത, എന്നാല്‍ അല്‍പസ്വല്‍പം വ്യത്യസ്തനായ ഡൊമിനിക്കിന് അയത്നലളിതമായ ഒരു ശരീരഭാഷയാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്. സിങ്ക് സൗണ്ട് കൂടിയായ ചിത്രത്തില്‍ ശബ്ദാഭിനയത്തിന്‍റെ സാധ്യത ഒരിക്കല്‍ക്കൂടി അദ്ദേഹം എടുത്ത് കാട്ടുന്നുണ്ട്. ഡൊമിനിക്കിന്‍റെ അസിസ്റ്റന്‍റ് ആയി പെര്‍ഫെക്റ്റ് കാസ്റ്റ് ആണ് ഗോകുല്‍ സുരേഷിന്‍റേത്. കോമഡിയുടെ ഫ്ലേവര്‍ ഉള്ള, എന്നാല്‍ ഗൗരവം ചോര്‍ന്ന് പോവരുതാത്ത നരേഷനില്‍ മമ്മൂട്ടിക്ക് മികച്ച പിന്തുണയാണ് ഗോകുല്‍ നല്‍കിയിരിക്കുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജി വെങ്കടേഷ് മാധുരിയായി എത്തുമ്പോള്‍ നന്ദിതയെന്ന ഡാന്‍സര്‍ കഥാപാത്രത്തെ സുഷ്മിത ഭട്ടും അവതരിപ്പിച്ചിരിക്കുന്നു.

ഡൊമിനിക്കിനെ അവതരിപ്പിച്ചതിന് ശേഷം വൈകാതെ പ്രധാന അന്വേഷണത്തിലേക്ക് കടക്കുകയാണ് ഗൗതം വസുദേവ് മേനോന്‍. സിങ്ക് സൗണ്ടും സ്വാഭാവിക ചിത്രീകരണവുമൊക്കെയായി പോകുന്ന ചിത്രത്തില്‍ കോമഡിയുടെ ഒരു നേര്‍ത്ത ലെയര്‍ കൂടി വരുന്നതോടെ ഒരു വേറിട്ട റെസിപ്പി ആവുന്നുണ്ട് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്. വിഷ്ണു ആര്‍ ദേവ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. റെഫറന്‍സുകള്‍ അധികം ഇല്ലാത്ത ഇത്തരം ഒരു ചിത്രത്തിന് ചേരുന്ന തരത്തിലുള്ള ഒരു വിഷ്വല്‍ ഗ്രാമര്‍, അതും വിശ്വസനീയമായി സൃഷ്ടിച്ചിട്ടുണ്ട് വിഷ്ണു. ഗൗതം മേനോന്‍റെ വിശ്വസ്തനായ എഡിറ്റര്‍ ആന്റണിയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ദര്‍ബുക ശിവയുടേതാണ് സംഗീതം. വന്‍ ശബ്ദഘോഷങ്ങളുള്ള പശ്ചാത്തല സംഗീതം പലപ്പോഴും ആഘോഷിക്കപ്പെടുന്നകാലത്ത് അതിലും മിനിമല്‍ ആയിട്ടുണ്ട് ഗൗതം മേനോന്‍. അതേസമയം ചിത്രം ആവശ്യപ്പെടുന്ന നിഗൂഢതയുടേതായ മൂഡ് ലളിതമായി സൃഷ്ടിച്ചിട്ടുമുണ്ട് ദര്‍ബുക ശിവ. ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയ ഷാജി നടുവിലിന്‍റേതും മികച്ച വര്‍ക്ക് ആണ്. രണ്ടര പതിറ്റാണ്ടിന്‍റെ അനുഭവ പരിചയമുള്ള ഒരു സംവിധായകന്‍റെ കൈയൊപ്പ് ചിത്രത്തില്‍ ഉടനീളം കാണാം.

വലിയ ബഹളങ്ങളില്ലാതെ കഥ പറഞ്ഞിരുന്ന ഒരു കാലത്തെ മലയാള സിനിമയോട് എവിടെയോ ചാര്‍ച്ചയുണ്ട് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സിന്. അതേസമയം അതിന്‍റെ സമീപനം പുതുമയുള്ളതുമാണ്. വേറിട്ട, പുതുമയുള്ള ആഖ്യാനങ്ങളുമായി എത്തുന്ന കാര്യത്തില്‍ ആറാമത്തെ ചിത്രത്തിലും മാറ്റമൊന്നും വരുത്തിയിട്ടില്ല മമ്മൂട്ടി കമ്പനി.
ALSO READ : 156 കോടിയില്‍ നില്‍ക്കില്ല; ബാലയ്യയുടെ 'ഡാകു മഹാരാജ്' ഹിന്ദി റിലീസിന്
