ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷെയ്ൻ അനുശോചനം അറിയിച്ചത്.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഷെയ്ൻ നിഗം. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷെയ്ൻ അനുശോചനം അറിയിച്ചത്. 'ചിരിയുടെ പുതിയ അദ്ധ്യായങ്ങളുമായി മലയാളി മനസ്സുകളെ ഇന്നത്തെ ലോകത്തിൻ്റെ സാമൂഹിക ചിന്തകളിലേക്ക് നേർകാഴ്ചയായി നിന്ന ശ്രീനിയേട്ടനും അദ്ദേഹത്തിൻ്റെ സിനിമകളും ഒരു സാധാരണക്കാരൻ്റെ ശബ്ദമായി എന്നും നമ്മുടെ മനസ്സുകളിൽ ജീവിക്കും... പ്രിയപ്പെട്ട ശ്രീനിയേട്ടന്, പ്രണാമം' ഷെയ്ൻ കുറിച്ചു.
അതേസമയം കലാ- സാംസ്കാരിക- രാഷ്ട്രീയ രംഗത്തുള്ള നിരവധി പേരാണ് ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാനായി ടൗൺഹാളിൽ എത്തിച്ചേർന്നത്. മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തി. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാന നോക്കുകാണാനെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. നാലുമണിവരെയാണ് പൊതുദർശന സമയം നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് സിനിമാലോകം.


