ഒപ്പം അഭിനയിക്കാനായത് മഹാഭാ​ഗ്യം; മോഹൻലാലിന് അഭിനന്ദനവുമായി പ്രകാശ് വർമ

Published : Sep 21, 2025, 08:14 AM IST
mohanlal

Synopsis

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് അഭിനന്ദന പ്രവാഹം. സെപ്റ്റംബർ 23-ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച് ഇന്ത്യൻ സിനിമയുടെ നെറുകയിൽ നിൽക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. കഴിഞ്ഞ ദിവസം മുതൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഒട്ടനവധി പ്രശംസാപ്രവാഹങ്ങളാണ് അദ്ദേഹത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം അഭിനയിക്കാനായത് മഹാഭാ​ഗ്യമെന്ന് പറയുകയാണ് നടൻ പ്രകാശ് വർമ. എല്ലാവരെയും പോലെ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും മോഹൻലാലിന് അർഹിച്ച അം​ഗീകാരമാണിതെന്നും പ്രകാശ് വർമ പറയുന്നു.

"എല്ലാവരേയും പോലെ സന്തോഷവും വളരെയധികം അഭിമാനവും തോന്നുന്നു. ഫാദർ ഓഫ് സിനിമയാണ് ഫാൽകെ. ലലേട്ടനെ സംബന്ധിച്ച് അർ​ഹിച്ച അം​ഗീകാരമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ എത്രയോ വർഷമായി ഒട്ടനവധി വേഷങ്ങൾ ചെയ്ത് വരുന്ന ആളാണ്. ശരിക്കും അഭിമാനം തോന്നുന്നു. തുടരും എന്ന സിനിമയിൽ അദ്ദേഹത്തോടൊപ്പം മുഴുനീളെ കഥാപാത്രം ചെയ്യാൻ പറ്റി എന്ന് ആലോചിക്കുമ്പോൾ ശരിക്കും മഹാഭാ​ഗ്യമായി കരുതുന്നു. അദ്ദേഹം ഇത് തുടർന്ന് കൊണ്ടേയിരിക്കും. ഇനിയും ധാരാളം പുരസ്കാരങ്ങളും നല്ല നല്ല കഥാപാത്രങ്ങളും ലഭിച്ചു കൊണ്ടേയിരിക്കും. മലയാളികൾക്കെല്ലാവർക്കും അഭിമാനിക്കാവുന്നൊരു സമയമാണിത്. എന്നെ വളരെ അധികം പ്രചോദിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ലാലേട്ടൻ. ഒരഞ്ച് മിനിറ്റ് സംസാരിച്ചാൽ നമ്മൾ സംസാരിക്കുന്നത് മോഹൻലാലിനോടാണെന്ന് മറന്ന് പോകുന്ന, അത്രയും കൺഫെർട്ടബിളാക്കുന്ന മനുഷ്യനാണ്. തുടരുമിൽ 80 ദിവസത്തോളം കൂടെ നിൽക്കാൻ സാധിച്ച വ്യക്തിയാണ് ഞാൻ. ഒരു സംവിധായകൻ, നടൻ, സാധാരണ ഒരു മനുഷ്യൻ എന്ന നിലയിലെല്ലാം ഒരുപാട് മാറ്റങ്ങൾ എനിക്ക് വന്നിട്ടുണ്ട്. സ്ക്രീനിനു മുന്നിൽ മാജിക്കൽ എഫക്ട് ആണ് അദ്ദേഹം. ധാരാളം പഠിക്കാൻ ഉള്ള വ്യകതി. പരസ്യ ചിത്രം ഷൂട്ട്‌ ചെയ്തപ്പോൾ അത്ഭുതത്തോടെയാണ് അദ്ദേഹത്തെ ക്യാമറയ്ക്ക് പിന്നിൽ നിന്ന് കണ്ടത്. അഭിനയത്തിൽ ഒരു കുഞ്ഞിന്റെ മനസ്സാണ് അദ്ദേഹത്തിന്. ഒരു തുടക്കക്കാരനെ പോലെ ആവേശത്തോടെയാണ് ഇപ്പോഴും അഭിനയിക്കുന്നത്", എന്നായിരുന്നു പ്രകാശ് വർമയുടെ വാക്കുകൾ.

ഫാൽക്കെ പുരസ്കാര തിളക്കത്തിനിടെ മോഹൻലാൽ ഇന്ന് രാവിലെ കൊച്ചിയിൽ എത്തി. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. 2025 സെപ്തംബർ 23ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു