
നാടക രംഗത്തുനിന്നും എത്തി മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കിയ നടനാണ് പ്രമോദ് വെളിയനാട്. കിംഗ് ഓഫ് കൊത്തയിലാണ് പ്രമോദ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം നേടാൻ സാധിച്ചിരുന്നില്ല. റിലീസിന് മുന്നോടിയായി പ്രമോദ് കൊത്തയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ട്രോളുകളിൽ നിറയെ. തിയറ്ററിൽ പ്രകമ്പടനം സൃഷ്ടിക്കുന്ന ചിത്രമാകും കിംഗ് ഓഫ് കൊത്ത എന്നെല്ലാം ആയിരുന്നു പ്രമോദിന്റെ പ്രതികരണം. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രമോദ് വെളിയനാട്.
തന്നെ സംബന്ധിച്ചിടത്തോളം കിംഗ് ഓഫ് കൊത്ത ബമ്പർ ഹിറ്റാണെന്ന് പ്രമോദ് പറയുന്നു. താനാണ് തള്ള് തുടങ്ങിയതെന്ന് പറഞ്ഞ് നിരവധി സൈബർ ആക്രമണങ്ങൾ നേരിടുന്നുവെന്നും തനിക്ക് ഒരുനേരത്തെ ഭക്ഷണം തന്ന്, വീട്ടിലേക്ക് ഒരുനേരത്തെ ആഹാരം തന്ന സിനിമയെ കുറിച്ച് മോശം പടമാണെന്ന് പറയണമോ എന്നും പ്രമോദ് ചോദിക്കുന്നു. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രമോദ് വെളിയനാടിന്റെ വാക്കുകൾ
എനിക്ക് നൂറിൽ നൂറ്റമ്പതാണ് ആ സിനിമ. അഭിമുഖത്തിനിടയിൽ ഞാൻ കുറച്ച് കമന്റുകൾ സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. എന്റെ ജീവിതത്തിൽ അത്രയും വലിയൊരു സിനിമ ഞാൻ ചെയ്തിട്ടില്ല. അത്രയും ഫെസിലിറ്റി എനിക്കൊരു സിനിമയും തന്നിട്ടില്ല. അത്ഭുതലോകത്ത് നിന്ന് കാണുന്നത് പോലെയാണ് ഞാൻ സിനിമയെ കണ്ടത്. അപ്പോഴെനിക്ക് മനസിലായി ഈ സിനിമ ബമ്പർ ഹിറ്റായിരിക്കുമെന്ന്. അത് ഞാൻ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിൽ നായകന് നൂറ് കയ്യടി കിട്ടിയാൽ, അതിൽ പത്ത് കയ്യടി ഞാൻ എടുക്കുമെന്ന് പറഞ്ഞു. കാരണം അത് നായകന്റെ ഇൻട്രോ സീൻ ആണ്. എന്നെ കൊല്ലുന്നതാണ് പുള്ളിയുടെ ഇൻട്രോ. ഞാനാണ് തള്ള് തുടങ്ങിയതെന്ന് പറഞ്ഞ് ഇനി പറയാൻ ഒന്നുമില്ല. എനിക്ക് ഒരുനേരത്തെ ഭക്ഷണം തന്ന്, വീട്ടിലേക്ക് ഒരുനേരത്തെ ആഹാരം തന്ന സിനിമയെ കുറിച്ച് ഞാൻ മോശം പടമാണെന്ന് പറയണമോ ? നിങ്ങളെ കുറിച്ച് നിങ്ങളുടെ മാതാപിതാക്കൾക്ക് എന്ത് അഭിപ്രായമാണ് ? നല്ലതായിരിക്കും. പക്ഷേ ആ അഭിപ്രായം നാട്ടുകാർക്ക് വേണമെന്ന് വാശിപിടിക്കരുത്. എനിക്ക് ആ സിനിമ പൊന്നാണ്. എന്റെ കരിയറിൽ എടുത്ത് വയ്ക്കാൻ പറ്റിയ സിനിമയാണ്. അതിനെ മോശമാണെന്ന് പറയണമോ? ഞാൻ തള്ളിയതല്ല എന്റെ പൊന്ന് ചങ്ങാതിമാരെ. ഞാൻ കണ്ട കാഴ്ചകളാണ് പറഞ്ഞത്. നിങ്ങൾക്ക് ആ കാഴ്ച കാണാൻ സാധിച്ചില്ലെങ്കിൽ അതെന്റെ കുഴപ്പം കൊണ്ടല്ല. വേദന ആയിപ്പോയി. സത്യമായിട്ടും സഹിക്കാൻ വയ്യാത്ത വേദന ആയിപ്പോയി.
മഞ്ജു വാര്യർക്ക് വീണ്ടും തമിഴ് തിളക്കം; ഇത്തവണ സാക്ഷാൽ രജനികാന്തിന് ഒപ്പം, ഫഹദും ഉണ്ടാകുമോ ?
മലയാള നാടക വേദിയുടെ നെറുകയിൽ നിന്നാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. അമ്പലപറമ്പിലും പള്ളിപ്പറമ്പിലും പട്ടി നടക്കുമ്പോലെ ഞാൻ നടന്നിട്ടുണ്ട്. ഒരു വേഷത്തിന് വേണ്ടി. പണ്ട് വെള്ളിനക്ഷത്രവും നാനയുമൊക്കെ വായിക്കും. ഇവരെ പോലെ ആകണം എന്ന കൊതിയായിരുന്നു. മമ്മൂക്ക ഒരു ജീൻസിന്റെ ഷർട്ടും പാന്റും ഇട്ട് കാറിന് മുന്നിൽ നിൽക്കുന്ന ഒരു പടം ഞാൻ വെട്ടിയെടുത്ത് ആ മുഖത്തിൽ എന്റെ പടം ഒട്ടിച്ചവനാണ് ഞാൻ. ഭിത്തിയിൽ അത് ഒട്ടിച്ചിട്ട് നോക്കി കിടക്കും. അവിടെ വരണം എന്ന് ആഗ്രഹമായിരുന്നു. അവിടുന്നാണ് ഞാൻ ഇപ്പോൾ ഇവിടെ വന്ന് നിൽക്കുന്നത്. എനിക്കിത് സ്വർഗം ആണ്. ഞാൻ ജോലി ചെയ്ത ഒരു സിനിമ നല്ലത് ആണെന്നല്ലാതെ ഞാൻ എന്താ പറയേണ്ടത്. അങ്ങനെ പറയാൻ സാധിക്കുമോ. ഇവനാണ് തള്ളിത്തുടങ്ങിയത് എന്നൊക്കെയാണ് പറയുന്നത്. ഞാൻ കണ്ടതാണ് നിങ്ങളോട് പറഞ്ഞത്. പ്ലീസ് ഉപദ്രവിക്കരുത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ