തിയറ്ററുകള്‍ ഉടനടി തുറക്കില്ല, സിനിമ മേഖലയെ അഭിനന്ദിച്ചും കേന്ദ്ര മന്ത്രി

By Web TeamFirst Published Jun 3, 2020, 2:07 PM IST
Highlights

എപ്പോഴായിരിക്കും സിനിമ തിയറ്ററുകള്‍ തുറക്കുകയെന്ന കാര്യത്തില്‍ തീരുമാനമായില്ല.

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. ഇപ്പോഴും ലോക്ക് ഡൗണിലുമാണ്. വലിയ ബുദ്ധിമുട്ടുകളാണ് രാജ്യം അനുഭവിക്കുന്നത്. കൊവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യത്തെ സിനിമ തിയറ്ററുകള്‍ എല്ലാം നേരത്തെ തന്നെ അടച്ചിട്ടിരുന്നു. എപ്പോഴാണ് തിയറ്ററുകള്‍ തുറക്കാനാകുക എന്ന് സിനിമ പ്രേക്ഷകര്‍ ചോദിക്കുന്നുമുണ്ട്. എന്തായാലും ഉടനടി തിയറ്ററുകള്‍ തുറക്കാൻ തീരുമാനമുണ്ടാകില്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്.

സിനിമ തിയറ്ററുകള്‍ തുറക്കുന്നതു സംബന്ധിച്ചും പ്രൊഡക്ഷൻ സംബന്ധിച്ച ചര്‍ച്ചകള്‍ക്കുമായി സിനിമ പ്രതിനിധികളുമായി പ്രകാശ് ജാവദേകര്‍ വീഡിയോ കോണ്‍ഫ്രൻസ് നടത്തിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ സിനിമ മേഖല നേരിടുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ കൂടിയായിരുന്നു യോഗം. സിനിമ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണ് കേന്ദ്ര മന്ത്രി ആദ്യം ചെയ്‍തത്. ഇന്ത്യയില്‍ 9,500ലധികം സ്‍ക്രീനുകളുണ്ട്. കൊവിഡ് ഭീഷണിയെ തുടര്‍ന്ന് മാര്‍ച്ചിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ തിയറ്ററുകള്‍ അടച്ചിട്ടിരുന്നത്. കേന്ദ്ര തീരുമാനത്തിനു മുന്നേ തന്നെ കേരളവും മഹാരാഷ്‍ട്രയും അടക്കമുള്ള സംസ്ഥാനങ്ങള്‍ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്‍തതിനാല്‍ അവിടങ്ങളിലെ തിയറ്ററുകള്‍ അപ്പോള്‍തന്നെ അടക്കുകയും ചെയ്യിരുന്നു. വലിയ നഷ്‍ടമാണ് സിനിമ മേഖല നേരിടുന്നത്. രാജ്യത്തെ സിനിമ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന കഷ്‍ടപ്പാടുകളെ കുറിച്ച് മന്ത്രി പരാമര്‍ശിച്ചു. എന്തായാലും ഉടനടി തിയറ്ററുകള്‍ തുറക്കാനുള്ള തീരുമാനമില്ലെന്നാണ് വ്യക്തമാകുന്നത്. ജൂണിലെ കൊവിഡ് രോഗബാധ സ്ഥിതിയും കൂടി പരിശോധിച്ചതിന് ശേഷമായിരിക്കും തിയറ്ററുകള്‍ തുറക്കാൻ തീരുമാനമെടുക്കുക എന്നാണ് പ്രകാശ് ജാവദേകര്‍ സൂചിപ്പിച്ചത്. സിനിമ മേഖലയുടെ തിരിച്ചുവരവിന് പ്രതിനിധികള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

click me!