സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റനെ ഫാത്തിമ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ വന്ന അശ്ലീല കമന്റിനെതിരെ പ്രതികരിച്ച് വ്ളോഗറും ബിഗ് ബോസ് സീസൺ 7 മൽസരാർത്ഥിയുമായ റെന ഫാത്തിമ. സഹിച്ചിരിക്കാം എന്നു കരുതിയിരിക്കില്ലെന്നും സൈബർ ബുള്ളിയിങ്ങിനെതിരെ ശബ്‍ദമുയർത്തണം എന്നും റെന പറയുന്നു.
''ഉറങ്ങാൻ പോകുന്നതിനു മുൻപു കണ്ട മെസേജ് ആണ്. ഇതു കണ്ടപാടേ ആ ഉറക്കം പോയി. കാര്യങ്ങൾ ഒന്നു മെച്ചപ്പെട്ടു വരുന്നു എന്നാണ് ഞാൻ കരുതിയത്. എന്നാൽ അങ്ങനെയല്ല, വീണ്ടും വീണ്ടും മോശമാവുകയാണ്. എനിക്ക് ഒരു സമാധാനം ലഭിക്കാനും അയച്ചവരെ ഒരു പാഠം പഠിപ്പിക്കാനും ഞാൻ അപ്പോൾ തന്നെ സൈബർ സെല്ലിൽ പരാതി നൽകി. ഇതിന് മുൻപും പരാതി നൽകുകയും അയാളെ സ്റ്റേഷനിലേക്ക് പൊലീസ് പിടിച്ചുകൊണ്ടുവരികയും ചെയ്‍തിട്ടുണ്ട്. ഇക്കാര്യത്തിൽ ഞാൻ കേരള പോലീസിനെ വിശ്വസിക്കുന്നു.
ഒരു പ്രാവശ്യം ഞാൻ പരാതി കൊടുത്തു, കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്‍തതെന്നും അതുകൊണ്ട് ഇനി പരാതിയൊന്നും കൊടുക്കില്ല എന്നും നിങ്ങൾ കരുതുന്നുണ്ടാവും. എന്നാൽ അങ്ങനെയല്ല. ഇതുപോലത്തെ എത്ര വൃത്തികെട്ട മെസേജ് ലഭിക്കുന്നോ, കമന്റ് ലഭിക്കുന്നോ അത്രയും ഞാൻ പരാതി നൽകും. ആളുകളെ കണ്ടും പിടിക്കും. നമ്മുടെ നാട് ഇങ്ങനെയാണ്. നമുക്ക് ഇത് സഹിച്ചിരിക്കാം എന്ന് പറഞ്ഞ് ഇതുപോലുള്ള സൈബർ ബുള്ളിയിങ്ങിനെതിരെ മിണ്ടാതിരിക്കരുത്. നമ്മൾ മിണ്ടാതിരിക്കുന്നത് കൊണ്ടാണ് ഇവർ വീണ്ടും ഇത് ആവർത്തിക്കുന്നത്. നമ്മൾ ശബ്ദം ഉയർത്തണം'', ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ റെന ഫാത്തിമ പറഞ്ഞു.
ബിഗ് ബോസ് സീസൺ 7 ൽ ഏറ്റവും പ്രായം കുറഞ്ഞ മൽസരാർത്ഥിയായിരുന്നു റെന ഫാത്തിമ. 19 വയസാണ് റെനയുടെ പ്രായം. കോഴിക്കോട് സ്വദേശിയായ റെന എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു റിയാക്ഷൻ വീഡിയോ ചെയ്യുന്നത്. അപ്രതീക്ഷിതമായി ആ വീഡിയോ തരംഗമാകുകയായിരുന്നു. പിന്നീടങ്ങോട്ടാണ് റെന യൂട്യൂബിൽ സജീവമായത്. ഫാഷൺ വ്‌ളോഗുകളും, ഡെയ്‍ലി വ്‌ളോഗുകളും റെന ചെയ്യുന്നുണ്ട്. ഇതിനിടെയിലാണ് ബിഗ് ബോസിലേക്ക് റെനയ്‍ക്ക് അവസരം ലഭിച്ചത്.
