
തുടരും എന്ന ചിത്രത്തിലെ ജോര്‍ജ് സാര്‍ ആയാണ് പ്രകാശ് വര്‍മ്മയെ മലയാളികളില്‍ ഒരു നല്ല ശതമാനവും ആദ്യമായി അറിഞ്ഞത്. എന്നാല്‍ സിനിമക്കാരെ സംബന്ധിച്ച് അത് അങ്ങനെയല്ല. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ പരസ്യ സംവിധായകരിലെ ഈ മലയാളിയെ അവരില്‍ പലര്‍ക്കും മുന്‍പേ അറിയാമായിരുന്നു. താരങ്ങളെ സംബന്ധിച്ച് അവരില്‍ പലരും അദ്ദേഹം ഒരുക്കിയ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. നിര്‍വ്വാണ ഫിലിംസ് എന്ന അദ്ദേഹത്തിന്‍റെ പരസ്യ ഏജന്‍സി വേറിട്ട പരസ്യ ചിത്രങ്ങളുടെ പേരില്‍ ഒട്ടേറെ തവണ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ പരസ്യ മേഖലയിലെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിരിക്കുകയാണ് അദ്ദേഹം.
പരസ്യ ചിത്രങ്ങളിലെ മികവിനുള്ള ഗുഡ് ആഡ്സ് മാറ്ററിന്‍റെ 2006 ലെ പുരസ്കാരങ്ങളിലാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് പ്രകാശ് വര്‍മ്മയെ തേടിയെത്തിയത്. മോഹന്‍ലാലിനൊപ്പം താനും അഭിനയിച്ച വിന്‍സ്‍മേര ജ്വല്ലറിയുടേതടക്കം മൂന്ന് പരസ്യ ചിത്രങ്ങളുടെ സംവിധാന മികവിനാണ് അവാര്‍ഡ്. രാംകോ ഹാര്‍ഡ്‍വര്‍ക്കര്‍ സിമെന്‍റിന്‍റേതാണ് മറ്റ് രണ്ട് പരസ്യ ചിത്രങ്ങള്‍. ഇതില്‍ വിന്‍സ്‍മേര ജ്വല്ലറിയുടെ പരസ്യചിത്രം റിലീസ് സമയത്തു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതാണ്. ഒരു ജ്വല്ലറി പരസ്യത്തില്‍ അഭിനയിക്കാനെത്തുന്ന നടന്‍ അതിനായി ആഭരണം ധരിക്കുമ്പോള്‍ തന്നിലെ സ്ത്രീഭാവത്തെ അറിയുന്നു എന്ന ആശയത്തില്‍ ഊന്നിയായിരുന്നു പ്രസ്തുത ചിത്രം. മോഹന്‍ലാലിന്‍റെ പ്രകടനം കൊണ്ടും ശ്രദ്ധേയമായിരുന്നു ഇത്.
അതേസമയം തുടരുമില്‍ ഒരുമിച്ച് അഭിനയിക്കുന്നതിന് മുന്‍പേ പ്രകാശ് വര്‍മ്മയുടെ സംവിധാനത്തില്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മോഹന്‍ലാല്‍. ഇരുവര്‍ക്കുമിടയില്‍ വലിയ സൗഹൃദവുമുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ഇടവേളയ്ക്ക് ശേഷം ഒരുമിച്ച് അഭിനയിച്ച പേട്രിയറ്റ് എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുവേണ്ടി തയ്യാറാക്കിയ ഷോയിലും ഒരു ശ്രദ്ധേയ സാന്നിധ്യമായി പ്രകാശ് വര്‍മ്മ എത്തിയിരുന്നു. തുടരുമിന് ശേഷം പ്രകാശ് വര്‍മ്മ അഭിനയിക്കുന്ന ചിത്രം രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ ആയിരുന്നു. ഈ സിനിമയുടെ ചിത്രീകരണം ഏറെ മുന്നോട്ട് പോയിരുന്നു. എന്നാല്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് വന്നതിന് ശേഷം ഈ ചിത്രത്തെക്കുറിച്ച് അപ്ഡേറ്റുകളൊന്നും വന്നിട്ടില്ല. ഈ ചിത്രത്തില്‍ ബ്ലാക്കില്‍ താന്‍ അവതരിപ്പിച്ച കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ