തമിഴ് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിക്കുന്നു; 'മാസ്റ്റര്‍' എഡിറ്റിംഗ് നാളെ മുതല്‍

By Web TeamFirst Published May 11, 2020, 9:11 PM IST
Highlights

നിര്‍ത്തിവച്ചിരിക്കുന്ന സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന് തമിഴ്‍നാട് മുഖ്യമന്ത്രിയോട് ഫെഫ്‍സി അഭ്യര്‍ഥിച്ചിരുന്നു. 

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന തമിഴ് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍‌ പുനരാരംഭിച്ചു. ഷങ്കറിന്‍റെ ഇന്ത്യന്‍ 2 അടക്കം അഞ്ച് ചിത്രങ്ങളുടെ ജോലികള്‍ ഇന്ന് ആരംഭിച്ചു. വിജയ് നായകനാവുന്ന ലോകേഷ് കനകരാജി ചിത്രം മാസ്റ്റര്‍ ഉള്‍പ്പെടെ എട്ട് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നാളെ ആരംഭിക്കും. ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

നിര്‍ത്തിവച്ചിരിക്കുന്ന സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന് തമിഴ്‍നാട് മുഖ്യമന്ത്രിയോട് ഫെഫ്‍സി അഭ്യര്‍ഥിച്ചിരുന്നു. സിനിമകളുടെ ഡബ്ബിംഗ്, സൗണ്ട് മിക്സിംഗ്, റീ റെക്കോര്‍ഡിംഗ്, എഡിറ്റിംഗ് എന്നിവയ്ക്കൊപ്പം സീരിയല്‍ ചിത്രീകരണവും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സംഘടനയുടെ അഭ്യര്‍ഥന. ഇതുകൊണ്ട് സംഘടനയിലെ അന്‍പത് ശതമാനത്തിനെങ്കിലും വരുമാനം ലഭിക്കുമെന്നും സംഘടന മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും സിനിമാ സംഘടനകളുടെയും സഹായത്താല്‍ തങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ക്ക് ഇത്രയും ദിവസം ചില സഹായങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞെന്നും എന്നാല്‍ മുന്നോട്ടും തൊഴില്‍ മുടങ്ങുന്ന സാഹചര്യമാണെങ്കില്‍ അത് കഴിയില്ലെന്നും പട്ടിണി മരണങ്ങള്‍ പോലും സംഭവിച്ചേക്കാമെന്നും ഫെഫ്‍സി പ്രസിഡന്‍റ് ആര്‍ കെ ശിവമണി പറഞ്ഞിരുന്നു. ഫെഫ്‍സിയെ കൂടാതെ തമിഴ് സിനിമാ നിര്‍മ്മാതാക്കളും സര്‍ക്കാരിനോട് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

ഇന്ത്യന്‍ 2, രാംഗി, ചക്ര, ധര്‍മ്മരാജ് ഫിലിംസിന്‍റെ പേരിടാത്ത ചിത്രം, വെള്ളൈ യാണൈ എന്നീ സിനിമകളുടെ ജോലികളാണ് ഇന്ന് തുടങ്ങിയത്. വിജയ് നായകനാവുന്ന മാസ്റ്റര്‍,  ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ഡോക്ടര്‍, ചിന്നതാ ഒരു പടം, കപടതാരി, പെയ് മാമ, കുംകി 2, ബദാം ഖീര്‍, ഐപിസി 276 തുടങ്ങിയ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നാളെ തുടങ്ങും. 

click me!