പ്രശസ്ത കലാസംവിധായക ജ്യോതിഷ് ശങ്കറിന്‍റെ സംവിധാന അരങ്ങേറ്റം

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊന്‍മാന്‍. ഇന്നാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ആദ്യ ഷോകള്‍ക്കിപ്പുറം സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. 

അജേഷ് പി പി എന്ന കഥാപാത്രമായാണ് ബേസില്‍ സ്ക്രീനില്‍ എത്തിയിരിക്കുന്നത്. ബേസിലിന്‍റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനമെന്ന് പ്രേക്ഷകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇതുവരെ അവതരിപ്പിച്ചവയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഇതാണെന്ന് ബേസിലും റിലീസിന് മുന്നോടിയായി പറഞ്ഞിരുന്നു. ഇന്ദുഗോപന്‍റെ രചനകളെ ആസ്പദമാക്കി ഇതുവരെ ഒരുങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ചത് എന്നാണ് ഒരു കമന്‍റ്. സനു ജോണ്‍ വര്‍ഗീസിന്‍റെ ഛായാഗ്രഹണത്തിനും ജസ്റ്റിന്‍ വര്‍ഗീസിന്‍റെ സംഗീതത്തിനും കൈയടി ലഭിക്കുന്നുണ്ട്. ഒപ്പം ചിത്രത്തിന്‍റെ കുറഞ്ഞ ദൈര്‍ഘ്യവും പ്ലസ് ആയെന്നും അഭിപ്രായങ്ങള്‍ എത്തുന്നുണ്ട്. 2 മണിക്കൂര്‍ 7 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. സജിന്‍ ഗോപുവിന്‍റെ പ്രകടനത്തിനും കൈയടി ലഭിക്കുന്നുണ്ട്.

Scroll to load tweet…
Scroll to load tweet…

ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സ്റ്റെഫി എന്ന നായികാ കഥാപാത്രമായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് പറമ്പോല്‍, രാജേഷ് ശർമ, സന്ധ്യ രാജേന്ദ്രൻ, ജയ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 

ALSO READ : ജനപ്രീതിയുടെ ഉയരങ്ങളില്‍; 200 എപ്പിസോഡുകള്‍ പിന്നിട്ട് 'സാന്ത്വനം 2'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം