'ഈ സ്‍നേഹത്തിന് നന്ദി'; 'ഹൃദയം' റിലീസിനു ശേഷം പ്രണവിന്‍റെ ആദ്യ പ്രതികരണം

Published : Jan 22, 2022, 06:59 PM IST
'ഈ സ്‍നേഹത്തിന് നന്ദി'; 'ഹൃദയം' റിലീസിനു ശേഷം പ്രണവിന്‍റെ ആദ്യ പ്രതികരണം

Synopsis

പ്രണവ് നായകനായെത്തിയ മൂന്നാം ചിത്രം

പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal) നായകനായെത്തുന്ന മൂന്നാമത്തെ ചിത്രമാണ് വിനീത് ശ്രിനിവാസന്‍റെ (Vineeth Sreenivasan) സംവിധാനത്തില്‍ ഇന്നലെ തിയറ്ററുകളിലെത്തിയ 'ഹൃദയം' (Hridayam). വിനീതും പ്രണവും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷകളുമായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കൊവിഡ് സാഹചര്യമായിട്ടും ആദ്യദിനം ഭൂരിഭാഗം സെന്‍ററുകളിലും ഹൗസ്‍ഫുള്‍ ഷോകള്‍ കളിച്ച ചിത്രത്തിന് മികച്ച പ്രതികരണവുമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ 'ഹൃദയ'ത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍.

'നാടോടിക്കാറ്റി'ലെ ഒരു ശ്രദ്ധേയ രംഗത്തിന്‍റെ ലൊക്കേഷനായിരുന്ന ചെന്നൈ ബസന്ത് നഗര്‍ ബീച്ചില്‍ നിന്നുള്ള തന്‍റെയും വിനീതിന്‍റെയും ചിത്രമാണ് പ്രണവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. "കീഴടക്കിക്കളയുന്ന ഈ പ്രതികരണങ്ങള്‍ക്കും സ്‍നേഹത്തിനും എല്ലാവര്‍ക്കും നന്ദി. അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നുന്നു", ചിത്രത്തിനൊപ്പം പ്രണവ് കുറിച്ചു. പ്രണവിനൊപ്പമുള്ള ഇതേ ചിത്രം വിനീത് ശ്രിനിവാസനും ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

'അരുണ്‍ നീലകണ്ഠന്‍' എന്ന യുവാവിന്‍റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിതത്തെ പിന്തുടരുകയാണ് ചിത്രം. തമിഴ്നാട്ടിലെ ഒരു പ്രൊഫഷണല്‍ കോളെജില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായി എത്തുന്നത് മുതല്‍ അയാളുടെ വിവാഹജീവിതത്തിന്‍റെ ആദ്യ ഘട്ടം വരെയാണ് ചിത്രം പറയുന്നത്. പ്രണവ് ആണ് അരുണ്‍ നീലകണ്ഠനെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് നായികമാരാണ് ചിത്രത്തില്‍. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീതം പകര്‍ന്നിരിക്കുന്ന 15 പാട്ടുകളാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. 

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ